മുംബൈ: അമേരിക്കയുമായുള്ള വ്യാപാര അനിശ്ചിതത്വം ഇന്ത്യയുടെ കയറ്റുമതി വിപണിയുടെ വൈവിധ്യവത്കരണത്തിന്റെ വേഗംകൂട്ടുന്നു. കയറ്റുമതി കേന്ദ്രീകൃത വ്യവസായങ്ങളായ വസ്ത്രം, ആഭരണങ്ങൾ, രത്നം, സമുദ്രോത്പന്നങ്ങൾ തുടങ്ങിയവ പുതിയ വിപണി കണ്ടുപിടിക്കാനുള്ള തിരക്കിലാണ്. പരമ്പരാഗത വിപണി അമേരിക്കയായിരുന്നെങ്കിലും ഉയർന്നതീരുവ കയറ്റുമതിയെ ബാധിച്ച സാഹചര്യത്തിൽ പകരംവിപണി കണ്ടെത്താൻ ശ്രമം ഊർജിതമാണ്. നവംബറിൽ ചൈന, സ്പെയിൻ, യുഎഇ വിപണികളിലേക്ക് കയറ്റുമതി ഗണ്യമായി ഉയർന്നതായി വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ചൈനയിലേക്കുള്ള കയറ്റുമതി 90 ശതമാനവും സ്പെയിനിലേക്ക് 180 ശതമാനവും യുഎഇയിലേക്ക് 18 ശതമാനവും ടാൻസാനിയയിലേക്ക് 15 ശതമാനവുമാണ് വർധന.
ഏപ്രിൽ-നവംബർ കാലയളവിൽ ചൈനയിലേക്ക് 1220 കോടി ഡോളറിന്റെ (1.09 ലക്ഷം കോടി രൂപ) ഉത്പന്നങ്ങളാണ് ഇന്ത്യയിൽനിന്ന് കയറ്റിപ്പോയത്. കഴിഞ്ഞവർഷം ഇതേകാലത്തെ 920 കോടി ഡോളറിനെക്കാൾ (82,376 കോടി രൂപ) 33 ശതമാനമാണ് വർധന. നാഫ്ത, പെട്രോകെമിക്കൽ ഫീഡ്സ്റ്റോക് എന്നിവ 172 ശതമാനം അധികം കയറ്റിപ്പോയി. 29.65 കോടി ഡോളറിന്റെ (2600 കോടി രൂപ) പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും 3240 കോടിയുടെ മൊബൈൽ ഫോൺ ഘടകങ്ങളും ഒക്ടോബറിൽ ചൈനയിലേക്കയച്ചു.
സമുദ്രോത്പന്നങ്ങൾ
ഒക്ടോബറിൽ അമേരിക്കയിലേക്കുള്ള സമുദ്രോത്പന്നക്കയറ്റുമതി 20 ശതമാനം കുറഞ്ഞു. അമേരിക്കയിൽനിന്ന് പുതിയ ഓർഡറുകൾ എത്തുന്നില്ല. അതേസമയം, യൂറോപ്പിലേക്കും റഷ്യയിലേക്കും കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നതിന് ശ്രമം നടക്കുന്നു. ഏപ്രിൽ- ഒക്ടോബർ കാലത്ത് സമുദ്രോത്പന്നക്കയറ്റുമതി 16 ശതമാനം വളർച്ചയോടെ 487 കോടി ഡോളറിൽ (43,605 കോടി രൂപ) എത്തി. ഇക്കാലത്ത് അമേരിക്കയിലേക്കുള്ള സമുദ്രോത്പന്നക്കയറ്റുമതിയിൽ ഏഴുശതമാനം കുറവുണ്ട്. എന്നാൽ ചൈന, വിയറ്റ്നാം, ബെൽജിയം, ജപ്പാൻ, റഷ്യ, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ പകരം വിപണി കണ്ടെത്താനായതായി വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
പ്ലാസ്റ്റിക്
ഇന്ത്യയിൽനിന്നുള്ള പ്ലാസ്റ്റിക് കയറ്റുമതി നവംബറിൽ 9.6 ശതമാനം ഉയർന്ന് 150 കോടി ഡോളറിലേക്കെത്തി. തുടർച്ചയായ രണ്ടുമാസം ഇടിവുനേരിട്ടശേഷമാണ് ഈ മുന്നേറ്റം. ഒക്ടോബറിൽ യുഎസിലേക്കുള്ള പ്ലാസ്റ്റിക് കയറ്റുമതിയിൽ 33 ശതമാനത്തിന്റെയും സെപ്റ്റംബറിൽ 23 ശതമാനത്തിന്റെയും കുറവുണ്ടായിരുന്നു. റഷ്യ, ബ്രസീൽ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നീ വിപണികളിലേക്കാണ് പ്ലാസ്റ്റിക് ഇപ്പോൾ കൂടുതലായി പോകുന്നത്.
തുണി-വസ്ത്രം
തൊഴിൽ കേന്ദ്രീകൃതമായ തുണി-വസ്ത്ര കയറ്റുമതി ഇനിയും തിരിച്ചുവന്നിട്ടില്ല. അമേരിക്കയ്ക്കുപകരം വിപണി കണ്ടെത്തുക കടുത്തവെല്ലുവിളിയാണ്. ഇന്ത്യയിൽനിന്ന് ഏകദേശം 3,700 കോടി ഡോളറിന്റെ (3.31 ലക്ഷം കോടി രൂപ) കയറ്റുമതിയും അമേരിക്കയിലേക്കായിരുന്നെന്നതാണ് ഇതിനു കാരണം. 72,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് തിരുപ്പൂരിൽ വർഷം ഉത്പാദിപ്പിക്കുന്നത്. ഇതിൽ 60 ശതമാനവും കയറ്റുമതി ചെയ്യുകയായിരുന്നു. ഉയർന്ന തീരുവ വന്നതിനുശേഷം ഉത്പാദനശേഷിയുടെ 30 ശതമാനം മാത്രമാണ് വിനിയോഗിക്കപ്പെടുന്നത്. ഇത് തൊഴിലിനെ കാര്യമായി ബാധിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻതന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ രംഗത്ത് ചൈന, ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ പോലുള്ള രാജ്യങ്ങളോട് കടുത്തമത്സരമാണ് ഇന്ത്യ നേരിടുന്നത്.
ആഭരണങ്ങൾ-രത്നങ്ങൾ
ഈ മേഖല തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിത്തുടങ്ങിയിട്ടുണ്ട്. നവംബറിൽ ആഭരണ-രത്നക്കൽ കയറ്റുമതിയിൽ 27.8 ശതമാനത്തിന്റെ വർധനയുണ്ടായി. ഒക്ടോബറിൽ 50 ശതമാനം ഇടിവുനേരിട്ടശേഷമാണ് തിരിച്ചുവരവ്. അമേരിക്കയിലേക്കുള്ള കയറ്റുമതി ഒക്ടോബറിലെ 21.4 കോടി ഡോളറിൽനിന്ന് നവംബറിൽ 40.6 കോടി ഡോളറായി ഉയർന്നു. യുഎഇ, ഹോങ് കോങ്, ഓസ്ട്രേലിയ, തായ്‌ലാൻഡ്, ഇസ്രയേൽ പോലുള്ള വിപണികളിലേക്കും കയറ്റുമതി ഊർജിതമായതായി ജെംസ് ആൻഡ് ജൂവലറി കയറ്റുമതി പ്രോത്സാഹന കൗൺസിൽ ചെയർമാൻ കിരിത് ഭൻസാലി പറഞ്ഞു.
Content Highlights: India accelerates export diversification for garments, gems, and marine products due to US trade tensions. Explore new markets and rising trade figures.
Published: 25 Dec 2025, 06:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented