ടെഹ്റാൻ: യുഎസ്- ഇറാൻ സംഘർഷത്തിൽ യുഎസിന്റെ സൈനിക കേന്ദ്രങ്ങളെ നിരീക്ഷിക്കാൻ ചൈനീസ് നിർമ്മിത ഉപഗ്രഹം ഇറാൻ ഉപയോഗിച്ചതായുള്ള റിപ്പോർട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നു. ചൈനീസ് കമ്പനിയായ എർത്ത് ഐ വികസിപ്പിച്ച ടിഇഇ-01ബി എന്ന ഉപഗ്രഹം ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ ഉപയോഗിച്ചെന്നായിരുന്നു ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇതിനെ പിന്തുണച്ചു കൊണ്ട് ഇപ്പോൾ ഇന്ത്യൻ ബഹിരാകാശ വിദഗ്ദരും രംഗത്തെത്തി.

To advertise here,

തക്ഷശില ഇൻസ്റ്റിറ്റ്യൂഷനിലെ സ്പേസ് പവർ അനലിസ്റ്റ് ആയ അശ്വിൻ പ്രസാദ് റാവുവും ആദ്യത്യ രാമനാഥനും ചേർന്നാണ് ടിഇഇ-01 ബി ഉപഗ്രത്തിന്റെ പരിക്രമണ ഡാറ്റ വിശകലനം ചെയ്തുകൊണ്ടുള്ള കുറിപ്പ് എക്സിൽ പങ്കുവെച്ചത്. ഒന്നിലധികം യുഎസ് ബേസുകൾ നിത്യവും ഈ സാറ്റലൈറ്റിന്റെ സർവൈലൻസിലായിരുന്നുവെന്ന് വിശകലത്തിൽ ചൂണ്ടിക്കാട്ടുന്നു.

യുഎസ് സ്പേസ് ഫോഴ്സിന്റെ സ്പേസ്-ട്രാക്ക് ഡാറ്റാബേസിൽ നിന്നുള്ള ഓർബിറ്റൽ വിവരങ്ങൾ, എസ്ജിപി - ഓർബിറ്റ് പ്രൊപ്പഗേഷൻ മോഡൽ, ഉപഗ്രഹങ്ങൾ കടന്നുപോകുമ്പോൾ പകൽ വെളിച്ചത്തിന്റെ സ്ഥിതി നിർണ്ണയിക്കുന്ന നാസയുടെ ഉപഗ്രഹ ഡാറ്റ തുടങ്ങി പൊതുവായി ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചാണ് ഇവർ വിശകലനം നടത്തിയത്. ഗവേഷകരുടെ വിശകലനപ്രകാരം, ഈ കാലയളവിൽ ടിഇഇ -01ബി എല്ലാ ദിവസവും ഓരോ സ്ഥലങ്ങളിൽ കൂടി കുറഞ്ഞത് ഒരു പകൽ വെളിച്ചത്തിലെങ്കിലും കടന്നുപോയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ്, കുവൈത്തിലെ ബ്യൂഹ്രിംഗ് ക്യാമ്പ്, അലി അൽ സലേം എയർ ബേസ്, ജിബൂട്ടിയിലെ ക്യാമ്പ് ലെമോണിയർ, ഒമാനിലെ ദുകം വിമാനത്താവളം എന്നിവ ടിഇഇ -01ബിയുടെ നിരീക്ഷണത്തിൽ ഉൾപ്പെട്ടിരുന്നു. ഓരോ പ്രദേശത്തിൽ കൂടി ഡസൻ കണക്കിന് തവണ ഇവ സഞ്ചരിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ചില പ്രദേശത്ത് 50 ലേറെ തവണ കടന്നുപോയതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിരീക്ഷണത്തിനായി ഉപഗ്രഹങ്ങളെ സജീവമായി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഉപഗ്രങ്ങൾ ഭ്രമണപഥത്തിൽ സ്ഥാപിച്ചതിന് ശേഷം അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് അതിന്റെ ഇൻ ഓർബിറ്റ് ഡെലിവറി സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എർത്ത് ഐ. ഇതിനു പുറമെ ബീജിങ് ആസ്ഥാനമായുള്ള എംപോസ്റ്റ് എന്ന കമ്പനിയുടെ ആഗോള ഗ്രൗണ്ട് സ്റ്റേഷൻ ശൃംഖല ഉപയോഗിക്കാനുള്ള അനുമതിയും ഇറാന് ലഭിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

മാർച്ചിൽ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ നടന്ന ആക്രമണത്തിൽ അമേരിക്കൻ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു.