വസ്ത്രധാരണം, സംസാരം, ഇന്റർനെറ്റ് ഉപയോഗം എന്നിവയിലുള്ള കടുത്ത നിയന്ത്രണങ്ങൾ പുതിയ തലമുറയെ ഭരണകൂടത്തിന് വിരുദ്ധമാക്കി. തിരഞ്ഞെടുപ്പിലൂടെ ഭരണവ്യവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന ബോധ്യം ജനങ്ങളെ തെരുവിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു.

ടെഹ്റാൻ: ഇറാനിലെ തെരുവുകൾ വീണ്ടും കത്തുകയാണ്. കറൻസിയുടെ മൂല്യത്തകർച്ചയും വർദ്ധിച്ചുവരുന്ന വിലക്കയറ്റവും ഭരണകൂടത്തോടുള്ള കടുത്ത രോഷവും ഇറാനിലെ തെരുവുകളെ തിളപ്പിക്കുകയാണ്. കമ്പോളങ്ങളെയും ഗ്രാമങ്ങളെയും ഒരേപോലെ നിശ്ചലമാക്കിയിരിക്കുന്നു. അഞ്ചുപതിറ്റാണ്ടിനിടെ ഇറാൻ വീണ്ടുമൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. 1979-ലെ ഇസ്ലാമിക വിപ്ലവം മുതൽ 2026-ലെ നിലവിലെ സാഹചര്യങ്ങൾ വരെ പരിശോധിക്കുമ്പോൾ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടി പൊട്ടിപ്പുറപ്പെട്ട നിരവധി പരാജയപ്പെട്ട പ്രക്ഷോഭങ്ങളുടെ ചരിത്രവും ഇറാനിലുണ്ട്. അഞ്ചു പതിറ്റാണ്ടിലേറെ നീളുന്ന വിപ്ലവങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഒരു സുദീർഘമായ, കലുഷിതമായ രാഷ്ട്രീയ സാഹചര്യമാണ് ഇറാനിലേത്. അസംതൃപ്തരായ സമൂഹത്തിന്റെ രോഷപ്രകടനങ്ങളായിരുന്നു അവയൊക്കെ. അതിന്റെ ചരിത്രം ഇങ്ങനെ പരിശോധിക്കാം.
1970കളുടെ അവസാനത്തിൽ ഷാ മുഹമ്മദ് റെസ പഹ്ലവിയുടെ പാശ്ചാത്യ അനുകൂല ഭരണത്തിനെതിരെ വിദ്യാർഥികളും മതപുരോഹിതരും തൊഴിലാളികളും ഒന്നിച്ചതോടെയാണ് ആധുനിക ഇറാന്റെ ചരിത്രം മാറുന്നത്. ഷാ മുഹമ്മദ് റെസ പഹ്ലവിയുടെ ഭരണകൂടം അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇത് രാജ്യത്തെ പല വിഭാഗം ആളുകളിലും അതൃപ്തിയുണ്ടാക്കി. ഷായുടെ ഭരണകാലത്ത് ഭൂരിഭാഗം ഇറാനികൾക്കും അധികാരത്തിൽ പങ്കില്ലെന്ന തോന്നലുണ്ടായിരുന്നു. രാഷ്ട്രീയാധികാരം ഏറ്റവും ഉയർന്ന തലങ്ങളിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടത് ജനങ്ങളെ ഭരണകൂടത്തിൽ നിന്നകറ്റി.
ഷായുടെ ഭരണത്തിനെതിരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഒന്നിച്ചു. വിദ്യാർഥികൾ, എണ്ണക്കമ്പനി തൊഴിലാളികൾ, മതപുരോഹിതർ, വ്യാപാരികൾ എന്നിവർ ഈ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്തു. വിപ്ലവത്തിന് പിന്നിൽ ശക്തമായ സാമ്പത്തിക സമ്മർദങ്ങളും സാമൂഹിക നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. സാധാരണക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്ത സാഹചര്യം പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടി. ഈ സാഹചര്യങ്ങൾ ഒത്തുചേർന്നതോടെയാണ് 1979-ന്റെ തുടക്കത്തിൽ ഷായ്ക്ക് രാജ്യം വിടേണ്ടി വന്നതും. ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്തിയാണ് തുടർന്ന് പ്രവാസത്തിൽ നിന്ന് തിരിച്ചെത്തിയ അയത്തുള്ള റൂഹുള്ള ഖമേനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിതമായത്.
നീതി വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന പുതിയ ഭരണകൂടം കർശനമായ മതനിയമങ്ങളും ഹിജാബ് നിർബന്ധമാക്കലും നടപ്പിലാക്കി. രാഷ്ട്രീയ പാർട്ടികൾ നിരോധിക്കപ്പെടുകയും വിയോജിപ്പുകളെ അടിച്ചമർത്തുകയും ചെയ്തതോടെ ജനകീയ പ്രക്ഷോഭങ്ങളുടെ പുതിയൊരു യുഗത്തിന് അവിടെ തുടക്കമായി. ഷാ ഭരണകൂടം എങ്ങനെയാണോ ജനങ്ങളെ പരിഗണിച്ചിരുന്നത് അതിനേക്കാൾ സ്വേഛാധിപത്യപരമായ രീതിയിൽ ഇസ്ലാമിക റിപ്പബ്ലിക്ക് പെരുമാറിത്തുടങ്ങിയതോടെ ഇറാനികളുടെ ഉള്ളിലെ കനലെരിഞ്ഞുതുടങ്ങി.
അന്താരാഷ്ട്ര ഉപരോധങ്ങൾ, കടുത്ത പണപ്പെരുപ്പം, ഭരണതലത്തിലെ അഴിമതി എന്നിവ ഇറാന്റെ സമ്പദ്വ്യവസ്ഥയിൽ കടുത്ത സമ്മർദങ്ങൾ ചെലുത്തി തുടങ്ങിയിരുന്നു. ഇതിനൊപ്പം രാജ്യത്തെ കറൻസിയായ റിയാലിന്റെ മൂല്യത്തകർച്ച ജനങ്ങളുടെ ക്രയശേഷിയെ ഇല്ലാതാക്കുകയും കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്തു. ഇതിനേക്കാളേറെ ജനങ്ങളെ അസ്വസ്ഥമാക്കിയത്
വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെ ഇടപെടലുകളാണ്. വസ്ത്രധാരണം (പ്രത്യേകിച്ച് ഹിജാബ്), സംസാരസ്വാതന്ത്ര്യം, ഇന്റർനെറ്റ് ഉപയോഗം എന്നിവയിലുള്ള കടുത്ത നിയമങ്ങൾ ഓരോ തലമുറയെയും ഭരണകൂടത്തിന് വിരുദ്ധമാക്കി മാറ്റി. ഷാ ഭരണകൂടത്തിന്റെ കാലത്തേതുപോലെ അധികാര കേന്ദ്രീകരണം ഏറ്റവും ഉയർന്ന തലങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നതാണ് മറ്റൊരു കാരണം. തിരഞ്ഞെടുപ്പിലൂടെയോ മറ്റ് ജനാധിപത്യ മാർഗങ്ങളിലൂടെയോ രാജ്യത്തിന്റെ നേതൃത്വത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന ബോധ്യം ജനങ്ങളിൽ രൂഢമൂലമായി.
1990കളുടെ അവസാനത്തിൽ പുതിയൊരു തലമുറമാറ്റത്തിനായി രംഗത്തിറങ്ങി. 1999-ൽ പത്രം നിരോധിച്ചതിനെതിരെ വിദ്യാർഥികൾ നടത്തിയ സമരം സൈനിക നടപടിയിലൂടെയാണ് ഭരണകൂടം നേരിട്ടത്. എന്നാൽ 2009-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്കെതിരെ ഉയർന്ന 'ഗ്രീൻ മൂവ്മെന്റ്' (Green Movement) ആയിരുന്നു വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധം. 'എന്റെ വോട്ട് എവിടെ?' എന്ന മുദ്രാവാക്യമുയർത്തി ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. നേദ ആഘ-സോൾട്ടൻ എന്ന യുവതിയുടെ മരണം ഈ പ്രതിഷേധത്തിന്റെ പ്രതീകമായി മാറി. ഇന്റർനെറ്റ് വിച്ഛേദിച്ചും നേതാക്കളെ വീട്ടുതടങ്കലിലാക്കിയുമാണ് അന്ന് ഭരണകൂടം ഈ നീക്കത്തെ തകർത്തത്.
2017 മുതൽ പ്രതിഷേധങ്ങളുടെ സ്വഭാവം മാറി. രാഷ്ട്രീയം എന്നതിലുപരി അതിജീവനത്തിനായി ജനങ്ങൾ തെരുവിലിറങ്ങി. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും 2019-ലെ ഇന്ധനവില വർധനവും രാജ്യവ്യാപകമായ കലാപങ്ങൾക്ക് കാരണമായി. 2022 സെപ്റ്റംബറിൽ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി കൊല്ലപ്പെട്ടത് ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വനിതാ മുന്നേറ്റത്തിന് വഴിവെച്ചു. 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യം ലോകശ്രദ്ധ നേടി. 500-ലധികം പേർ കൊല്ലപ്പെടുകയും 20,000-ത്തോളം പേർ തടവിലാക്കപ്പെടുകയും ചെയ്തിട്ടും, ഇന്നും പല ഇറാനിയൻ സ്ത്രീകളും ഹിജാബ് ധരിക്കാൻ വിസമ്മതിക്കുന്നത് ആ പ്രക്ഷോഭം ഉണ്ടാക്കിയ ആഴത്തിലുള്ള സ്വാധീനത്തെയാണ് കാണിക്കുന്നത്.
ഉപരോധങ്ങളും അഴിമതിയും കറൻസിയുടെ തകർച്ചയും സാധാരണക്കാരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചതാണ് ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള കാലഘട്ടത്തിൽ പ്രതിവിപ്ലവത്തിനുള്ള പ്രവണതകൾ ആവർത്തിക്കപ്പെട്ടത്. വസ്ത്രധാരണം, സംസാരം, ഇന്റർനെറ്റ് ഉപയോഗം എന്നിവയിലുള്ള കടുത്ത നിയന്ത്രണങ്ങൾ പുതിയ തലമുറയെ ഭരണകൂടത്തിന് വിരുദ്ധമാക്കി. തിരഞ്ഞെടുപ്പിലൂടെ ഭരണവ്യവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന ബോധ്യം ജനങ്ങളെ തെരുവിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു. 2026-ലും ഇറാൻ അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. കറൻസി തകർച്ചയും വിദേശത്തെ യുദ്ധങ്ങളും ഇന്റർനെറ്റ് നിയന്ത്രണങ്ങളും ഇറാനിലെ ജനങ്ങളെ വീണ്ടും പ്രക്ഷോഭകാരികളാക്കുന്നു.
ഒരു ഉപമയിലൂടെ പറഞ്ഞാൽ, അടച്ചുറപ്പില്ലാത്ത ഒരു പാത്രത്തിൽ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം പോലെയാണ് ഇറാൻ. ഓരോ തവണ ആവി പുറത്തുപോകുമ്പോഴും താത്കാലികമായി ശാന്തമാകുമെങ്കിലും, താപനില കുറയാത്തതിനാൽ അത് വീണ്ടും വീണ്ടും തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്നു. പ്രശ്‌നങ്ങളുടെ യഥാർഥ കാരണം ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനമാണ്. അതിനെതിരെയാണ് എല്ലാ പ്രതിഷേധങ്ങളും എത്തിനിൽക്കുന്നത്. ഭരണകൂടത്തെ ഒരു വിപ്ലവത്തിലൂടെ അട്ടിമറിച്ച് സ്ഥാപിതമായ നിലവിലെ ഭരണകൂടം പ്രതിവിപ്ലവത്തിലുടെ മറ്റൊരു അട്ടിമറി ഭീഷണി നേരിടുകയാണ്. ഈ വിപ്ലവത്തിന് ശേഷം ഇറാനിൽ പുതിയൊരു ഭരണ സംവിധാനം വരുമോ അതോ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രതിഷേധങ്ങളെ ഇറാൻ അടിച്ചമർത്തുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Content Highlights: Explore the escalating protests in Iran driven by currency collapse, inflation, and public anger. Understand the historical context and future implications of this turbulent political landscape.
Published: 11 Jan 2026, 06:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented