ഉഫ (റഷ്യ): 19 ദിവസം മുമ്പ് റഷ്യയിലെ ഉഫ നഗരത്തില്‍നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം അണക്കെട്ടില്‍. രാജസ്ഥാന്‍ സ്വദേശിയായ അജിത് സിങ് ചൗധരിയുടെ (22) മൃതദേഹമാണ് വ്യാഴാഴ്ച വൈറ്റ് നദിയോട് ചേര്‍ന്നുള്ള അണക്കെട്ടില്‍നിന്ന് കണ്ടെടുത്തത്.

To advertise here,

രാജസ്ഥാനിലെ അല്‍വാറിലെ ലക്ഷ്മണ്‍ഗഡിലെ കഫന്‍വാഡ ഗ്രാമവാസിയായ അജിത് 2023-ല്‍ ബഷ്‌കിര്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ എംബിബിഎസ് കോഴ്സിനായാണ് റഷ്യയിലെത്തിയത്.  ഇക്കഴിഞ്ഞ ഒക്ടോബര്‍ 19-ന് ഉഫയില്‍ നിന്നാണ് അജിത്തിനെ കാണാതായത്. പാല്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ 11 മണിയോടെ അജിത്ത് ഹോസ്റ്റിലില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. അജിത്തിന്റെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അജിത്തിന്റെ മരണ വാര്‍ത്ത റഷ്യയിലെ ഇന്ത്യന്‍ എംബസിയാണ് കുടുംബത്തെ അറിയിച്ചത്. 

19 ദിവസം മുമ്പ് ഇയാളുടെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, ഷൂ എന്നിവ നദീതീരത്തുനിന്ന് കണ്ടെത്തിയതായി മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആല്‍വാര്‍ പറഞ്ഞു. കാണാതാകുന്നതിന് അടുത്ത ദിവസങ്ങളില്‍ അജിത്തും മറ്റൊരു യുവാവും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.