
ദോഹ: മൂന്നുമാസമായി നടക്കുന്ന പശ്ചിമേഷ്യാ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതുസംബന്ധിച്ച് യു.എസ്. സർക്കാർ വ്യത്യസ്ത പ്രസ്താവനകൾ നടത്തവേ, ഇറാൻ പ്രതിനിധിസംഘം ഖത്തറിൽ. സമാധാനക്കരാർ സംബന്ധിച്ച ധാരണാപത്രത്തിലൊപ്പിടുന്നതിന് വഴിമുടക്കി നിൽക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യുന്നതിനാണ് സന്ദർശനം. ഇതിനിടെയാണ് യുഎസ് ദക്ഷിണ ഇറാനിൽ ആക്രമണം നടത്തിയിരിക്കുന്നത്. ഇറാനിയൻ സേനയുടെ ഭീഷണികളിൽ നിന്ന് യുഎസ് സൈന്യത്തെ സംരക്ഷിക്കുന്നതിനായി 'സ്വയം പ്രതിരോധ ആക്രമണം' ആണ് നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ ആക്രമണം ചർച്ചകളെ തടസ്സപ്പെടുത്തിയേക്കുമെന്നാണ് ആശങ്ക ഉയർന്നിട്ടുണ്ട്.
യു.എസുമായുള്ള ചർച്ചയിൽ ഇറാൻ പ്രതിനിധിസംഘത്തെ നയിക്കുന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, കേന്ദ്രബാങ്ക് ഗവർണർ അബ്ദൊൾനാസർ ഹെമാതി എന്നിവരാണ് ഖത്തറിലെത്തിയ സംഘത്തിലുള്ളത്. കഴിഞ്ഞദിവസം ഖത്തർ പ്രതിനിധിസംഘം ഇറാൻ സന്ദർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. വിദേശത്തുള്ള ഇറാന്റെ സ്വത്തുക്കൾ മരവിപ്പിച്ചിരിക്കുന്നത് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായിരുന്നു ഇതെന്നാണ് വിവരം. സമാധാനചർച്ചകളിലെ പ്രധാനവിഷയമാണിത്.
അതിനിടെ, അമേരിക്ക ഒന്നുകിൽ ഇറാനുമായി മികച്ച കരാറുണ്ടാക്കും, അല്ലെങ്കിൽ ആ രാജ്യത്തെ മറ്റൊരുവിധത്തിൽ കൈകാര്യം ചെയ്യുമെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ ന്യൂഡൽഹിയിൽ പറഞ്ഞു. ഇറാനെതിരേ ബദൽമാർഗങ്ങൾ പരീക്ഷിക്കുന്നതിനുമുൻപായി എല്ലാത്തരം നയതന്ത്രശ്രമങ്ങളും നടത്തുമെന്നും പറഞ്ഞു.
ഇറാനുമായുള്ള കരാറിന് അന്തിമരൂപമാകുന്നുവെന്നറിയിച്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പിന്നീട് തിടുക്കപ്പെട്ട് കരാറുണ്ടാക്കേണ്ടെന്ന് തന്റെ പ്രതിനിധികളോടു നിർദേശിച്ചിരുന്നു. പിന്നാലെയാണ് റൂബിയോയുടെ പ്രസ്താവന.
അതേസമയം, പല വിഷയത്തിലും സമവായത്തിലെത്തിയെന്നും എന്നാൽ, അതിനർഥം തങ്ങൾ കരാറൊപ്പിടുന്നതിന് അടുത്തെത്തി എന്നല്ലെന്നും ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഘായി തിങ്കളാഴ്ച പറഞ്ഞു. ''പരിഗണനയിലുള്ള 14 വ്യവസ്ഥകളടങ്ങിയ ധാരണാപത്രം യുദ്ധവും ഹോർമുസ് കടലിടുക്കിൽ യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധവും അവസാനിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹോർമുസിലൂടെ സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കാനുള്ള നടപടികൾ ഇറാൻ സ്വീകരിക്കുന്നതിന് പകരമായാണിതെ''ന്ന് ബഘായ് പറഞ്ഞു.
നിലവിലെ ചർച്ചകൾ ആണവവിഷയത്തിൽ കേന്ദ്രീകരിക്കുന്നില്ലെന്നും കരടുകരാറിന്റെ രൂപരേഖയായതിനുശേഷമുള്ള 60 ദിവസത്തിനുള്ളിൽ ആണവചർച്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച ട്രംപ് നടത്തിയ പ്രസ്താവനയാണ് വെടിനിർത്തൽ ആസന്നമാണെന്ന പ്രതീക്ഷ നാമ്പിടാൻ കാരണം. ഹോർമുസ് തുറക്കുന്നതിന് അവസരമൊരുക്കിക്കൊണ്ടുള്ള സമാധാന ഉടമ്പടിയുടെ കാര്യത്തിൽ ഇറാനും യു.എസും അന്തിമതീരുമാനത്തിലേക്ക് എത്തുന്നെന്നാണ് ട്രംപ് പറഞ്ഞത്. അതേസമയം, നിർദിഷ്ട ധാരണാപത്രത്തിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും നടത്തിപ്പും സംബന്ധിച്ച വ്യവസ്ഥകളില്ലെന്ന് ബഘായി പറഞ്ഞു.
യുഎസ് ആക്രമണം സമാധാനക്കരാറിനായി ഇറാൻ സംഘം ഖത്തറിൽ സന്ദർശനം നടത്തുന്നതിനിടെ
Content Highlights: Iranian delegation led by Mohammad Bagher Ghalibaf arrives in Qatar for peace discussions., US conducted defensive airstrikes in Southern Iran, complicating diplomatic effort
Published: 26 May 2026, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented