യുണൈറ്റഡ് നേഷന്‍സ്: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സ്വന്തം ജനങ്ങള്‍ക്കുനേരേ ബോംബ് വര്‍ഷിക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ യുഎന്‍ അംബാസഡറായ പര്‍വതനേനി ഹരീഷ് വിമർശിച്ചു. 'സ്ത്രീകള്‍, സമാധാനവും സുരക്ഷയും' എന്ന വിഷയത്തില്‍ നടന്ന പൊതുസംവാദത്തിനിടെയാണ് ഇന്ത്യന്‍ പ്രതിനിധി പാകിസ്താനെതിരേ ആഞ്ഞടിച്ചത്. കശ്മീരി സ്ത്രീകള്‍ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങള്‍ സഹിക്കുന്നവരാണെന്ന് പാകിസ്താന്‍ പ്രതിനിധി ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ രൂക്ഷമായഭാഷയില്‍ മറുപടി നല്‍കിയത്.
പാകിസ്താന്‍ നടത്തുന്നത് വ്യവസ്ഥാപിതമായ വംശഹത്യയാണെന്നും തെറ്റിദ്ധാരണകളും അതിശയോക്തികളുംകൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരേയും പ്രത്യേകിച്ച് ജമ്മുകശ്മീരിനെതിരേയും പാകിസ്താന്‍ നടത്തുന്ന അധിക്ഷേപങ്ങളെയും ഇന്ത്യന്‍ പ്രതിനിധി രൂക്ഷമായി വിമര്‍ശിച്ചു.
''നിര്‍ഭാഗ്യവശാല്‍ എല്ലാവര്‍ഷവും എന്റെ രാജ്യത്തിനെതിരേ, പ്രത്യേകിച്ച് അവര്‍ കണ്ണുവെയ്ക്കുന്ന ജമ്മുകശ്മീരിനെതിരേ പാകിസ്താന്റെ വഞ്ചനാപരമായ അധിക്ഷേപങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീകള്‍, അവരുടെ സുരക്ഷ, സമാധാനം എന്നിവയില്‍ ഞങ്ങളുടെ പ്രവര്‍ത്തനം കളങ്കമില്ലാത്തതും കോട്ടംതട്ടാത്തതുമാണ്. സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായ വംശഹത്യ നടത്തുകയുംചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റിദ്ധാരണകള്‍ പരത്തി ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമം നടത്താനേ കഴിയുകയുള്ളൂ. 1971-ല്‍ ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റിലൂടെ സ്വന്തം സൈന്യത്തിന് നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നല്‍കിയ രാജ്യമാണ് പാകിസ്താന്‍. ലോകം പാകിസ്താന്റെ പ്രോപഗാന്‍ഡ കാണുന്നുണ്ട്'', ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ പര്‍വതനേനി ഹരീഷ് പറഞ്ഞു.
Content Highlights: India`s UN Ambassador Harish railed against Pakistan at the UN Security Council, accusing them of bombing their own citizens and committing systematic genocide, in response to allegations about Kashmir.
Published: 07 Oct 2025, 10:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented