ന്യൂഡൽഹി: ഇസ്രയേലും അമേരിക്കയും ആക്രമണം തുടർന്നാൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമിടുമെന്ന് ഇറാന്റെ ഭീഷണി. ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ISNA വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിൽ പുതിയതായി സ്ഥാനമേൽക്കുന്നയാൾ ആരായാലും അത് ഉന്മൂലനത്തിനുള്ള ലക്ഷ്യമായിരിക്കുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി. ഖമനേയിയുടെ മകൻ മൊജ്തബ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഇറാൻ നിഷേധിക്കുകയും ചെയ്തു.

To advertise here,

ഡിമോണ ആണവകേന്ദ്രം എന്നറിയപ്പെടുന്ന ഷിമോൺ പെരെസ് നെഗേവ് ആണവ ഗവേഷണകേന്ദ്രം ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലാണ്. ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ബീർഷെബയിൽനിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് ഇത്. ജോർദാനിയൻ അതിർത്തിയിൽനിന്ന് ഏകദേശം 25 കിലോമീറ്റർ പടിഞ്ഞാറുവശത്തും ഈജിപ്ഷ്യൻ അതിർത്തിയിൽനിന്ന് 75 കിലോമീറ്റർ കിഴക്കുമായാണ് സ്ഥിതി ചെയ്യുന്നത്. ഡിമോണയിൽ നടത്തുന്ന ഏതൊരു ആക്രമണവും ഇസ്രയേലിനു മാത്രമല്ല, ജോർദാൻ, ഈജിപ്ത് പോലുള്ള അയൽരാജ്യങ്ങൾക്കും വലിയ അപകടമുണ്ടാക്കും.

ഇസ്രയേലിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഒന്നായ ഡിമോണ ഔദ്യോഗികമായി ഗവേഷണകേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ഇത്‌ ആണവകേന്ദ്രമാണെന്നാണ്‌ റിപ്പോർട്ട്. 1958-ലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത് 1962-നും1964-നും ഇടയിൽ പ്രവർത്തനക്ഷമമാവുകയും ചെയ്തു. ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, വികസനം, ഉത്പാദനം എന്നിവയുടെ പ്രധാന കേന്ദ്രമായി ഈ സ്ഥലം മാറി.

1977-1985 കാലഘട്ടത്തിൽ അവിടെ ജോലി ചെയ്തിരുന്ന മോർഡെകായ് വാനുനു എന്നയാൾ 1986-ൽ ഈ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് വരെ ഈ കേന്ദ്രം വളരെ രഹസ്യമായിരുന്നു. ഈ കേന്ദ്രത്തിലെ ഒട്ടേറെ ഫോട്ടകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ആണവ നിരോധന ഉടമ്പടിയിൽ (NPT) ഇസ്രയേൽ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ IAEA ഡിമോണ കേന്ദ്രം അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക്‌ പരിശോധിക്കാനും അധികാരമില്ല.

ഇസ്രയേലിന്റെ ആണവകേന്ദ്രങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യമിടാൻ ഇറാന് കഴിയുമോ എന്നത് സംശയാണെന്നാണ് വിദഗ്ധർ പറയുന്നത്. ഡിമോണയെ ലക്ഷ്യമിടാൻ ഇറാന് മിസൈൽ ശേഷിയുണ്ടെങ്കിലും ഇസ്രയേലിന്റെ നൂതന പ്രതിരോധ സംവിധാനങ്ങൾ കാരണം ഇത്തരമൊരു ആക്രമണത്തിന് സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്. ആരോ-2, ആരോ-3, ഡേവിഡ്സ് സ്ലിംഗ് എന്നിവകൊണ്ട് സംരക്ഷിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും സംരക്ഷിത സ്ഥലങ്ങളിൽ ഒന്നാണ് ഡിമോണ. കൂടാതെ അയൺ ബീം ലേസർ സംവിധാനവും ഇസ്രയേൽ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.