
അബുദാബി/കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഗൾഫിൽ നാല് മരണം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), കുവൈത്ത് എന്നീ രാജ്യങ്ങളിലായാണ് മരണം.
വ്യോമാക്രമണത്തിൽ യുഎഇയിൽ മൂന്നുപേർ മരിച്ചു. മരിച്ചവർ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ ഇതുവരെ 58 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് ജീവനക്കാർക്കും, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ജനവാസ മേഖലകളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കുവൈത്തിൽ ഒരാൾ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കുവൈറ്റ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യുസഫ് അൽ സബാ സന്ദർശിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ആക്രമണങ്ങളെ അതിശക്തമായി പ്രതിരോധിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഇറാൻ്റെ 137 ബാലിസ്റ്റിക് മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും തകർക്കാൻ സേനയ്ക്ക് സാധിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആകെ 541 ഡ്രോണുകളിൽ 311 എണ്ണവും 165 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും വ്യോമസേന വിജയകരമായി തടഞ്ഞു. എന്നാൽ, 21 ഡ്രോണുകൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതായി മന്ത്രാലയം അറിയിച്ചു.
അബുദാബി അൽ സലാം നേവൽ ബേസിലും ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ വെയർഹൗസിലെ രണ്ട് കണ്ടെയിനറുകൾക്ക് തീപിടിച്ചു. ആളപായമില്ലെങ്കിലും തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആക്രമണത്തെ യു.എ.ഇ പ്രതിരോധ മന്ത്രാലയം അപലപിച്ചു.
തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി യുഎഇയിലെ വിദ്യാലയങ്ങളും സർവ്വകലാശാലകളും മാർച്ച് നാലുവരെ ഓൺലൈനായാണ് പ്രവർത്തിക്കുക. ദുബായ്, അൽ മക്തൂം വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
അതിനിടെ, ഇസ്രായേലിലെ ബീറ്റ് ഷെമേഷ് നഗരത്തിലുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവിടെ 27 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
Content Highlights: Iran launched a missile and drone attack on the United Arab Emirates., Confirmed casualties include 3 deaths and 58 injuries in Abu Dhabi., The attack caused significant disruption, including flight cancellations and school closures., UAE's air defense system successfully intercepted a majority of the incoming threats., The UAE has condemned the attack and is pursuing diplomatic solutions.
Published: 01 Mar 2026, 07:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented