
ടെൽ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടതോടെ രാജ്യത്തെ ഉന്നത നേതൃത്വത്തിനുള്ളിൽ കടുത്ത ഭിന്നതകൾ രൂപപ്പെടുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയും ഇസ്രയേലുമായുള്ള യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഭരണ നേതൃത്വത്തിലുള്ള മിതവാദികളും തീവ്രനിലപാടുകാരും തമ്മിലുള്ള തർക്കങ്ങൾ ഇറാൻ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിത്തുടങ്ങി. തിടുക്കപ്പെട്ട് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത് ഈ പ്രതിസന്ധി മറികടക്കാനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഖമേനിയുടെ മരണശേഷം രൂപീകരിച്ച താൽക്കാലിക സമിതിയിലെ അംഗമായ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയൻ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞു. 'അയൽരാജ്യങ്ങൾ നമ്മുടെ സഹോദരങ്ങളാണ്' എന്നും അവരെ ആക്രമിക്കാൻ ഇറാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി..
എന്നാൽ, റെവല്യൂഷണറി ഗാർഡിലെയും പൗരോഹിത്യ നേതൃത്വത്തിലെയും തീവ്രനിലപാടുകാരിൽനിന്ന് കടുത്ത എതിർപ്പ് നേരിട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം തന്റെ പ്രസ്താവന തിരുത്തി. തന്റെ വാക്കുകൾ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇറാന്റെ പ്രതിരോധ നയത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.
മുജ്തബ ഖമനേയിയെ അലി ഖമനേയിയുടെ പിൻഗാമിയായി തിരഞ്ഞെടുത്തത് ഭിന്നത വർധിപ്പിച്ചുവെന്നാണ് സൂചന. മതിയായ മതപരമായ യോഗ്യതകളോ രാഷ്ട്രീയ അനുഭവപരിചയമോ ഇല്ലാത്ത മുജ്തബയെ നിയമിച്ചത് 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന്റെ ആദർശങ്ങൾക്ക് വിരുദ്ധമാണെന്ന് മിതവാദി നേതാക്കൾ വാദിക്കുന്നു. മാത്രമല്ല, രാജ്യത്തിന്റെ പരമോന്നതമായ അധികാര സ്ഥാനം അലി ഖമനേയിയുടെ മകനിലേക്ക് കൈമാറുന്ന രീതിയെയും ഇവർ എതിർക്കുന്നു. ഇത് അടിസ്ഥാനപരമായ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും പാരമ്പര്യവാഴ്ചയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുമെന്നുമൊക്കെയാണ് ഇവരുന്നയിക്കുന്ന വാദങ്ങൾ.
എന്നാൽ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ ( ഐആർജിസി) ശക്തമായ പിന്തുണയുള്ളതിനാൽ മുജ്തബയുടെ സ്ഥാനം തത്കാലം സുരക്ഷിതമാണ്. മാത്രമല്ല, യുദ്ധത്തിൽ ഐആർജിസി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. പരമോന്നത നേതാവിനോട് മാത്രമാണ് അവർക്ക് കാര്യങ്ങൾ ബോധിപ്പിക്കാനുള്ളത്. ഐആർജിസിക്ക് സ്വാധീനമുള്ള ഒരാൾ പരമോന്നത നേതാവായി വരുന്നത് ഇറാനിലെ നയപരമായ കാര്യങ്ങളിലുൾപ്പെടെ ഐആർജിസിയുടെ സ്വാധീനം വർധിക്കാനിടയാക്കും. ഇതിനെ മിതവാദികൾ ആശങ്കയോടെയാണ് കാണുന്നത്.
സിവിലിയൻ നേതൃത്വത്തിന്റെ മേൽനോട്ടമില്ലാതെ സൈനിക തീരുമാനങ്ങൾ എടുക്കാൻ സൈന്യം മുജ്തബയുടെ നിയമനത്തിലൂടെ ശ്രമിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ സിവിലിയൻ നേതൃത്വത്തേക്കാൾ നിർണ്ണായകമായ ശബ്ദം ഐആർജിസിയുടേതായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഇറാന്റെ പുതിയ നേതൃത്വത്തിന് അമേരിക്കയും ഇസ്രയേലും കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ അനുമതിയില്ലാതെ പുതിയ നേതാവ് അധികകാലം വാഴില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ആരൊക്കെ അലി ഖമനേയിക്ക് പകരക്കാരനായി വന്നാലും അവരെയെല്ലാം വേട്ടയാടുമെന്നാണ് നേരത്തെ ഇസ്രയേൽ ഭീഷണി മുഴക്കിയിരുന്നത്. ഈ സാഹചര്യത്തിനിടയിലും പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായത് അമേരിക്കയ്ക്കും ഇസ്രയേലിനുമുള്ള മറുപടിയായാണ് ഇറാൻ ഭരണകൂടം വിശേഷിപ്പിക്കുന്നത്.
യുഎസിനെയും ഇസ്രയേലിനെയും നേരിടുന്ന കാര്യത്തിൽ ഇറാൻ നേതൃത്വം ഒറ്റക്കെട്ടാണെന്ന് തോന്നിപ്പിക്കുമ്പോഴും, യുദ്ധത്തിന്റെ ദിശയെക്കുറിച്ച് ഭരണകൂടത്തിനുള്ളിൽ ഭിന്നത വർദ്ധിച്ചുവരികയാണെന്നാണ് സൂചന. പശ്ചിമേഷ്യയിലേക്ക് യുദ്ധം വ്യാപിപ്പിക്കുന്നതിനെ മിതവാദികൾ എതിർക്കുന്നു. യുദ്ധത്തെ ഇറാന് അതിജീവിക്കാനായാൽ പോലും ഇതേ കാരണംകൊണ്ട് ഭാവിയിൽ മേഖലയിൽ കൂടുതൽ ഒറ്റപ്പെടേണ്ടി വരുമെന്നാണ് ഇവർ കരുതുന്നത്.
Content Highlights: Internal divide between Iranian moderates and IRGC hardliners., Controversial appointment of Mujtaba Khamenei as successor., President Masoud Pezeshkian's forced retraction of diplomatic statements., Growing influence of IRGC over civilian leadership., International pressure from US and Israel regarding Iran's future leadership.
Published: 09 Mar 2026, 06:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented