ട്രംപിന്റെ ഡീല്മേക്കിംഗ് രീതിശാസ്ത്രം ഇപ്പോള് ലോകത്തിന് ഏറെക്കുറെ പരിചിതമാണ്: ഉപരോധങ്ങളിലൂടെയും സൈനികസജ്ജീകരണത്തിലൂടെയും പരമാവധി സമ്മര്ദ്ദം ചെലുത്തുക, ചര്ച്ചകള്ക്ക് തയ്യാറാവാന് പ്രയാസകരമായ സമയപരിധികള് വെക്കുക.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിലെ പ്രധാനലക്ഷ്യങ്ങളിലൊന്ന് മധ്യപൂർവേഷ്യയെ പുനർനിർമിക്കാനുള്ള ബൃഹദ്പദ്ധതിയാണ്, അതിന് അദ്ദേഹം അടിസ്ഥാനമാക്കുന്നത് 'ശക്തിയിലൂടെയുള്ള സമാധാനം' എന്ന ആശയമാണ്. ഇറാനുമായി കൂടുതൽ 'മെച്ചപ്പെട്ട' ആണവ കരാർ ഉണ്ടാക്കുക, ഇറാനെ ഒറ്റപ്പെടുത്താൻ അബ്രഹാം കരാറുകൾ വിപുലീകരിക്കുക, സൈനികശക്തി പ്രയോഗിക്കുമെന്ന ഭയമുണ്ടാക്കി അനന്തമായ യുദ്ധങ്ങളില്ലാതെ തന്നെ ലക്ഷ്യം നേടുക എന്നിങ്ങനെ.
നേരത്തേ, ഇറാനിലെ മതഭരണകൂടത്തിനെതിരായി നടക്കുന്ന സമരങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു ട്രംപ്. ഏതുനിമിഷവും ഇറാനിൽ ഭരണമാറ്റം ഉണ്ടാവുകയും അമേരിക്കൻ അനുകൂലസർക്കാർ ഉണ്ടാവുകയും ചെയ്യുമെന്ന പ്രതീക്ഷ സജീവമായിരുന്നു അക്കാലത്ത്. പക്ഷേ, അത് മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം താലിബാൻ സർക്കാർ ഇറാനു പിന്തുണ പ്രഖ്യാപിച്ചതും ഇറാന്റെ പ്രകോപനപരമായ സൈനികനിലപാടുകളും ഇസ്രയേലിന്റെ കടുംപിടിത്തങ്ങളുമെല്ലാം ട്രംപിന്റെ മോഹത്തിന് മേൽ നീണ്ട നിഴലുകൾ വീഴ്ത്തിയിരിക്കുന്നു. ഇറാൻ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ ജനീവയിൽ ചർച്ചകൾ തുടരുമ്പോൾ ട്രംപിന്റെ 'മഹത്തായ പദ്ധതി' വലിയ വെല്ലുവിളി നേരിടുകയാണ്. (അതേദിവസം തന്നെ ജനീവയിൽ യുക്രൈൻ, റഷ്യൻ പ്രതിനിധികളുമായി യുദ്ധം തീർക്കാനുള്ള ചർച്ചയും അമേരിക്ക നടത്തുന്നുണ്ട്!)
ട്രംപിന്റെ ഡീൽമേക്കിംഗ് രീതിശാസ്ത്രം ഇപ്പോൾ ലോകത്തിന് ഏറെക്കുറെ പരിചിതമാണ്: ഉപരോധങ്ങളിലൂടെയും സൈനികസജ്ജീകരണത്തിലൂടെയും പരമാവധി സമ്മർദ്ദം ചെലുത്തുക, ചർച്ചകൾക്ക് തയ്യാറാവാൻ പ്രയാസകരമായ സമയപരിധികൾ വെക്കുക. ചുരുക്കത്തിൽ, ഡോൺ കോർലിയോണിന്റെ 'നിരസിക്കാനാവാത്ത ഓഫർ'. രണ്ടാം ടേമിന്റെ തുടക്കം മുതൽ അദ്ദേഹം ആ വഴിക്കാണ് നീങ്ങുന്നതെങ്കിലും അത് ശരിക്കും നടന്നത് വെനിസുലയിലും ഒരു പരിധി വരെ ഗാസയിലും യെമനിലും മാത്രമാണെന്നു തോന്നുന്നു. യുക്രൈൻ യുദ്ധത്തിലും ഇറാനിലും ആ തന്ത്രത്തിന്റെ പരിമിതിയും പരിധികളും ലോകം കണ്ടു. അധികാരത്തിൽ വന്നാലുടൻ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്നു ട്രംപ് വീമ്പിളക്കിയിരുന്നു. ഇപ്പോഴും യുദ്ധം തുടരുകയാണ്. യുദ്ധം അവസാനിക്കുന്നത് പ്രസിഡന്റ് വ്‌ലാദിമിർ പുതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. ഇറാനിൽ ആണവകേന്ദ്രങ്ങളിൽ കൂറ്റൻ ബോംബിട്ട് അമേരിക്ക ഞെട്ടിച്ചെങ്കിലും ഖത്തറിലെ യുഎസ് വ്യോമത്താവളത്തിൽ ഇറാൻ മിസൈൽ പതിച്ചതോടെ അതിവേഗം വെടിനിർത്താൻ ട്രംപ് തയ്യാറായി. ശക്തരോട് മുട്ടാൻ വിമുഖതയുണ്ട് യുഎസിന്!
താലിബാൻ കളത്തിലിറങ്ങുമോ?
2026 ഫെബ്രുവരി 15-ന് ഇറാൻ സ്റ്റേറ്റ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അമേരിക്ക ആക്രമിക്കുകയും ഇറാൻ സഹായം അഭ്യർത്ഥിക്കുകയും ചെയ്താൽ അഫ്ഗാനിസ്താൻ ഇറാനോട് അനുഭാവം കാട്ടുകയും സഹകരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചത് അമേരിക്കയെ ഞെട്ടിച്ചു. സുന്നി-ഷിയ വിഭാഗീയതകളുണ്ടെങ്കിലും അമേരിക്ക വിരുദ്ധവികാരവും അതിർത്തി സുരക്ഷാ താൽപ്പര്യങ്ങളും പങ്കിടുന്ന ഇരുരാജ്യങ്ങളും വരുത്തുന്ന ഈ നിലപാടുമാറ്റം അമേരിക്ക- ഇറാൻ യുദ്ധത്തെ സങ്കീർണമാക്കും, പ്രത്യേകിച്ച് യുഎസിന്. യുദ്ധസന്നാഹങ്ങളുടെ ഒരു വിഭാഗത്തെ പേർഷ്യൻ ഉൾക്കടലിൽ നിന്നും മധ്യേഷ്യയിലേക്ക് തിരിച്ചുവിടാൻ യു.എസ് നിർബന്ധിതമായേക്കും. മേഖലയിൽ വീണ്ടും യുഎസ് സൈന്യം സജീവമാകുന്നത് തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായാണ് താലിബാൻ കാണുന്നത്. ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം തങ്ങളായിരിക്കുമെന്ന് അവർ ഭയപ്പെടുന്നു.
താലിബാന്റെ പിന്തുണ- ലോജിസ്റ്റിക്‌സ് സഹായമോ അതിർത്തിയിലെ നുഴഞ്ഞുകയറ്റമോ ഇറാനിയൻ ആസ്തികളെ സംരക്ഷിക്കലോ- ലഭിക്കുന്നത് ടെഹ്‌റാന് വീര്യം പകരുമെന്നും ഇറാന്റെ കിഴക്കുപാർശ്വത്തിൽ 'തന്ത്രപരമായ ആഴം' സൃഷ്ടിക്കുമെന്നും വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ട്രംപിന്റെ നിയന്ത്രിതവും കൃത്യവുമായ സമ്മർദ്ദയുദ്ധത്തെ തകർക്കുക മാത്രമല്ല, 'ഇനി അനന്തമായ യുദ്ധങ്ങൾക്കില്ല' എന്ന നയത്തിന് വിരുദ്ധമായി വീണ്ടും അഫ്ഗാൻ പടക്കളത്തിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതയും ഉയർത്തുന്നു. താലിബാൻ ഇറാന്റെ പക്ഷം ചേർന്നാൽ, ഇറാന്റെ കിഴക്കൻ അതിർത്തിയിലൂടെയുള്ള അമേരിക്കയുടെ നീക്കങ്ങൾ തടസ്സപ്പെടും. 570 മൈൽ നീളമുള്ള ഈ അതിർത്തി ഇറാന് സുരക്ഷിത താവളമായി മാറും. ഇറാന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ സാങ്കേതികവിദ്യയും താലിബാന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ യുദ്ധപരിചയവും ഒന്നിക്കുന്നത് അമേരിക്കയ്ക്ക് വലിയ സൈനിക വെല്ലുവിളിയാണ്. ഇത് ഉപരോധങ്ങളെ മറികടന്ന് ഇന്ധനവും ആയുധങ്ങളും ഇറാനിലേക്ക് എത്താൻ സഹായിക്കും.
താലിബാൻ ഇറാനു വാഗ്ദാനം ചെയ്ത പിന്തുണ യാഥാർത്ഥ്യമായാൽ തന്ത്രപരമായ ചില മാറ്റങ്ങൾ വരുത്താൻ യുഎസ് നിർബന്ധിതമാവും. ഇറാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ നിരീക്ഷണം വർധിപ്പിക്കുകയും ബാഗ്രാം എയർ ബേസ് വീണ്ടെടുക്കാനുള്ള സമ്മർദ്ദം കൂട്ടുകയുമൊക്കെ വേണ്ടിവരും. ചൈനയെയും ഇറാനെയും നിരീക്ഷിക്കാൻ ബാഗ്രാമിനെ ട്രംപ് തന്ത്രപരമായ ആസ്തിയായി കാണുന്നു. എന്നാൽ താലിബാന് യുദ്ധത്തിൽ അർത്ഥവത്തായി ഇടപെടാനുള്ള ശേഷി കുറവാണെന്ന് വിദഗ്ധർ പറയുന്നു. ആഭ്യന്തരകലാപങ്ങളും പരിമിതമായ ആയുധങ്ങളുമാണ് കാരണം. റഷ്യയും ചൈനയും ഇറാന് രഹസ്യവിവരങ്ങളും ആയുധങ്ങളും നൽകുന്നുണ്ട്. റഷ്യയും ചൈനയും നേരിട്ടുള്ള ഏറ്റുമുട്ടലിനു പകരം കാര്യങ്ങളുടെ മേലുള്ള നിയന്ത്രണമാണ് തിരഞ്ഞെടുക്കുക. അതിനാൽ മറ്റൊരു ലോകമഹായുദ്ധത്തിനുള്ള സാധ്യതകൾ വിരളമാണ്.
അമേരിക്കൻ താവളത്തിന്റെ വിഡിയോ പുറത്തുവിട്ട് ഇറാൻ
ജോർദാനിലെ യു.എസ് നിയന്ത്രിത മുവഫഖ് സൽട്ടി വ്യോമത്താവളത്തെ സമ്പൂർണ്ണയുദ്ധത്തിലെ പ്രധാനലക്ഷ്യമായി ചിത്രീകരിക്കുന്ന ആനിമേറ്റഡ് ദൃശ്യങ്ങൾ പുറത്തുവിട്ടത് അമേരിക്കയ്ക്ക് വലിയ പ്രഹരമായി. ഫെബ്രുവരി 16ന് ഇറാൻ മീഡിയ പ്രചരിപ്പിച്ച ഈ വീഡിയോ, ഥാഡ് (THAAD), പാട്രിയറ്റ് എന്നിവ ഉൾപ്പെടെയുള്ള യു.എസ് പ്രതിരോധ സംവിധാനങ്ങളുടെ ദുർബലതകൾ തുറന്നുകാണിക്കുന്നു. ചൈനീസ് സ്രോതസ്സുകൾ പങ്കുവെച്ചതായി കരുതുന്ന ഉപഗ്രഹചിത്രങ്ങളെ ആശ്രയിച്ചാണ് ഈ വീഡിയോ നിർമിച്ചതെന്നു കരുതുന്നു. യുഎസിന്റെ അത്യാധുനിക എഫ് 15, എഫ് 35 പോർവിമാനങ്ങൾ തങ്ങളുടെ നിരീക്ഷണ വലയത്തിലാണെന്ന് ഇറാൻ തെളിയിച്ചു. 'ഞങ്ങൾക്ക് നിങ്ങളെ കാണാം, ഞങ്ങൾക്ക് നിങ്ങളെ ആക്രമിക്കാനും കഴിയും' എന്ന വ്യക്തമായ സന്ദേശമാണ് അവർ നൽകിയത്.
ഇറാന്റെ മനഃശാസ്ത്രയുദ്ധം അമേരിക്കയെ മാത്രമല്ല, അവരുടെ സഖ്യകക്ഷികളെയും ഉൽക്കണ്ഠയിലാഴ്ത്തി. ഖത്തർ മുതൽ ഇറാഖ് വരെ പതിനൊന്ന് മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ ആസ്തികൾക്കെതിരെ ആക്രമണം നടത്താൻ സന്നദ്ധമാണെന്ന ഇറാന്റെ മുന്നറിയിപ്പാണിത്. ജോർദാൻ പോലുള്ള അറബ് രാഷ്ട്രങ്ങൾ അമേരിക്കയ്ക്ക് പിന്തുണ നൽകുന്നത് പലപ്പോഴും രഹസ്യമായാണ്. രാജ്യത്ത് അമേരിക്കൻ താവളമുണ്ടെന്ന വെളിപ്പെടുത്തൽ ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തും. ഇത് മേഖലയിലെ യുഎസ് സൈനികത്താവളങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്നു. ദൃശ്യങ്ങൾ പുറത്തായതോടെ അമേരിക്കയ്ക്ക് തങ്ങളുടെ മിസൈൽ പ്രതിരോധസംവിധാനങ്ങൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കേണ്ടി വരുന്നു, അത് സൈനികചെലവ് വർധിപ്പിക്കുകയും ആക്രമണസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മേഖലയിൽ യു.എസിന്റെ വമ്പൻ സൈനികസന്നാഹങ്ങളുടെ പ്രഹരശേഷിയെ ചോദ്യംചെയ്യുന്നതാണ് ഇറാന്റെ സമീപനം. ആഴ്ചകൾ നീളുന്ന യുദ്ധത്തിനായി രണ്ടു വിമാനവാഹിനിക്കപ്പലുകളും വലിയ സംഹാരശേഷിയുള്ള സംവിധാനങ്ങളുമെല്ലാം ഇറാന്റെ പരിസരത്ത് എത്തിയിട്ടും അമേരിക്കൻ സമ്മർദ്ദം വിജയിക്കുന്നില്ല. ഇറാന്റെ 'ധിക്കാര'ത്തിനു മുന്നിൽ പിൻമാറുന്നതിനു പകരം എതിരാളികൾ പൊരുത്തപ്പെടുകയാണെന്ന് തോന്നുന്നു. അതിനർത്ഥം പരോക്ഷമായ പ്രതികരണങ്ങൾക്ക് അവർ മുൻഗണന നൽകിയേക്കും എന്നാണ്. അത് എണ്ണവിലകൾ ഉയരുകയും കപ്പൽപാതകൾ തടസ്സപ്പെടുകയും ആഗോള വിപണികൾ തകരുകയുമൊക്കെ ചെയ്യുന്നതിന് വഴിവെച്ചേക്കാം.
ഇസ്രയേലിന്റെ കടുംപിടിത്തവും ഇറാന്റെ വ്യവസ്ഥകളും
ഫെബ്രുവരി 15 -ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നയിച്ച ആവശ്യങ്ങൾ സമാധാനചർച്ചകളെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. 'സമ്പുഷ്ടീകരിച്ച ഒരു വസ്തുവും ഇറാനിൽ ഉണ്ടാകാൻ പാടില്ല' എന്നും സമ്പുഷ്ടീകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി ഇല്ലാതാക്കണമെന്നും നെതന്യാഹു ആവശ്യപ്പെടുന്നു. താൽക്കാലികമായ നിർത്തിവെക്കലുകളോ വ്യവസ്ഥകളുടെ നേർപ്പിക്കലുകളോ അദ്ദേഹം തള്ളിക്കളയുന്നു. ഈ 'പൂജ്യം സമ്പുഷ്ടീകരണം' നിലപാട് ഇസ്രായേലിന്റെ ദീർഘകാല നിലപാടാണ്, എന്നാൽ ഇറാന്റെ വ്യവസ്ഥകളനുസരിച്ച് ചർച്ച ചെയ്യാമെന്ന നിലപാടിന് വിരുദ്ധവുമാണ്. ഇസ്രയേലിന്റെ കർക്കശ നിലപാടുകൾ കാരണം ഇറാനുമായി ഒരു ചെറിയ കരാറിൽ പോലും എത്താൻ ട്രംപിന് കഴിയുന്നില്ല.
ഇറാൻ ഉപവിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി, ഉപരോധങ്ങൾ നീക്കിയാൽ 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ വീര്യം കുറയ്ക്കാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ബിബിസിയോട് പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി, യു.എസ് ആക്രമണങ്ങൾ മേഖലായുദ്ധത്തിന് കാരണമാവുമെന്ന് മുന്നറിയിപ്പു നൽകുന്നു, അത് ഇറാൻ നേതൃത്വം നൽകുന്ന പ്രതിരോധ അച്ചുതണ്ടിന് ജീവൻ വെപ്പിക്കും. ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും പോലുള്ള പ്രോക്‌സികൾ നിലവിൽ ദുർബലമാണെങ്കിലും ഇറാനെ പിന്തുണയ്ക്കാൻ ഒറ്റതിരിഞ്ഞ ആക്രമണങ്ങൾ നടത്തി യുഎസിന് തലവേദന സൃഷ്ടിക്കാൻ കഴിയുന്നവരാണ്. 2023-2025 കാലത്തെ സംഘർഷങ്ങളിൽ ഹിസ്ബുള്ളയുടെ 70 ശതമാനം അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. എങ്കിലും 30,000 മുതൽ 50,000 വരെ പോരാളികളും വലിയ മിസൈൽശേഖരവുമുള്ള ഹിസ്ബുള്ള രംഗത്തിറങ്ങിയാൽ ഇസ്രായേലിനെതിരെ വടക്കൻ മുന്നണി തുറക്കപ്പെടാം. അമേരിക്കൻ വ്യോമാക്രമണങ്ങളിൽ ശക്തി ശോഷിച്ച ഹൂത്തികൾക്ക് ചെങ്കടലിന്റെ മേൽ നിയന്ത്രണമുണ്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇവിടത്തെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ അവർക്കാകും. ഇറാഖിലും സിറിയയിലുമൊക്കെ ഇറാന്റെ പ്രോക്‌സി സംവിധാനങ്ങളുണ്ട്.
റഷ്യ, വെനസ്വേല, ഇറാൻ
രണ്ടാം ടേം ആരംഭിച്ചതു മുതൽ ട്രംപ് ശ്രമിക്കുന്നത് ചൈനയെ തളയ്ക്കാനാണെന്ന് കരുതുന്നവരുണ്ട്. ചൈന ഊർജ്ജ ആവശ്യങ്ങൾക്കായി ഇറാൻ, വെനസ്വേല, റഷ്യ എന്നീ രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ചൈനയ്ക്ക് കുറഞ്ഞ വിലയിൽ ലഭിച്ചിരുന്ന വെനസ്വേലൻ എണ്ണയുടെ ഒഴുക്ക് അമേരിക്ക തടഞ്ഞുകഴിഞ്ഞു. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 13 ശതമാനവും ഇറാനിൽ നിന്നാണ്. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ചൈനയിലേക്കാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധികത്തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ചൈനയെ പ്രതിസന്ധിയിലേക്ക് നയിക്കും. ചൈനീസ് വിപണിയെ വരിഞ്ഞുമുറുക്കി അവരെ നയതന്ത്രചർച്ചകളിൽ ദുർബലരാക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം.
അമേരിക്കയിലെ പണപ്പെരുപ്പം അവസാനിപ്പിക്കുമെന്ന വാഗ്ദാനം നൽകിയാണ് ട്രംപ് 2024-ൽ അധികാരത്തിൽ വന്നത്. എന്നാൽ ഇറാനുമായുള്ള യുദ്ധസാഹചര്യം ഈ വാഗ്ദാനത്തിന് ഭീഷണിയാണ്. നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറിന് അടുത്താണ്. എന്നാൽ ആഗോളതലത്തിൽ എണ്ണവിതരണത്തിന്റെ 20 ശതമാനം കടന്നുപോവുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെട്ടാൽ വില 120 ഡോളറിന് മുകളിൽ പോകാൻ സാധ്യതയുണ്ട്. ഇത് അമേരിക്കയിലെ പെട്രോൾവില വർദ്ധിപ്പിക്കുകയും ട്രംപിന്റെ ജനപ്രീതിയെ ബാധിക്കുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മാറ്റങ്ങൾ കാരണം ഓഹരിവിപണി ഇപ്പോൾ തന്നെ അസ്ഥിരമാണ്. ഒരു യുദ്ധം കൂടി ഉണ്ടായാൽ അമേരിക്കൻ ഓഹരിവിപണി തകരും.
ഇറാനെ സമ്മർദ്ദത്തിലാക്കി അതിവേഗം ആണവക്കരാർ ഉണ്ടാക്കുക എന്ന ട്രംപിന്റെ മഹത്തായ പദ്ധതിലക്ഷ്യം പ്രതിസന്ധിയിലാണ്. നീണ്ട യുദ്ധം അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെയും ട്രംപിന്റെ രാഷ്ട്രീയഭാവിയെയും അപകടത്തിലാക്കും. ഇതുകാരണമാവണം, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇറാനിലെ ഭരണമാറ്റമല്ല, നയതന്ത്രപരമായ ഒത്തുതീർപ്പാണ് ലക്ഷ്യം എന്ന് പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ജനീവയിലെ ചർച്ചകളിൽ അമേരിക്കയും ഇറാനും വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമോ എന്ന് ലോകം ഉറ്റുനോക്കുന്നു.
Published: 17 Feb 2026, 04:49 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented