ടെഹ്‌റാൻ: യുഎസിന്റെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനുനേരെ ആക്രമണം നടത്തിയതായി ഇറാൻ. എന്നാൽ ഇത് പരാജയപ്പെടുത്തിയെന്ന് യുഎസ് സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിനടുത്ത് വെച്ച് അമേരിക്കൻ വിമാനം ഇറാനിയൻ എണ്ണ ടാങ്കറും തങ്ങളുടെ ടെലി കമ്മ്യൂണിക്കേഷൻ ടവറും ആക്രമിച്ചതിനുള്ള പ്രതികാരമായിട്ടാണ് പ്രത്യാക്രമണങ്ങളെന്നാണ് ഇറാൻ സൈന്യം അവകാശപ്പെട്ടിരിക്കുന്നത്.

To advertise here,

ആദ്യം യുഎസാണ് ഇറാൻ കപ്പലിന് നേരെ ആക്രമണം നടത്തിയത്. യുഎസിന്റെ ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ റൂമിന് കേടുപാടുകൾ സംഭവിച്ചതായും ഐആർജിസി അറിയിച്ചു. ഇതിന് പ്രതികാരമായി അമേരിക്കൻ-ഇസ്രായേലി ബന്ധമുള്ള എം.എസ്.സി പനായ എന്ന കപ്പലിന് നേരെ ഇറാൻ നാവിക സേന മിസൈൽ ആക്രമണം നടത്തി.

തുടർന്ന് അമേരിക്കൻ സേന ഖേശ്മ് ദ്വീപിന്റെ തെക്കൻ ഭാഗത്തുള്ള തങ്ങളുടെ കമ്മ്യൂണിക്കേഷൻസ് ടവർ ലക്ഷ്യമിട്ടതായി ഐആർജിസിയുടെ പ്രസ്താവനയിൽ പറയുന്നു. പിന്നീടാണ് ബഹ്‌റൈനിലുള്ള യുഎസിന്റെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തിനും മേഖലയിലെ ഒരു യുഎസ് നാവികതാവളത്തിനും നേരെ ആക്രമണം നടത്തിയതായി ഐർആർജിസി അവകാശപ്പെട്ടിരിക്കുന്നത്.

അമേരിക്കൻ സേനയ്ക്കെതിരായ എല്ലാ ഇറാനിയൻ ആക്രമണങ്ങളും പരാജയപ്പെടുത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിയൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുഎസ് സേന ജാഗ്രത പാലിക്കുകയും സജ്ജരായിരിക്കുകയും ചെയ്യുന്നുവെന്നും യുഎസ് വ്യക്തമാക്കി. അഞ്ചാം കപ്പൽപ്പടയ്ക്കുനേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ വാദം തെറ്റാണെന്ന് അവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കുവൈത്തിന് നേരെയും ഇറാൻ മിസൈൽ ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ആക്രമണത്തിൽ 56 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.