ടെൽ അവീവ്: ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്ന ശക്തമായ വ്യോമാക്രമണങ്ങളെത്തുടർന്ന് ഇറാന്റെ സൈനിക ശേഷിക വലിയ തോതിൽ തകർക്കപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞതായും യുദ്ധം അതിവേഗം അവസാനിക്കുമെന്നുമാണ് യുഎസിന്റെയും ഇസ്രയേലിന്റെയും വിലയിരുത്തൽ. വ്യോമാക്രമണത്തെ തുടർന്ന് ഇറാന്റെ മിസൈൽ, ഡ്രോൺ ശേഷികൾ ഏതാണ്ട് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടതായാണ് ഇരുരാജ്യങ്ങളുടെയും കണക്കുകൂട്ടൽ. ഓപ്പറേഷൻ റൈസിംഗ് ലയൺ, എപ്പിക് ഫ്യൂറി എന്നീ സൈനിക നടപടികൾ ഇറാന്റെ സൈനിക-വ്യവസായ നട്ടെല്ല് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയത്. ഇതിലൂടെ ഇറാന്റെ മിസൈൽ, ഡ്രോൺ ഉൽപ്പാദന കേന്ദ്രങ്ങൾ, സംഭരണശാലകൾ, വിതരണ ശൃംഖലകൾ എന്നിവ വ്യവസ്ഥാപിതമായി ലക്ഷ്യം വെച്ച് നശിപ്പിച്ചു. നിലവിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള അവസ്ഥയേക്കാൾ 8 മുതൽ 10 ശതമാനം വരെയായി കുറഞ്ഞതായാണ് വിവരം.

To advertise here,

യുദ്ധത്തിന് മുമ്പ് 410 മുതൽ 500 വരെ മിസൈൽ ലോഞ്ചറുകൾ ഇറാന്റെ പക്കലുണ്ടായിരുന്നു. എന്നാൽ യുദ്ധം മൂന്നുവാരം കഴിഞ്ഞതോടെ ഇത് ഏകദേശം 100 മുതൽ 180 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളുവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ വിക്ഷേപിക്കുന്ന മിസൈലുകളുടെ എണ്ണം താരതമ്യപ്പെടുത്തിയാണ് ഈ വിലയിരുത്തൽ. ഇറാന്റെ മിസൈൽ വിക്ഷേപണ നിരക്കിൽ ഏകദേശം 90-92 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. മാത്രമല്ല ഇറാന്റെ ഡ്രോൺ ശേഖരത്തിലും വലിയ കുറവുണ്ടായി. യുദ്ധം തുടങ്ങിയ ശേഷം 2,000-ത്തിലധികം ഡ്രോണുകൾ ഇറാൻ ഉപയോഗിച്ചു കഴിഞ്ഞു. യുഎസും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളിൽ ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾക്കും കമാൻഡ് സെന്ററുകൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 80-85 ശതമാനം വരെ തകർക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. കൂടാതെ, അവരുടെ കമാൻഡ് ഘടനയും നാവിക ശേഷിയും നിലവിൽ ദുർബലമായെന്നും യുഎസും ഇസ്രയേലും വിലയിരുത്തുന്നുണ്ട്. ചെറിയ തോതിലുള്ളതും ഹ്രസ്വകാലത്തേക്കുള്ളതുമായ മിസൈൽ, ഡ്രോൺ വിക്ഷേപണങ്ങൾ നടത്താൻ ഇറാന് ഇപ്പോഴും സാധിക്കുമെങ്കിലും, ദീർഘകാലം നീണ്ടുനിൽക്കുന്ന വലിയ ആക്രമണങ്ങൾ നടത്താനുള്ള അവരുടെ ശേഷി ഇല്ലാതായിരിക്കുകയാണ്.

നതാൻസ്, ഫോർഡോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇവിടുത്തെ യുറേനിയം സമ്പുഷ്ടീകരണ ശേഷി തടസ്സപ്പെട്ട അവസ്ഥയിലാണ്. സെൻട്രിഫ്യൂജുകൾ, പവർ സിസ്റ്റങ്ങൾ, ഓപ്പറേഷണൽ ഹാളുകൾ എന്നിവയ്ക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ ഉപരിതലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അവിടേക്കുള്ള പ്രവേശന മാർഗങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.

ഇസ്ഫഹാനിലെ യുറേനിയം കൺവേർഷൻ കോംപ്ലക്‌സിലും താലേഘാൻ ടെസ്റ്റിംഗ് സൈറ്റിലും ആക്രമണങ്ങൾ നടന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി ഫലത്തിൽ തകർക്കപ്പെട്ട നിലയിലാണ്. ഇത് പുനർനിർമിച്ചെടുക്കാൻ വർഷങ്ങളുടെ പ്രയത്‌നം വേണ്ടിവരും. ഇറാന്റെ ആണവ പദ്ധതികളെ വർഷങ്ങളോളം വൈകിപ്പിക്കാൻ ഈ തിരിച്ചടി കാരണമാകും.