ടെഹ്റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ, സ്വന്തം ജനതയെ അടിച്ചമർത്താൻ അയൽരാജ്യമായ ഇറാഖിൽ നിന്നുള്ള ഷിയാ മിലിഷ്യകളെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി നിയോഗിച്ചതായി റിപ്പോർട്ടുകൾ. ഇറാനിലെ സുരക്ഷാ സേനാംഗങ്ങൾ സ്വന്തം ജനതയ്ക്ക് നേരെ വെടിയുതിർക്കാൻ മടിക്കുന്നതിനാലാണ് വിദേശ കൂലിപ്പട്ടാളത്തെ ഇറാൻ ഉപയോഗിക്കുന്നത് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

To advertise here,

ഏകദേശം 800 മുതൽ 850 വരെ, അറബി സംസാരിക്കുന്ന ഇറാഖി മിലിഷ്യകൾ തീർഥാടകർ എന്ന വ്യാജേന ഇറാനിലേക്ക് കടന്നതായാണ് വിവരം. ഇറാഖ് അതിർത്തി കടന്നുവന്ന ഇവരെ തിരിച്ചറിയാതിരിക്കാൻ ബസുകളിൽ ഒരേപോലെയുള്ള കറുത്ത ടി-ഷർട്ടുകൾ ധരിച്ചാണ് എത്തിച്ചതെന്ന് ഇറാഖി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കാത്തായിബ് ഹിസ്ബുള്ള (Kataib Hezbollah), ബദർ തുടങ്ങിയ സായുധ സംഘങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്.

വിദേശ സേനയുടെ വരവോടെ ഇറാനിലെ തെരുവുകളിൽ അക്രമം അതിരൂക്ഷമായിരിക്കുകയാണ്. ഇതുവരെ 2,600-ലധികം ആളുകൾ കൊല്ലപ്പെടുകയും 20,000-ത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില ലണ്ടൻ അധിഷ്ഠിത സംഘടനകൾ മരണസംഖ്യ 12,000 വരെയാകാമെന്ന് അവകാശപ്പെടുന്നു. ഡെസ്ഫുൾ പോലുള്ള നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും റൂഫ് ടോപ്പുകളിൽ സ്‌നൈപ്പർമാരെ വിന്യസിച്ച് കുട്ടികൾ മുതിർന്നവർ എന്ന ഭേദമില്ലാതെ പ്രതിഷേധിക്കുവർക്ക് നേരെ വിവേചനമില്ലാതെ വെടിയുതിർക്കുകയും ചെയ്യുന്നതായും ദൃക്സാക്ഷികൾ പറയുന്നു.

ഇറാനിലെ സ്വന്തം സുരക്ഷാ സേനയായ ഐ.ആർ.ജി.സിയും (IRGC) ബാസിജും (Basij) മുൻപുണ്ടായ യുദ്ധങ്ങളിൽ വലിയ ആൾനാശം നേരിട്ടതും പല സൈനികരും സ്വന്തം നാട്ടുകാർക്ക് നേരെ വെടിയുതിർക്കാൻ വിസമ്മതിക്കുന്നതുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ഇങ്ങനെ വിസമ്മതിച്ച പല ഇറാനിയൻ സൈനികരെയും ഭരണകൂടം അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

പ്രതിമാസം 600 ഡോളർ (ഏകദേശം 50,000 രൂപ) ശമ്പളം നൽകിയാണ് ഈ കൂലിപ്പട്ടാളക്കാരെ ഇറാൻ നിയമിക്കുന്നത്. ഈ പോരാളികൾക്ക് അറബി ഭാഷ മാത്രമേ അറിയൂ എന്നത് പ്രതിഷേധങ്ങളെ കൂടുതൽ ക്രൂരമായി നേരിടാൻ ഭരണകൂടത്തിന് സഹായകമാകുന്നു.

കൂട്ടക്കൊലകൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ ഭരണകൂടം രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റാർലിങ്ക് സംവിധാനങ്ങൾ തകർക്കാൻ റഷ്യൻ, ചൈനീസ് നിർമ്മിത ജാമറുകൾ ഉപയോഗിക്കുന്നതായും വിവരമുണ്ട്. സ്വന്തം രാജ്യത്തെ ജനങ്ങളെ അടിച്ചമർത്താൻ വിദേശ ഭീകരവാദ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നത് ഇറാനിലെ ഖമേനി ഭരണകൂടം ജനങ്ങളോട് ചെയ്യുന്ന വലിയ വഞ്ചനയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിമർശിച്ചു.