ടെഹ്റാൻ: ഇസ്രയേൽ യുഎസ് സംയുക്താക്രമണത്തെ ചെറുക്കാനാവശ്യമായ ആയുധങ്ങൾ ഇറാന് ലഭിക്കുന്നത് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നെന്ന് റിപ്പോർട്ട്. ഇറാനുമായി നേരിട്ട് ആയുധ ഇടപാടുകൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ ചൈന നിഷേധിച്ചിട്ടുണ്ടെങ്കിലും വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾ പല കോണിൽനിന്ന് ഉയരുന്നുണ്ട്.
നേരിട്ട് വൻ തോതിലുള്ള ആയുധ ഇറക്കുമതിയല്ല ഇറാൻ നടത്തുന്നത്. മറിച്ച് ചൈനയിൽനിന്ന് ഇറാൻ ചെറുഘടകങ്ങളുടെ ഇറക്കുമതി നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് പിന്നാലെ ചൈനയിൽനിന്ന് വൻതോതിൽ ആയുധങ്ങൾ വാങ്ങാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സൂപ്പർസോണിക് കപ്പൽവേധ മിസൈലായ സിഎം-302 ചൈനയിൽനിന്ന് വാങ്ങാനായി ഇറാൻ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയുടെ വൈ.ജെ.-12 മിസൈലിന്റെ കയറ്റുമതി പതിപ്പാണ് സിഎം-302. വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ യുദ്ധക്കപ്പലുകളെ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ മിസൈലെന്നതാണ് പ്രത്യേകത.
12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് പിന്നാലെയാണ് ഇറാൻ സൂപ്പർസോണിക് കപ്പൽവേധമിസൈലായ സിഎം 302 ചൈനയിൽനിന്ന് വാങ്ങാൻ തീരുമാനിച്ചത്. 2026 ഫെബ്രുവരിയോടടുത്ത് ഈ ഇടപാട് പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇറാൻ ഉദ്യോഗസ്ഥർ ചൈന സന്ദർശിച്ചതായുള്ള റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, ചൈന ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു.
ചൈനയിലെ എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത എച്ച്ക്യു-9ബി ദീർഘദൂര മിസൈലുകളേയും ഇറാൻ ആശ്രയിക്കുന്നുണ്ട്. 260 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഇതിന് സാധിക്കുമെന്നാണ് അവകാശവാദം. ഒരേസമയം 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും എട്ടോളം ലക്ഷ്യങ്ങളിൽ ആക്രമണം നടത്താനും ഇവയ്ക്ക് ശേഷിയുണ്ടെന്നും ചൈന അവകാശപ്പെട്ടിരുന്നു. ഇറാനിൽ ആണവ നിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും കാവലായാണ് ഇറാൻ എച്ച്ക്യു-9ബിയെ ആശ്രയിച്ചിരുന്നത്.
ചൈനയിൽ നിന്നുള്ള വൈഎൽസി- 8ബി റഡാറും ഇറാന്റെ കരുത്താണ്. 2025-ൽ ഇതിന്റെ വിതരണം ആരംഭിച്ചിരുന്നു. F-35, B-2 വിമാനങ്ങളെ കണ്ടെത്തുന്നതിൽ ഈ 3ഡി റഡാറുകൾ മികച്ചതാണെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Iran is reportedly enhancing its military capabilities with support from China and Russia., Key acquisitions may include the CM-302 supersonic anti-ship missile from China., Iran relies on China's HQ-9B long-range air defense system for protecting key sites., Advanced YLC-8B radar from China allegedly boosts Iran's stealth aircraft detection.
Published: 03 Mar 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented