
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ പാകിസ്താൻ വഹിക്കുന്ന മധ്യസ്ഥന്റെ പങ്കിനെ ചോദ്യം ചെയ്ത് ഇറാനിയൻ പാർലമെന്റ് അംഗം ഇബ്രാഹിം റെസായി രംഗത്തെത്തി. പാകിസ്താൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും അമേരിക്കൻ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്താൻ ഇറാന്റെ നല്ലൊരു അയൽരാജ്യവും സുഹൃത്തുമാണെങ്കിലും, ചർച്ചകൾക്ക് നേതൃത്വം നൽകാൻ ആവശ്യമായ വിശ്വാസ്യത അവർക്കില്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവായ റെസായി പറഞ്ഞു. പാകിസ്താൻ എപ്പോഴും ഡൊണാൾഡ് ട്രംപിന്റെ താല്പര്യങ്ങൾക്കൊപ്പം നിൽക്കുന്നവരാണെന്നും അമേരിക്കയുടെ ആഗ്രഹങ്ങൾക്കെതിരെ സംസാരിക്കാൻ അവർ തയ്യാറല്ലെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ലെബനൻ വിഷയത്തിലും മരവിപ്പിച്ച ഇറാനിയൻ ആസ്തികളുടെ കാര്യത്തിലും അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചപ്പോൾ പോലും പാകിസ്താൻ പ്രതികരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക ആദ്യം അംഗീകരിച്ച പല നിർദ്ദേശങ്ങളിൽ നിന്നും പിന്നീട് പിന്മാറിയപ്പോൾ അത് ലോകത്തോട് വിളിച്ചുപറയാൻ പാകിസ്താൻ തയ്യാറായില്ലെന്നും, ഒരു മധ്യസ്ഥൻ എപ്പോഴും നിഷ്പക്ഷനായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ആഴ്ച പാകിസ്താനിലും ഒമാനിലും ചർച്ചകൾക്കായി സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനെതിരെ കടുത്ത വിമർശനവുമായി റെസായി എത്തിയത്.
ആണവായുധ വിഷയത്തിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിലും ഇപ്പോഴും ഇറാനും അമേരിക്കയും വിരുദ്ധ ധ്രുവങ്ങളിലാണ് നിൽക്കുന്നത്. ഇത് സമാധാന കരാറിലേക്ക് എത്തുന്നതിന് തടസ്സമായി നിൽക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് ഇറാൻ തയ്യാറാണെങ്കിൽ അവർക്ക് തന്നെ ഫോൺ വിളിക്കാവുന്നതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ പാടില്ലെന്ന കർശന നിബന്ധനയും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്
ഫെബ്രുവരി 28-ന് ഇറാനുനേരെയുണ്ടായ അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും എണ്ണവിലയെയും ബാധിക്കുകയും ചെയ്ത ഈ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള സ്ഥിരമായ കരാറിൽ ഇരുരാജ്യങ്ങളും ഇതുവരെ എത്തിയിട്ടില്ല.
Content Highlights: Iranian MP Ebrahim Rezaei rejects Pakistan's credibility as a mediator in US-Iran talks., Claims Pakistan prioritizes US interests over neutral diplomacy., Ongoing tensions regarding nuclear weapons and Hormuz Strait transit remain unresolved., Impact of the February 28, 2026, US-Israel attack on the current peace negotiation stalemate.
Published: 27 Apr 2026, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented