ടെഹ്‌റാൻ: ഇറാനിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളും അതിനെതിരെയുള്ള ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലും മൂലം കൊല്ലപ്പെട്ടരുടെ എണ്ണം 3,400 ആണെങ്കിലും ഔദ്യോഗികമായി പുറത്തുവരുന്നതിനേക്കാളേറെ ആളുകൾ കൊല്ലപ്പെട്ടിരിക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാൻ കറൻസിയുടെ മൂല്യമിടിഞ്ഞതും അവശ്യസാധനങ്ങളുടെ വില താങ്ങാവുന്നതിലും അധികമായതുമാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നതിന് കാരണമായത്. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയ്‌ക്കെതിരെയും പുരോഹിത ഭരണത്തിനെതിരെയും വലിയ പ്രക്ഷോഭമായി വളർന്ന സമരത്തെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ രക്തച്ചൊരിച്ചിലായാണ് ഇതിനെ കണക്കാക്കുന്നത്.
അതേസമയം, മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം പതിയെ തണുക്കുന്നുവെന്നാണ് സൂചന. വ്യാഴാഴ്ച സംഘർഷങ്ങളോ കാര്യമായ അക്രമസംഭവങ്ങളോ ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പു ശബ്ദങ്ങൾ തീരേ കുറവായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ടുചെയ്തു. എന്നാൽ, പ്രക്ഷോഭകരെ ഭീകരരായി മുദ്രകുത്തിയുള്ള അറസ്റ്റു തുടരുമെന്ന് ഇറാന്റെ ദേശീയ മാധ്യമം റിപ്പോർട്ടുചെയ്തു. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിലൂടെ വീഡിയോകളും ചിത്രങ്ങളും പുറത്തെത്തിക്കുന്നവരെ ലക്ഷ്യമിടുമെന്നും അറിയിച്ചു. പ്രക്ഷോഭം അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി രാജ്യത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കയാണ്.
പ്രക്ഷോഭകർക്കെതിരെ അക്രമം തുടർന്നാൽ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 'ഞങ്ങൾ ലോക്ക്ഡ് ആൻഡ് ലോഡഡ് ആണ്, ഏതു നിമിഷവും നടപടിക്ക് തയ്യാറാണ്' എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാൽ, ഇറാന്റെ ഭാഗത്തുനിന്ന് വധശിക്ഷകൾ തടയുമെന്ന തരത്തിലുള്ള അനുകൂല പ്രതികരണം വന്നതോടെ ട്രംപ് നിലപാട് മയപ്പെടുത്തി. എങ്കിലും സൈനിക നടപടിയെന്ന മാർഗം ഇപ്പോഴും യുഎസ് ഒഴിവാക്കിയിട്ടില്ല.
ഇറാനെതിരെ എല്ലാ സാധ്യതകളും പരിഗണിക്കുമെന്നാണ് ട്രംപ് ഭരണകൂടം ആവർത്തിച്ച് വ്യക്തമാക്കുന്നത്. അമേരിക്കയുടെ സൈനിക നടപടി ആഗോള സമ്പദ് വ്യവസ്ഥയെയും പശ്ചിമേഷ്യയുടെ സുസ്ഥിരതയെയും തകർക്കുമെന്ന് ഭയന്ന് സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട്. ഇറാനെ ആക്രമിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഈ രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പ്രക്ഷോഭങ്ങൾ മൂലം രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനുള്ള സാധ്യത തീരെ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Reports indicate over 3400 deaths in Iran`s ongoing protests against economic hardship & clerical rule. Human rights groups fear higher casualties. Learn more.
Published: 16 Jan 2026, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented