ടെഹ്റാൻ: ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളെ ശക്തമായി വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. വെടിനിർത്തൽ വേണോ അതോ ഇസ്രയേൽ വഴിയുള്ള യുദ്ധം തുടരണമോ എന്ന കാര്യത്തിൽ അമേരിക്ക വ്യക്തമായ തീരുമാനമെടുക്കണമെന്ന് അബ്ബാസ് അരാഗ്‌ചി ആവശ്യപ്പെട്ടു. ബയ്‌റുത്തിലും പരിസര പ്രദേശങ്ങളിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അരാഗ്ചിയുടെ പ്രതികരണം.

To advertise here,

ഇറാൻ-യുഎസ് വെടിനിർത്തൽ നിബന്ധനകൾ വ്യക്തമാണ്. ഒരേസമയം വെടിനിർത്തലും ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധവും മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അരാഗ്ചി പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടിലൊന്ന് അമേരിക്ക തിരഞ്ഞെടുത്തേ മതിയാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ലെബനനിൽ നടക്കുന്ന കൂട്ടക്കൊലകൾ ലോകം കാണുന്നുണ്ടെന്ന് അരാഗ്‌ചി കൂട്ടിച്ചേർത്തു. തീരുമാനം എടുക്കേണ്ടത് അമേരിക്കയാണെന്നും വാഗ്ദാനങ്ങൾ പാലിക്കാൻ അവർ തയ്യാറാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലെബനനിൽ ഇപ്പോൾ നടത്തുന്ന വ്യോമാക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയ പശ്ചാത്തലത്തിൽകൂടിയാണ് അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.