
ടെഹ്റാൻ: ഇറാനെ ലക്ഷ്യമിട്ട് പുതിയ ഉപരോധം പ്രഖ്യാപിച്ചതിൽ അമേരിക്കയ്ക്കെതിരേ രൂക്ഷപ്രതികരണവുമായി ടെഹ്റാൻ. യുഎസ് നടപടി കേവലം ഇറാന് മാത്രമുള്ള പ്രശ്നമല്ലെന്നും അത് എല്ലാ സ്വതന്ത്ര്യരാജ്യങ്ങളുടെയും പരമാധികാരത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതാണെന്നും ഇറാന്റെ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മായിൽ ബാഘേയി പറഞ്ഞു. ഈ ഉപരോധങ്ങൾ കോളനിവത്കരണത്തിന്റെ തിരിച്ചുവരവിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നടപടികൾ ഒരു രാജ്യത്തിനെതിരായുള്ള സാമ്പത്തികയുദ്ധത്തിന് അപ്പുറം കടന്നതായും ബാഘേയി പറഞ്ഞു. ഇറാനുമായി മറ്റ് രാജ്യങ്ങളിലെ സർക്കാരുകൾ, ബാങ്കുകൾ, വ്യാപാരങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവ എങ്ങനെ ഇടപാടുകൾ നടത്തണമെന്ന് അമേരിക്ക നിശ്ചയിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിന്റെ അത്തരം സമ്മർദങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന രാജ്യങ്ങൾക്ക് അവരുടെ സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങൾക്ക് മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്നും ബാഘേയി മുന്നറിയിപ്പ് നൽകി.
ഒരു രാജ്യം മറ്റൊരു സ്വതന്ത്രരാജ്യത്തിലെ സ്ഥാപനങ്ങൾക്ക് മേൽ ചുമത്തുന്ന ദ്വിതീയ ഉപരോധങ്ങൾക്ക് അന്താരാഷ്ട്ര നിയമത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും ബാഘേയി പറഞ്ഞു. അത്തരം നടപടി, യുഎൻ ചാർട്ടറിന്റെ രണ്ടാം അനുച്ഛേദത്തിലെ ഒന്നാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക ഉപരോധം അന്താരാഷ്ട്ര കുറ്റകൃത്യവും തെറ്റായ നടപടിയുമാണ്. നാവിക ഉപരോധം നിലനിൽക്കവേ മറ്റ് ഉപരോധം ഏർപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിനുനേർക്ക് വീണ്ടും ഭീഷണി ഉയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Iran claims US sanctions threaten global sovereignty and resemble neo-colonialism., Foreign Ministry Spokesperson Esmaeil Baghaei criticized US attempts to dictate international trade and banking relations., Iran stated that secondary sanctions lack international legal basis and violate the UN Charter.
Published: 22 Aug 2026, 04:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented