
ടെഹ്‌റാന്‍/ടെല്‍ അവീവ്: ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ(IRGC) ഏഴ് അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യാസ്ദ് പ്രവിശ്യയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് റെവല്യൂഷണറി ഗാര്‍ഡിലെ ഏഴ് അംഗങ്ങളും നിര്‍ബന്ധിത സൈനികസേവനത്തിനെത്തിയ രണ്ടുപേരും കൊല്ലപ്പെട്ടതെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
യാസ്ദ് പ്രവിശ്യയിലെ രണ്ട് സൈനികകേന്ദ്രങ്ങള്‍ക്ക് നേരേയാണ് ഇസ്രയേല്‍ ഞായറാഴ്ച ശക്തമായ ആക്രമണം നടത്തിയത്. ഇറാനിലെ മൂന്ന് ആണവനിലയങ്ങള്‍ക്ക് നേരേ യുഎസ് ബോംബാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇസ്രയേലിന്റെ ആക്രമണവും. ജൂണ്‍ 13 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനികകമാന്‍ഡര്‍മാരെ ഉള്‍പ്പെടെ ഇസ്രയേല്‍ വധിച്ചിരുന്നു.
ഞായറാഴ്ച അർധരാത്രിയോടെ ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) ഇറാനിലെ വിവിധകേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തി. ടെഹ്‌റാനിലെയും പടിഞ്ഞാറന്‍ ഇറാനിലെയും സൈനികത്താവളങ്ങള്‍ക്ക് നേരേയാണ് ഏറ്റവും പുതിയ ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ടെഹ്‌റാനിലും തബ്രിസിലും ഉള്‍പ്പെടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായി ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ യുഎസ് നടത്തിയ ബോംബാക്രമത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് അപലപിച്ചു. ഇത് അപകടകരമായ വഴിത്തിരിവാണെന്നും സംഘര്‍ഷം അവസാനിപ്പിക്കാനും ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഞായറാഴ്ച ചേര്‍ന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അദ്ദേഹം പറഞ്ഞു.
ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണം ചര്‍ച്ചചെയ്യാനാണ് ഞായറാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. എന്നാല്‍, ഇറാന്റെ ആണവസമ്പുഷ്ടീകരണശേഷി ഇല്ലാതാക്കാനും ആണവഭീഷണി തടയാനുമാണ് ഇറാനുനേരേ ആക്രമണം നടത്തിയതെന്ന് യുഎസ് വക്താവ് യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു. ആഗോള അരക്ഷിതാവസ്ഥയുടെ ദീര്‍ഘകാലമായുള്ള ഉറവിടം ഇല്ലാതാക്കുക എന്നതാണ് യുഎസിന്റെ ദൗത്യമെന്നും ഇറാന്‍ ഏറെക്കാലമായി അവരുടെ ആണവായുധ പദ്ധതികള്‍ രഹസ്യമാക്കിവെയ്ക്കുകയാണെന്നും ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുകയാണെന്നും യുഎസ് വക്താവ് ദൊറോത്തി ഷെഹ ആരോപിച്ചു. അമേരിക്കക്കാര്‍ക്ക് നേരേയോ അമേരിക്കന്‍ സൈനികതാവളങ്ങള്‍ക്ക് നേരേയോ നേരിട്ടോ അല്ലാതെയോ ഇറാന്‍ എന്തെങ്കിലും ആക്രമണം നടത്തിയാല്‍ അതിന് വിനാശകരമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും യുഎസ് വക്താവ് വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ അടിയന്തരവും നിരുപാധികവുമായ വെടിനിര്‍ത്തലിന് പ്രമേയം പാസാക്കണമെന്ന് റഷ്യയും ചൈനയും പാകിസ്താനും കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ യുഎസ് നടത്തിയ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു. പരിക്കേറ്റവരില്‍ ഏഴുപേര്‍ ആശുപത്രി വിട്ടെന്നും ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലകളില്‍ ആണവവികിരണമില്ലെന്നും ഇറാന്‍ റെഡ് ക്രസന്റ് മേധാവി പീര്‍ഹുസൈന്‍ കൗലിവാന്ദ് അറിയിച്ചു.
ഇറാനിലെ ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ യുഎസ് ആക്രമണം നടത്തിയതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയും സ്ഥിരീകരിച്ചു. നതാന്‍സിലെയും ഇസ്ഫഹാനിലെയും ആണവകേന്ദ്രങ്ങള്‍ക്ക് നേരത്തേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ ഇസ്ഫഹാനില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായതായും ഫൊര്‍ദോയിലെ ഭൂഗര്‍ഭ ആണവകേന്ദ്രത്തെ ആക്രമണം നേരിട്ട് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആണവകേന്ദ്രത്തിലെ യുറേനിയം സമ്പുഷ്ടീകരണ ഹാളുകളിലെ നാശനഷ്ടത്തിന്റെ വ്യാപ്തി എത്രയാണെന്ന് കൃത്യമായി നിര്‍ണയിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് ആക്രമണത്തിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ രംഗത്തെത്തി. യുഎസ് നടത്തിയ ആക്രമണത്തിന് അവര്‍ക്ക് മറുപടി ലഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനിന് നേരേ സൈനിക ആക്രമണം നടന്നതായും എന്നാല്‍, അതിനെ പ്രതിരോധിച്ചെന്നും പ്രസിഡന്റ് പറഞ്ഞു. ഭീഷണികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും ആക്രമണത്തിന് ഉചിതമായരീതിയില്‍ പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസിന്റെ വ്യോമാക്രമണം നടന്ന ആണവകേന്ദ്രങ്ങള്‍ അതിവേഗം പുനര്‍നിര്‍മിച്ചുവരികയാണെന്ന് ഇറാന്‍ ആണവോര്‍ജ ഏജന്‍സിയും അവകാശപ്പെട്ടു. കൂടുതല്‍ ശക്തമായ ഇവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഇറാന്‍ ആണവോര്‍ജ ഏജന്‍സി പ്രഖ്യാപിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് നേരേ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 86 പേര്‍ക്ക് പരിക്കേറ്റതായി 'ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവ്, നെസ്സ് സിയോണ തുടങ്ങിയ മേഖലകളിലാണ് ഇറാന്‍ ശക്തമായ മിസൈലാക്രമണം നടത്തിയത്. ഹൈഫയിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകരാറിലായെന്നും ഇതേത്തുടര്‍ന്ന് നഗരത്തില്‍ അപായസൂചന നല്‍കുന്ന സൈറണ്‍ പോലും മുഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Nine killed, including seven IRGS members, in Israeli strikes on Iran
Published: 23 Jun 2025, 02:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented