പട്‌ന: സ്വർണത്തിന്റെ വില കുതിച്ചുയരുകയും വെള്ളിയുടെ വില വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി മുഖം പൂർണമായും മറച്ചുവരുന്ന ഉപഭോക്താക്കൾ ജ്വല്ലറികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ബിഹാർ. ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഇതോടെ ബിഹാർ മാറി. ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷന്റെ നിർദേശങ്ങളെ തുടർന്നാണ് തീരുമാനം.
പുതിയ നിയമപ്രകാരം ഹിജാബ്, നിഖാബ്, ബുർഖ, സ്‌കാർഫുകൾ, ഹെൽമെറ്റുകൾ, അല്ലെങ്കിൽ സമാനമായ മുഖാവരണങ്ങൾ ഉപയോഗിച്ച് മുഖം മറച്ച് എത്തുന്നവർക്ക് ജ്വല്ലറികളിൽ പ്രവേശിക്കാൻ സാധിക്കില്ല. തിരിച്ചറിയുന്നതിനായി മുഖം കാണിച്ചില്ലെങ്കിൽ ഇത്തരക്കാരെ ജ്വല്ലറിയിൽ പ്രവേശിപ്പിക്കുകയോ ആഭരണം വിൽക്കുകയോ വേണ്ടെന്നാണ് നിർദേശം. തിരിച്ചറിയൽ പരിശോധനയ്ക്കു ശേഷം മാത്രമേ ജ്വല്ലറികളിൽ പ്രവേശിക്കാനാകൂ എന്നും ഫെഡറേഷൻ വ്യക്തമാക്കി. അടുത്തിടെ ജ്വല്ലറികളിൽ നടന്ന മോഷണ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം നടപ്പാക്കിയത്.
എല്ലാ ജില്ലകളിലും ഇത്തരമൊരു നിയമം ഔദ്യോഗികമായി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ബീഹാറാണെന്ന് ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് അശോക് കുമാർ വർമ ചൊവ്വാഴ്ച ഐഎഎൻഎസിനോട് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ മാത്രമാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ മതവിഭാഗത്തെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഭോജ്പൂരിൽ 25 കേടിയുടെ ആഭരണങ്ങൾ കവർന്ന സംഭവം ഉണ്ടായിരുന്നു. ഇന്ന് 10 ഗ്രാം സ്വർണത്തിന്റെ വില ഏകദേശം 1.40 ലക്ഷം രൂപയായിരുന്നെന്നും ഒരു കിലോഗ്രാം വെള്ളിയുടെ വില ഏകദേശം 2.5 ലക്ഷം രൂപയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് ഈ നീക്കമെന്ന് കടയുടമകൾ പറഞ്ഞെങ്കിലും പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) ഇതിനെ ശക്തമായി വിമർശിച്ചു. ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ മതവികാരങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും ആർജെഡി ആരോപിച്ചു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിനെതിരായ നീക്കമാണെന്നും ആർജെഡി വക്താവ് ഇസാസ് അഹമ്മദ് പറഞ്ഞു. തീരുമാനത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജ്വല്ലറി വ്യാപാരികളുടെ സംഘടന ഉടൻ തീരുമാനം പിൻവലിക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ രാജ്യത്തിന്റെ ഭരണഘടനാപരവും മതേതരവുമായ ഘടനയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Content Highlights: Bihar jewelry shops now restrict entry for those wearing hijabs or niqabs due to security concerns. First state to implement such a rule.
Published: 07 Jan 2026, 09:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented