കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയാണെന്ന് രക്ഷിതാവ് അ‌റിയിച്ചതിനെ തുടർന്നാണ് ഇത് രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചത്.

To advertise here,

സർക്കാരും സ്കൂൾ അധികൃതരും നടപടികൾ അവസാനിപ്പിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദ്ദം നിലനിൽക്കട്ടേയെന്നും കോടതി പറഞ്ഞു.

സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനി യൂണിഫോമിനൊപ്പം ശിരോവസ്ത്രവും (ഹിജാബ്) ധരിച്ചെത്തിയതാണ് തർക്കത്തിനു കാരണമായത്. ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്കൂൾ. ഇതേത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് സ്കൂൾ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്.

ഹർജി പരിഗണിച്ചപ്പോൾ മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ തയ്യാറാണെന്ന് സ്കൂൾ മാനേജുമെന്റ് അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുട്ടിയ്ക്ക് സ്കൂളിൽ തുടരാനാകില്ലെന്നും അതിനാൽ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റുകയാണെന്നും രക്ഷിതാവ് അറിയിക്കുകയായിരുന്നു.