ന്യൂഡൽഹി: ഇന്ത്യയുടെ ആസ്തി വീണ്ടെടുക്കൽ സംവിധാനത്തിന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സി(എഫ്എടിഎഫ്)ന്റെ അഭിനന്ദനം. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന് പണം നൽകുന്നതും തടയാനുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആഗോള നിരീക്ഷണ സമിതിയായ എഫ്എടിഎഫ് അംഗരാജ്യങ്ങൾക്കിടയിലെ ഏറ്റവും ഫലപ്രദമായ സംവിധാനമാണിതെന്നും വിശേഷിപ്പിച്ചു.

To advertise here,

'ആസ്തി വീണ്ടെടുക്കൽ മാർഗ്ഗനിർദ്ദേശങ്ങളും മികച്ച രീതികളും' എന്ന പേരിൽ പുതുതായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയെ പ്രശംസിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഇടപെടുന്നവരുടെ വരുമാനം കണ്ടെത്തുക, കണ്ടുകെട്ടുക, പിടിച്ചെടുക്കുക എന്നിവയിലെ കാര്യക്ഷമതയുടെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) മാതൃകാ ഏജൻസിയായി എഫ്എടിഎഫ് ചൂണ്ടിക്കാട്ടി. സാമ്പത്തിക കുറ്റകൃത്യങ്ങളിൽനിന്ന് ഉരുത്തിരിയുന്ന ആസ്തികൾ വീണ്ടെടുക്കാൻ കഴിവുള്ള ശക്തമായ ചട്ടക്കൂടാണ് ഇന്ത്യയുടെ സംവിധാനമെന്ന് റിപ്പോർട്ട് വിലയിരുത്തി.

ആസ്തി വീണ്ടെടുക്കലിനായി നിയമപരമായ മാർഗ്ഗങ്ങളും വിവിധ ഏജൻസികളെ സ്രമന്വയിപ്പിച്ചും സാങ്കേതികവിദ്യയുടെ സഹായത്തോടെയുമുള്ള സംവിധാനം ഇന്ത്യ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് എഫ്എടിഎഫ് നിരീക്ഷിക്കുന്നു. ശിക്ഷയുടെ അടിസ്ഥാനത്തിലും അല്ലാതെയും ആസ്തികൾ കണ്ടുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ റിപ്പോർട്ട് പ്രത്യേകം പ്രശംസിച്ചു. വിചാരണ പൂർത്തിയാകുന്നതിന് മുമ്പുതന്നെ ആസ്തികൾ പിടിച്ചെടുക്കാൻ ഇതു വഴി കഴിയുന്നു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പിഎംഎൽഎ) കീഴിലുള്ള ഇന്ത്യയുടെ കരുത്തിനെയും റിപ്പോർട്ട് പ്രശംസിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആസ്തികൾ വേഗത്തിൽ മരവിപ്പിക്കാനും കണ്ടുകെട്ടാനും പിടിച്ചെടുക്കാനും ഈ നിയമം പ്രാപ്തരാക്കുന്നു.

ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു-ഐഎൻഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തെ എഫ്എടിഎഫ് റിപ്പോർട്ട് പ്രശംസിച്ചു. ഈ ഏജൻസികൾ തമ്മിലുള്ള യോജിച്ചുള്ള പ്രവർത്തനം മറ്റ് രാജ്യങ്ങൾക്ക് പഠിക്കാനും പകർത്താനും കഴിയുന്ന ഒരു പ്രായോഗിക മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കോർപ്പറേറ്റ് തട്ടിപ്പുകൾ, സഹകരണ ബാങ്ക് തട്ടിപ്പുകൾ, നിക്ഷേപ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെടെ, ഇന്ത്യയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകേസുകളിൽ ആസ്തി വീണ്ടെടുക്കലുകളെക്കുറിച്ച് റിപ്പോർട്ട് പരാമർശിക്കുന്നു. ഈ കേസുകളിൽ ആയിരക്കണക്കിന് കോടിയുടെ ആസ്തികൾ കണ്ടുകെട്ടുകയും പിന്നീട് പൊതു ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തു. പല കേസുകളിലും ഇരകൾക്ക് പണം തിരികെ നൽകാനും സാധിച്ചു.