വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരം ഇസ്രായേൽ അമേരിക്കയുമായി പങ്കുവെച്ചതായി റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളായ വാൾസ്ട്രീറ്റ് ജേണലും സിഎൻഎനും ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈയാഴ്ചയാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ് ലഭിച്ചതെന്നാണ് വിവരം.
ട്രംപിനെ വധിക്കാനുള്ള സാധ്യതകളെക്കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎസിന് സ്ഥിരമായി രഹസ്യാന്വേഷണ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ ഇസ്രായേലിൽ നിന്നുള്ള മുന്നറിയിപ്പ് പുതിയതും ഒരു പ്രത്യേക ഗൂഢാലോചനയെക്കുറിച്ചുള്ളതുമായിരുന്നുവെന്നും യുഎസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ വർദ്ധിപ്പിക്കുന്നതിനായി ട്രംപിനെ സ്വാധീനിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗംകൂടിയായിരിക്കാം ഇസ്രയേലിന്റെ റിപ്പോർട്ടെന്ന് മറ്റു ചില യുഎസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായും സിഎൻഎൻ വ്യക്തമാക്കി.
ഇറാൻ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ ഒന്നാം നമ്പർ ലക്ഷ്യം താനാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇസ്രയേലി രഹസ്യാന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട് വാൾ സ്ട്രീറ്റ് ജേണൽ വൈറ്റ്ഹൗസിനോട് പ്രതികരണം തേടിയപ്പോൾ ട്രംപിന്റെ സമീപകാല പ്രസ്താവനകൾ പരിശോധിക്കാനാണ് ആവശ്യപ്പെട്ടത്.
'അവർക്ക് നേതാക്കളുണ്ടായിരുന്നു, അവർ ഇല്ലാതായി. ഇപ്പോൾ അവർക്ക് മറ്റൊരു കൂട്ടം നേതാക്കളുണ്ട്. അവരും ഇല്ലാതായേക്കാം. ഒപ്പം ഒരു കാര്യം കൂടി അറിയുക, ഞാനും ഇല്ലാതായേക്കാം; കാരണം ഞാനാണ് അവരുടെ പ്രധാന ലക്ഷ്യം' കഴിഞ്ഞ ദിവസം ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ ട്രംപ് പറഞ്ഞു.
'എന്നെയാണ്, അമേരിക്കൻ നേതാവിനെയാണ് അവർ ഇല്ലാതാക്കാൻ നോക്കുന്നത്,ഞാനുമുണ്ട് ആ ലിസ്റ്റുകളിൽ. ഇന്ന് രാവിലെ ഞാൻ കണ്ടു, ഞാൻ അവരുടെ എല്ലാ ലിസ്റ്റുകളിലും ഉണ്ട്. ഇതുവരെ ഭാഗ്യത്തിന് ഞാൻ രക്ഷപ്പെട്ടു, പക്ഷേ അത് അധികനാൾ നീണ്ടുനിൽക്കില്ലായിരിക്കാം. ഇവർ ദുഷ്ടരും മാനസിക രോഗികളുമാണ്. ഈ കാൻസർ നമുക്ക് തുടച്ചുനീക്കണം. ആ കാൻസർ. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് അറിയാമോ? കാൻസർ നേരത്തെ തന്നെ നീക്കം ചെയ്യണം. അതാണ് എന്റെ തോന്നൽ' ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഈ പ്രസ്താവനയിൽ ഒരു ലിസ്റ്റ് താൻ കണ്ടുവെന്ന് ട്രംപ് പറയുന്നുണ്ട്. എന്നാൽ ഇത് ഇസ്രയേലിന്റെ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ളതാണോ എന്ന് വ്യക്തമല്ല.
ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ട്രംപിന്റെ മരണം എന്ന് ജനക്കൂട്ടം ആർത്ത് വിളിച്ചിരുന്നു. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. ഇറാനുമായുള്ള വെടിനിർത്തൽ അവസാനിച്ചതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇറാനുമായുള്ള സംഘർഷം വീണ്ടും തുടങ്ങിയതിന് പിന്നാലെ ട്രംപിന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. സുരക്ഷാ ആശങ്കകളെ തുടർന്ന് കഴിഞ്ഞ ദിവസം നാറ്റോ ഉച്ചകോടിക്ക് ശേഷം തുർക്കിയിൽ നിന്ന് വരുമ്പോൾ ട്രംപിന്റെ വിമാനം മാറ്റിയിരുന്നു. ഖത്തർ സമ്മാനിച്ച പുതിയ എയർഫോഴ്‌സ് വൺ വിമാനത്തിന് പകരം പഴയ വിമാനത്തിലാണ് അദ്ദേഹം മടക്കയാത്ര നടത്തിയത്. വിമാനമാറ്റം സംബന്ധിച്ച് യുഎസ് ഉദ്യോഗസ്ഥർ പ്രത്യേക വിശദീകരണം നടത്തിയിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകൾ കാരണം ഇതിന് പിന്നിലെന്നാണ് സൂചനകൾ. തുർക്കിയിൽനിന്ന് പഴയ എയർഫോഴ്‌സ് വണ്ണിൽ യാത്ര ചെയ്ത ട്രംപ് യുകെയിലെ സൈനിക താവളത്തിലെത്തിയ ശേഷം പുതിയ വിമാനത്തിൽ മാറി കയറുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ട്രംപിനോട് ചോദിച്ചപ്പോൾ, യുകെയിലെ സൈനികർക്ക് പുതിയ വിമാനം കാണുന്നതിന് വേണ്ടിയാണെന്നായിരുന്നു വിശദീകരണം.
Content Highlights: Israel shared intelligence with the US regarding a new Iranian plot to assassinate Donald Trump., US officials are analyzing the threat while noting potential geopolitical motivations behind the intelligence report., Trump publicly addressed being a primary target for Iran, citing a 'list' of individuals they wish to eliminate., Security for the former president has been intensified, including changes to his official aircraft travel protocols., The US-Iran ceasefire has effectively ended, leading to renewed tensions and military alerts.
Published: 10 Jul 2026, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented