ടെഹ്റാൻ: ഖത്തറിലെ അൽ-ഖോറിൽ സ്ഥിതി ചെയ്യുന്ന യുഎസ് സ്‌പേസ് ഫോഴ്സിന്റെ അത്യാധുനിക എൻ/എഫ്പിഎസ്-132 (ബ്ലോക്ക് 5) ബാലിസ്റ്റിക് മിസൈൽ ഏർലി വാണിങ് റഡാർ സംവിധാനം ഇറാന്റെ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ഏകദേശം 110 കോടി ഡോളർ (ഏകദേശം 10,000 കോടിയോളം രൂപ) വിലമതിക്കുന്ന ഈ റഡാർ സംവിധാനം പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ റഡാറുകളിൽ ഒന്നാണ്. പ്ലാനറ്റ് ലാബ്‌സിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ റഡാർ നിലയത്തിനുണ്ടായ നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അൽ ഉദൈദ് എയർ ബേസിന് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയോടെയാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ നടത്തിയ 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ആക്രമണം ഉണ്ടായത്. യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണങ്ങൾക്ക് പകരമായാണ് തങ്ങൾ ഈ കൃത്യതയാർന്ന മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ അവകാശപ്പെടുന്നു. കുറഞ്ഞ ചിലവിലുള്ള ഷഹീദ് ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ചാണ് പ്രതിരോധ നിരയെ ഭേദിച്ച് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. ആക്രമണം നടന്ന സ്ഥലത്ത് തകർന്നു വീണ അവശിഷ്ടങ്ങളും തീപിടുത്തമുണ്ടായതിന്റെ അടയാളങ്ങളും ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
മേഖലയിലെ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ല് എന്നാണ് സൈനിക വിദഗ്ധർ ഈ റഡാറിനെ വിശേഷിപ്പിക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അയൽരാജ്യങ്ങളുടെ ഉൾപ്രദേശങ്ങളിൽ നിന്ന് തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ പോലും വിക്ഷേപണ സമയത്ത് തന്നെ തിരിച്ചറിയാൻ കഴിയുന്ന 5,000 കിലോമീറ്റർ പരിധിയാണ് ഇതിനുള്ളത്. ലോകത്ത് ഇത്തരത്തിലുള്ള ആറ് റഡാറുകൾ മാത്രമാണ് നിലവിലുള്ളത്. മൂന്ന് വശങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക്കലി സ്റ്റിയേർഡ് ഫേസ്ഡ്-അറേ ഫേസുകൾ വഴി 360 ഡിഗ്രിയിൽ നിരീക്ഷണം നടത്താൻ ഇതിന് സാധിക്കും.
ഈ റഡാർ സംവിധാനത്തിന്റെ തകർച്ച യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രതിരോധ ശേഷിയെയും നിരീക്ഷണ പാടവത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളെയും ബഹിരാകാശ വസ്തുക്കളെയും നിരന്തരം നിരീക്ഷിക്കുന്ന ഈ സംവിധാനം മിസൈൽ വേധ സംവിധാനങ്ങളായ താഡ്, പേട്രിയറ്റ് എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ നിർണ്ണായകമാണ്. റഡാർ പ്രവർത്തനരഹിതമായതോടെ പേർഷ്യൻ ഗൾഫ് മേഖലയിലുടനീളമുള്ള മിസൈൽ പ്രതിരോധത്തിനായുള്ള പ്രതികരണ സമയം ഗണ്യമായി കൂടും.
മിസൈൽ മുന്നറിയിപ്പിന് പുറമെ, പുതിയ സാറ്റലൈറ്റുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും നിരീക്ഷിക്കുന്ന സ്പേസ് സർവൈലൻസ് നെറ്റ്‌വർക്കിന്റെ ഭാഗമായും ഈ റഡാർ പ്രവർത്തിച്ചിരുന്നു. യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രധാന കേന്ദ്രമായ അൽ ഉദൈദ് എയർ ബേസിന് തൊട്ടടുത്തുള്ള ഈ തന്ത്രപ്രധാന കേന്ദ്രം തകർത്തത് വഴി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പ്രതിരോധ കവചത്തെ ദുർബലപ്പെടുത്തുകയാണ് ഇറാൻ ലക്ഷ്യമിട്ടത്. മിസൈൽ പ്രതിരോധത്തിന്റെ ആദ്യ ഘട്ടമായ സെൻസർ പാളിയെ തന്നെ ആക്രമിച്ചത് വഴി യുഎസ് സൈനിക നീക്കങ്ങളുടെ വേഗത കുറയ്ക്കാൻ ഇറാന് സാധിച്ചുവെന്നാണ് വിലയിരുത്തൽ.
Content Highlights: Satellite imagery confirms an Iranian attack damaged the strategic $1.1B AN/FPS-132 missile defense radar in Qatar, impacting US CENTCOM's capabilities.
Published: 04 Mar 2026, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented