ജനീവ: സിന്ധു നദീജല കരാർ മരവിപ്പിച്ച വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. സ്ഥിരമായ സഹകരണത്തിന് വേണ്ടത് വിശ്വാസമാണ്, ഭീകരവാദമല്ലെന്ന് ഇന്ത്യ പറഞ്ഞു. 1960-ലെ ലോകമല്ല ഇന്നത്തേതെന്നും പാകിസ്താന്റെ ഭാഗത്തുനിന്നുള്ള സർക്കാർ പിന്തുണയോടെയുള്ള ഭീകരവാദം കരാർ പാലിക്കുന്നതിനുള്ള സാഹചര്യത്തെ ഇല്ലാതാക്കുന്നുവെന്നും ഇന്ത്യൻ നയതന്ത്രജ്ഞ അനുപമ സിങ് വ്യക്തമാക്കി.

To advertise here,

നല്ല സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു 1960-ൽ സിന്ധു നദീജല കരാറിൽ ഒപ്പുവെച്ചത്. എന്നാൽ 1960-ലെ ലോകമല്ല ഇന്നത്തേത്. പാകിസ്താനിൽ നിന്നുണ്ടാകുന്ന സർക്കാർ പിന്തുണയോടെയുള്ള ഭീകരവാദം കരാറിലെ വ്യവസ്ഥകളെ മാനിക്കുന്നതിനുള്ള സാഹചര്യത്തെ ഇല്ലാതാക്കുന്നുവെന്ന് അനുപമ സിങ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യയിലെ മുന്നേറ്റം, സുസ്ഥിരമായ ഊർജ്ജത്തിന്റെ ആവശ്യകത എന്നിവ ഇന്നത്തെ സാഹചര്യത്തിൽ കരാറിന്റെ പ്രസക്തി പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു

ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 1960-ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. ഈ വിഷയത്തിൽ പാകിസ്താൻ മനുഷ്യാവകാശ കൗൺസിലിൽ പരാതി ഉന്നയിച്ചിരുന്നു. ഇതിനെതിരായാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്. കൗൺസിലിന്റെ നടപടികളെ രാഷ്ട്രീയവൽക്കരിക്കാനും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഒരു പ്രത്യേക പ്രതിനിധി സംഘം നടത്തുന്ന ശ്രമങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി.