ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ വ്യോമാക്രമണം നടത്തി ഇറാൻ. ഞായറാഴ്ച പുലർച്ചെ യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം. യുഎഇയിൽ പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് ആക്രമണം ഉണ്ടായത്.

To advertise here,

ആക്രമണത്തിൽ ഖത്തറിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നതായി ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒമാനിലെ മുസണ്ടം ഗവർണറേറ്റിൽ ഡ്രോൺ ആക്രമണം ഉണ്ടായെന്ന് ഒമാനും സ്ഥിരീകരിച്ചു.

ആക്രമണത്തിൽ കുവൈറ്റിലെ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം, വെടിമരുന്ന് ശാല, യുഎസ് റഡാർ കേന്ദ്രം എന്നിവ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, തങ്ങളുടെ ആകാശപരിധിയിൽ എത്തിയ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി പ്രതിരോധിച്ചതായും എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞദിവസം ഇറാനിലെ 140 സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ ഇറാൻ്റെ ആക്രമണം. ഇറാന്റെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസ്, ആണവ നിലയം സ്ഥിതിചെയ്യുന്ന ബുഷെർ, സിറിക്, ചാബഹാർ തുടങ്ങിയ ഭാഗങ്ങളിൽ യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങളിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തടയാനാണ് ആക്രമണം നടത്തിയതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം.

ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയുള്ള കപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് സാഹചര്യം വഷളായത്. മേഖലയിലെ യുഎസ് ഇടപെടലുകൾ അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കുമായി അടച്ചിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏകപക്ഷീയമായ കരാറുകളുടെ കാലം അവസാനിച്ചുവെന്നും തങ്ങളുടെ മുന്നറിയിപ്പുകൾ ഗൗനിക്കാത്തവർ വലിയ വില നൽകേണ്ടിവരുമെന്നും ഇറാന്റെ പ്രതിനിധി മുഹമ്മദ് ബാഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.