ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹൊർമുസ് കടലിടുക്ക് കടക്കാനൊരുങ്ങി രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ. പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകളാണ് ഹൊർമുസ് കടക്കാനൊരുങ്ങുന്നത്. ഈ രണ്ടു കപ്പലുകളും നിലവിൽ യുഎഇയിലെ ഷാർജയ്ക്ക് സമീപമാണ് നങ്കൂരമിട്ടിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നിവ ചാർട്ടർ ചെയ്തിട്ടുള്ള ഈ കപ്പലുകൾ ശനിയാഴ്ചയോടെ യാത്ര തിരിച്ചേക്കുമെന്നാണ് കപ്പൽ ഗതാഗത വിവരങ്ങൾ സൂചിപ്പിക്കുന്നത്.

To advertise here,

അതിനിടെ, ഗൾഫ് മേഖലയിലുള്ള ഇന്ത്യയുടെ 22 കപ്പലുകളുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കി. കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

കപ്പലുകളുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ലെന്ന് ഷിപ്പിങ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. ഹൊർമുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണ-വാതക വിലയിൽ വലിയ വർധനവിനും അന്താരാഷ്ട്ര തലത്തിൽ വലിയ ഊർജ പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ സൈനിക നീക്കത്തിൽ ഇറാൻ്റെ  പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം ശക്തമായത്. ഇതിന് തിരിച്ചടിയായി അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിക്കുകയും ഹൊർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.

എന്നാൽ, തങ്ങളുടെ ശത്രുക്കൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമേ ഈ പാത അടച്ചിട്ടുള്ളൂവെന്നും മറ്റുള്ളവർക്ക് യാത്ര ചെയ്യാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ ശിവാലിക്, നന്ദാദേവി എന്നീ രണ്ട് കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.