കൊച്ചി: ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണിയായി തുടരുമ്പോഴും യു.എസിലേക്കുള്ള കയറ്റുമതിയിലും അതുവഴിയുള്ള വരുമാനത്തിലും ഇടിവ്. 2025-26 സാമ്പത്തികവർഷം 20,263.27 കോടി രൂപയുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യയിൽനിന്ന് യു.എസിലേക്കെത്തി. മുൻവർഷമിത് 22,722.69 കോടി രൂപയായിരുന്നു. ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് മേൽ യു.എസ്. ചുമത്തിയ തീരുവ, പകരച്ചുങ്കം എന്നിവയുടെ സ്വാധീനത്തിൽ യു.എസിലേക്കുള്ള കയറ്റുമതിവരുമാനത്തിൽ 10.82 ശതമാനം ഇടിവാണ് ഉണ്ടായത്.

To advertise here,

അതേസമയം, 2025-26 സാമ്പത്തികവർഷം ഇന്ത്യ 73,890.46 കോടി രൂപയുടെ സമുദ്രോത്പന്നങ്ങളാണ് മൊത്തം കയറ്റുമതി ചെയ്തത്. 19.72 ലക്ഷം ടൺ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയച്ചത്. ആഗോള പ്രതിസന്ധികൾക്കിടയിലും അളവിലും മൂല്യത്തിലും ചരിത്രത്തിലെ ഉയർന്ന നിരക്കാണിതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) ചെയർമാൻ പി. ജവഹർ പറഞ്ഞു.

കയറ്റുമതി വരുമാനത്തിൽ യു.എസ്. കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ചൈനയാണ് (14,091.69 കോടി രൂപ). യൂറോപ്യൻ യൂണിയൻ (13,935.29 കോടി രൂപ), തെക്കുകിഴക്കൻ ഏഷ്യ (11,819.13 കോടി രൂപ), ജപ്പാൻ (3,963.36 കോടി രൂപ) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ഈ രാജ്യങ്ങളിലെല്ലാം നിന്നുള്ള കയറ്റുമതി വരുമാനത്തിൽ മുൻവർഷത്തെക്കാൾ വർധനയുണ്ട്.

കയറ്റുമതി അളവിൽ ഒന്നാമൻ ചൈന

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത സമുദ്രോത്പന്നങ്ങളുടെ അളവെടുത്താൽ ഒന്നാമൻ ചൈനയാണ്. ചൈനയിലേക്ക് 4.90 ലക്ഷം ടൺ ഉത്പന്നങ്ങളാണ് 2025-26 സാമ്പത്തികവർഷം കയറ്റുമതി ചെയ്തത്. മുൻവർഷത്തെ 3.96 ലക്ഷം ടണ്ണിൽ നിന്ന് 23 ശതമാനത്തിൽ അധികമാണ് വർധന. ചൈനയിലേക്ക് താരതമ്യേനെ വിലക്കുറവുള്ള ഉണക്കിയ മത്സ്യം അടക്കം കൂടുതലായി കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിനാലാണ് കയറ്റുമതി അളവിൽ ഒന്നാമതെത്തിയിട്ടും കയറ്റുമതി വരുമാനത്തിൽ ചൈന രണ്ടാം സ്ഥാനത്തായത്. തെക്കുകിഴക്കൻ ഏഷ്യ (4.51 ലക്ഷം ടൺ), യൂറോപ്യൻ യൂണിയൻ (2.97 ലക്ഷം ടൺ), യു.എസ്. (2.79 ലക്ഷം ടൺ), ജപ്പാൻ (1.05 ലക്ഷം ടൺ) എന്നീ രാജ്യങ്ങളാണ് പുറകിൽ.

താരം ശീതീകരിച്ച ചെമ്മീൻ

സമുദ്രോത്പന്ന കയറ്റുമതിയിൽ ശീതീകരിച്ച ചെമ്മീനാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. 49,037.93 കോടി രൂപയുടെ വരുമാനമാണ് ഈയിനത്തിൽ. 7.92 ലക്ഷം ടൺ ആയിരുന്നു കയറ്റുമതി അളവ്. യു.എസാണ് ശീതീകരിച്ച ചെമ്മീന്‍റെ പ്രധാന ഇറക്കുമതിക്കാർ (2.56 ലക്ഷം ടൺ).

കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള ശീതീകരിച്ച മത്സ്യം വഴി 5,658.37 കോടി രൂപയുടെ വരുമാനമുണ്ടായി. ഉണക്കിയ മത്സ്യം (5,079.09 കോടി രൂപ), ശീതീകരിച്ച കൂന്തൾ (4,493.80 കോടി രൂപ), ഐസിലിട്ട മത്സ്യ ഇനങ്ങൾ (622.31 കോടി രൂപ) എന്നിങ്ങനെയും നേടി.

കേരളത്തിൽനിന്നുള്ള കയറ്റുമതി കൂടി

സമുദ്രോത്പന്ന ചരക്ക് കൈകാര്യം ചെയ്യുന്ന മുൻനിര തുറമുഖങ്ങളിൽ കൊച്ചി മൂന്നാംസ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള വിശാഖപട്ടണം തുറമുഖത്തുനിന്ന് 20,217.95 കോടി രൂപയുടേയും മഹാരാഷ്ട്രയിലെ ജെ.എൻ.പി.യിൽ നിന്ന് 8,717.85 കോടി രൂപയുടേയും കയറ്റുമതിയാണ് 2025-26 സാമ്പത്തികവർഷം നടന്നത്. കൊച്ചി തുറമുഖത്തുനിന്നും 1.79 ലക്ഷം ടൺ സമുദ്രോത്പന്നങ്ങൾ കയറ്റിഅയച്ച് 7,285.40 കോടി രൂപയുടെ വരുമാനമുണ്ടായി. മുൻവർഷത്തെ 6,050.20 കോടി രൂപയിൽ നിന്ന് 20 ശതമാനത്തിൽ അധികമാണ് വർധന. 2023-24 സാമ്പത്തികവർഷത്തിനുശേഷം ആദ്യമായാണ് കൊച്ചി തുറമുഖത്തിൽ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വരുമാനത്തിൽ വർധനയുണ്ടാകുന്നത്. 2022-23 കാലയളവിൽ 7,550.48 കോടി രൂപ എന്ന റെക്കോഡ് വരുമാനം നേടാൻ കൊച്ചിയ്ക്കായി. തുടർന്ന്, 2023-24 സാമ്പത്തികവർഷത്തിൽ 6,120.10 കോടി രൂപയായും 2024-25 സാമ്പത്തികവർഷം 6,050.20 കോടി രൂപയായും കയറ്റുമതി വരുമാനം ഇടിഞ്ഞിരുന്നു.