ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തൂക്കിലേറ്റാൻ പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ യുഎസ് ഇടപെടുമെന്ന പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അരാഗ്ചിയുടെ വിശദീകരണം. പ്രക്ഷോഭകരെ തൂക്കിക്കൊല്ലുമെന്ന ഉന്നത ഇറാനിയൻ ന്യായാധിപന്റെ പ്രസ്താവനയോട് അരാഗ്ചി പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി.

To advertise here,

പ്രക്ഷോഭകരെ തൂക്കിലേറ്റാൻ വിധിക്കില്ലെന്ന് ഇറാൻ തനിക്ക് ഉറപ്പു നൽകിയെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തൂക്കിലേറ്റാൻ യാതൊരു പദ്ധതിയുമില്ലെന്ന് അരാഗ്ചി പറഞ്ഞത്. 'തൂക്കിലേറ്റുന്നത് കാര്യം ചിത്രത്തിലേയില്ല.' അദ്ദേഹം പറഞ്ഞു.

ഇറാനിൽ പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നത് നിർത്തിയെന്ന് തനിക്ക് വിവരം ലഭിച്ചതായി ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, സൈനിക നടപടികളെക്കുറിച്ച് 'ഞാൻ നിരീക്ഷിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപ ദിവസങ്ങളിൽ ഇറാനിലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനെതിരെ ഇറാനിയൻ ജനതയെ സഹായിക്കുമെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞു. മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് കുറഞ്ഞത് 3,428 പേരെങ്കിലും ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

'കൊലപാതകം നിർത്തിയിട്ടുണ്ടെന്നും വധശിക്ഷ നടപ്പാക്കില്ലെന്നും അവർ പറഞ്ഞു. ഇന്ന് ധാരാളം വധശിക്ഷകൾ നടപ്പാക്കാൻ പോകുന്നുണ്ടായിരുന്നു, എന്നാൽ അവ നടപ്പാക്കില്ല- ഞങ്ങൾ അത് കണ്ടെത്തും.' ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഇറാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്താനിരിക്കെ, 'റിപ്പോർട്ട് ചെയ്ത മരണങ്ങളുടെയും പരിക്കുകളുടെയും ഉയർന്ന അളവിൽ അങ്ങേയറ്റം ഞെട്ടിയിരിക്കുന്നു' എന്നും അടിച്ചമർത്തൽ തുടരുകയാണെങ്കിൽ കൂടുതൽ ഉപരോധങ്ങൾ വരുമെന്നും ജി7 രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.

ടെഹ്‌റാനിൽനിന്നു പുറത്തുവന്ന പുതിയ വീഡിയോകളിൽ കഹ്രിസാക് മോർച്ചറിയിൽ കറുത്ത ബാഗുകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾ നിരനിരയായി കാണുന്നുണ്ട്. പ്രിയപ്പെട്ടവരെ തിരയുന്ന ദുഃഖിതരായ ബന്ധുക്കളെയും ദൃശ്യങ്ങളിൽ കാണാം.

അതേസമയം, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി പ്രക്ഷോഭകർക്കു പിന്തുണ പ്രഖ്യാപിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്ക് നിലനിൽക്കാൻ അർഹതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. 'ഇത്രയും വർഷം നിലനിന്നതും ഇത്രയധികം ആളുകളെ കൊന്നൊടുക്കിയതുമായ ഒരു ഭരണകൂടം നിലനിൽക്കാൻ അർഹതയില്ലാത്തതാണ്. മാറ്റങ്ങൾ ആവശ്യമാണ്. യൂറോപ്പിലും മാറ്റങ്ങൾ ആവശ്യമാണ്. റഷ്യ ആരംഭിച്ചതും ഇപ്പോഴും നീട്ടിക്കൊണ്ടുപോകുന്നതുമായ രക്തച്ചൊരിച്ചിൽ അവസാനിക്കണം.' അദ്ദേഹം പറഞ്ഞു.