ന്യൂയോർക്ക്: യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾക്ക് വിസെഗ്രാഡ് ഗ്രൂപ്പ് (വി4) രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ നാല് മധ്യ യൂറോപ്യൻ രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന് ഒറ്റക്കെട്ടായി പിന്തുണ നൽകിയത്. ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ വി4-ഇന്ത്യ വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ചയിലാണ് ഈ രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.

To advertise here,

ഇന്തോ-പസഫിക് മേഖലയിലെ വളർന്നുവരുന്ന വൻശക്തിയായ ഇന്ത്യ, യു.എൻ. രക്ഷാസമിതിയിൽ സ്ഥിരാംഗമായി വരണമെന്ന കാര്യത്തിൽ നാല് വി4 രാജ്യങ്ങളും പൂർണ്ണമായും യോജിക്കുന്നുവെന്ന് സ്ലൊവാക് വിദേശകാര്യമന്ത്രി യുറായ് ബ്ലാനാർ വ്യക്തമാക്കി. രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യ ശ്രമിക്കുന്നതിനിടെ ലഭിച്ച ഈ നിലപാട് ഏറെ നിർണായകമാണ്.

ഇരുവിഭാഗവും തമ്മിൽ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക, പ്രതിരോധ, സാംസ്കാരിക മേഖലകളിലും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും സഹകരണം ശക്തമാക്കാൻ ധാരണയായിട്ടുണ്ട്. ബഹിരാകാശം, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണവും യോഗത്തിൽ ചർച്ചയായി.

വി4-ഇന്ത്യ വിദേശകാര്യമന്ത്രിമാരുടെ ആദ്യ കൂടിക്കാഴ്ചയെ ‘ചരിത്ര നിമിഷം’ എന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്. സാങ്കേതികവിദ്യ, പ്രതിരോധം എന്നിവയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുമെന്ന് ജയശങ്കർ വ്യക്തമാക്കി. വി4 രാജ്യങ്ങളുമായി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് ശക്തമായ ചരിത്രബന്ധമുണ്ടെന്നും അത് പുതുക്കി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.