
യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് | AFP File Photo
കൊച്ചി: അമേരിക്കൻ തീരുവ പ്രഹരത്തിൽനിന്ന് കരകയറാനൊരുങ്ങി രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിമേഖല. യൂറോപ്യൻ യൂണിയൻ (ഇയു), റഷ്യ, ചൈന, യുഎഇ തുടങ്ങിയ വിപണികളിലേക്കുള്ള സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മേഖല. യുഎസിന് പുറത്ത് പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതോടെ കയറ്റുമതി കുതിക്കും. ഇത് കേരളത്തിൽ നിന്നടക്കമുള്ള കയറ്റുമതി സമൂഹത്തിന് വലിയ ആശ്വാസമാണ്. തീരുവ കുരുക്കുമൂലം നിലവിൽ കേരളത്തിലെ കയറ്റുമതിമേഖല പ്രതിസന്ധിയിലാണ്.
അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ പ്രധാന വിപണികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ. അടുത്തിടെ യൂറോപ്യൻ യൂണിയൻ 102 ഇന്ത്യൻ കമ്പനികൾക്ക് സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇതിൽ കേരളത്തിൽനിന്നുള്ള എട്ട് കമ്പനികളും ഉൾപ്പെടുന്നു. ഇതോടെ യൂറോപ്യൻ യൂണിയന്റെ അനുമതിയുള്ള കേരളത്തിലെ യൂണിറ്റുകളുടെ എണ്ണം 101 ആയി.
റഷ്യയിലേക്കുള്ള കയറ്റുമതിക്ക് 25 ഇന്ത്യൻ കമ്പനികൾക്ക് അനുമതി അന്തിമഘട്ടത്തിലാണ്. ഇതിൽ കേരളത്തിൽനിന്ന് രണ്ട് യൂണിറ്റും ഉൾപ്പെടും. ഇവയ്ക്കുപുറമേ യുഎഇ വിപണിയിലേക്ക് പ്രവേശിക്കാനുള്ള ചർച്ചകളും നടന്നുവരുകയാണ്. ഇതും മേഖലയ്ക്ക് ഗുണം ചെയ്യും. ഇതിനിടെ, ജപ്പാന്റെ സമുദ്രോത്പന്നങ്ങൾക്ക് ചൈന നിരോധനം ഏർപ്പെടുത്തിയത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
2024-25 സാമ്പത്തികവർഷം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 7,133 കോടി രൂപയുടേതായിരുന്നു. യുഎസ് കുരുക്കുകാരണം നടപ്പുസാമ്പത്തികവർഷം കയറ്റുമതിയിൽ കാര്യമായ മുന്നേറ്റമുണ്ടാകില്ലെന്നാണ് കയറ്റുമതിസമൂഹം പറയുന്നത്. പുതിയ വിപണികളിലേക്കുള്ള പ്രവേശനം 2026-27 സാമ്പത്തിക വർഷത്തോടെ പ്രകടമാകുമെന്ന് സീഫുഡ് എക്സ്പോർട്ട് അസോസിയേഷൻ ഓഫ് ഇന്ത്യ വിലയിരുത്തുന്നു.
പൊതുവേ ക്രിസ്മസ്, പുതുവത്സര സീസണിനോടനുബന്ധിച്ച് ഒക്ടോബർ മുതലാണ് വിദേശ വിപണികളിൽനിന്ന് ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് ആവശ്യം ഉയരുന്നത്. എന്നാൽ, ഇത്തവണ വ്യാപാരികൾക്ക് കാര്യമായ അന്വേഷണങ്ങൾ ലഭിച്ചിട്ടില്ല. പുതിയ വിപണികളിൽനിന്ന് ജനുവരി മുതൽ ഓർഡറുകൾ എത്തുമെന്നാണ് കരുതുന്നത്. പുതിയ വിപണിയിലേക്ക് പ്രവേശിക്കാൻ കേരളത്തിൽനിന്ന് കൂടുതൽ യൂണിറ്റുകൾക്ക് അനുമതി ലഭിക്കുമെന്നുമാണ് മേഖലയുടെ പ്രതീക്ഷ.
മൂല്യവർധിത ഉത്പന്നങ്ങളിൽ ശ്രദ്ധ
മൂല്യവർധിത ഉത്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ)ക്ക് പദ്ധതിയുണ്ട്. നിലവിൽ രാജ്യത്തെ മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 10.51 ശതമാനമാണ് കേരളത്തിന്റെ വിഹിതം. പുതിയ വിപണി പ്രവേശം, വിഹിതം ഉയർത്താൻ കേരളത്തിന് സഹായമാകും.
Content Highlights: Indian seafood exporters are diversifying to EU, Russia, China & UAE to overcome US tariff challenges. Explore growth opportunities for Kerala`s marine product sector.
Published: 26 Nov 2025, 07:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented