
ബയ്‌റൂത്ത്: നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരുമടങ്ങുന്ന 117 ഇറാനികളെ ലെബനന്റെ തലസ്ഥാനമായ ബയ്‌റൂത്തിൽ നിന്ന് റഷ്യൻ വിമാനത്തിൽ ഒഴിപ്പിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ഒഴിപ്പിക്കൽ നടന്നത്. കൊല്ലപ്പെട്ടവരിൽ ഇറാന്റെ പിന്തുണയുള്ള ഖുദ്സ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് ഇറാനിയൻ പ്രതിനിധി സംഘവുമായി റഷ്യൻ വിമാനം ബയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ഈ ആഴ്ച കൊല്ലപ്പെട്ട ഒരു ഇറാനിയൻ നയതന്ത്രജ്ഞന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങളും ഇതേ വിമാനത്തിൽ കൊണ്ടുപോയിട്ടുണ്ട്.
ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ പ്രവർത്തനങ്ങൾക്ക് ലെബനൻ നിരോധനം ഏർപ്പെടുത്തി. കൂടാതെ ഇറാൻ പൗരന്മാർക്ക് വിസ നിർബന്ധമാക്കിയതിനും പിന്നാലെയാണ് ഈ അടിയന്തര ഒഴിപ്പിക്കൽ നടന്നത്. ഹിസ്ബുള്ളയെയും ഇറാന്റെ പിന്തുണയുള്ള ഖുദ്‌സ് ഫോഴ്‌സിനെയും ലക്ഷ്യമിട്ട് ലെബനൻ തലസ്ഥാനമായ ബയ്‌റൂത്തിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരുന്നു. ഇസ്രയേൽ ആക്രമണങ്ങൾ രാജ്യത്ത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായിരുന്നു. നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. ഇതോടെ ഹിസ്ബുള്ളയ്ക്കും ഐആർജിസിക്കുമെതിരെ നടപടിയെടുക്കാൻ ലെബനൻ നിർബന്ധിതരായി.
നേരത്തെ ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്കും നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലെബനൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബയ്‌റൂത്തിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങൾക്ക് സമീപം ഇസ്രയേൽ വ്യോമാക്രമണം തുടരുന്നുണ്ടെങ്കിലും വിമാനത്താവളം ഇപ്പോഴും പ്രവർത്തനക്ഷമമാണ്. നിലവിൽ ലെബനന്റെ ദേശീയ വിമാനക്കമ്പനിയായ മിഡിൽ ഈസ്റ്റ് എയർലൈൻസ് (MEA) മാത്രമാണ് കാര്യമായ തോതിൽ സർവീസുകൾ നടത്തുന്നത്.
Content Highlights: Evacuation of 117 Iranian officials from Beirut via Russian aircraft., Retaliation following Israeli strikes targeting IRGC and Quds Force commanders., Lebanon imposes restrictions on IRGC and mandates visas for Iranian citizens., Ongoing Israeli military operations near Hezbollah strongholds in Beirut.
Published: 08 Mar 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented