
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിനോടൊപ്പം പരമ്പരാഗത രഥത്തിലാണ് ഇരുവരും കർത്തവ്യപഥിലെ പരേഡിന് എത്തിയത്.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള നിർണായകമായ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന സൂചനകൾക്കിടയിലാണ് ഇരുവരുടെയും ഇന്ത്യ സന്ദർശനം. ജനുവരി 27-ന് നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയാകാൻ കഴിഞ്ഞത് ജീവിതത്തിലെ ബഹുമതിയായി കാണുന്നുവെന്നും ഇന്ത്യയുടെ വിജയം ലോകത്തെ കൂടുതൽ സുസ്ഥിരവും ഐശ്വര്യപൂർണവും സുരക്ഷിതവുമാക്കുന്നു എന്നും ഉർസുല ചടങ്ങിന് ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യയുടെ വളർച്ച ലോകത്തിന് മുഴുവൻ ഗുണകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
2023-24 സാമ്പത്തിക വർഷത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യാപാരം 135 ബില്യൺ ഡോളറിൽ എത്തിയിരുന്നു. അമേരിക്കയുടെ നികുതി അധിഷ്ഠിത വ്യാപാര നയങ്ങൾ ആഗോള വിപണിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കാൻ പുതിയ കരാർ വഴിയൊരുക്കും.
2007-ൽ വ്യാപാര ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും 2013-ൽ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. പിന്നീട്, 2022 ജൂണിലാണ് ഇത് പുനരാരംഭിച്ചത്. പുതിയ കരാറിന്റെ ഭാഗമായി യൂറോപ്യൻ കാറുകളുടെ ഇറക്കുമതി നികുതിയിൽ ഇന്ത്യ കുറവ് വരുത്താൻ സാധ്യതയുണ്ട്. നിലവിലുള്ള 110 ശതമാനം നികുതി 40 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഏകദേശം 16.3 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള കാറുകൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കാലക്രമേണ ഈ ഇറക്കുമതി നികുതി പത്ത് ശതമാനത്തിലേക്ക് താഴ്ത്താനും പദ്ധതിയുണ്ട്.
കരാർ യാഥാർഥ്യമാകുന്നതോടെ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വാണിജ്യ ബന്ധത്തിൽ ഗുണപരമായ മാറ്റമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Content Highlights: European Commission President Ursula von der Leyen and European Council President Charles Michel attended India`s 77th Republic Day. Intensified FTA talks suggest a potential announcement soon
Published: 26 Jan 2026, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented