ഓഷ്യാനയില് ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ന്യൂസീലൻഡ്. ഇത് ഇരട്ടിപ്പിക്കാനാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്.

ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കരാർ, ഇത് നടക്കില്ലെന്ന് പലരും പറഞ്ഞു. പക്ഷേ, അത് സംഭവിച്ചുവെന്നാണ് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചുകൊണ്ട് ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ പറഞ്ഞത്. ഒമ്പത് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വ്യാപാര കരാർ യാഥാർഥ്യമായിരിക്കുന്നത്. ഒപ്പുവെച്ചെങ്കിലും രണ്ട് രാജ്യങ്ങളുടേയും പാർലമെന്റ് അംഗീകാരത്തിനുശേഷം മാത്രമേ കരാർ നടപ്പിലാവുകയുള്ളൂ. അങ്ങനെയെങ്കിൽ 2026 ഡിസംബറോടെ സ്വതന്ത്ര വ്യാപാരകരാർ പ്രാബല്യത്തിൽ വരും. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യൻ വിപണിയിലേക്ക് ന്യൂസീലൻഡിന് വാതിൽ തുറന്നുകൊടുക്കുന്നതാണ് പുതിയ കരാർ. സമാനമായി ന്യൂസീലൻഡ് എന്ന വലിയ വിപണിയിലേക്ക് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രവേശനം ഇന്ത്യയ്ക്കും ലഭിക്കും. പതിനാലോളം സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇതിനോടകം ഇന്ത്യ നിർണായക പങ്കാളിയാണ്. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ന്യൂസീലൻഡുമായുള്ള കരാർ താരതമ്യേന നിർണായകമല്ലെങ്കിലും തന്ത്രപരമായി പ്രാധാന്യമർഹിക്കുന്നുണ്ട്. എന്താണ് കരാറിന്റെ വിശദാംശങ്ങൾ? എന്തുകൊണ്ട് ഇത് പ്രധാന്യമർഹിക്കുന്നു? ഇന്ത്യയ്ക്ക് മുന്നിലെ സാധ്യതകൾ എന്തൊക്കെയാണ്?
ഇന്ത്യ-ന്യൂസീലൻഡ് വ്യാപാരം
ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ശക്തമായ വ്യാപാര പങ്കാളിത്തം നിലവിലുണ്ട്. ഓഷ്യാനയിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ന്യൂസീലൻഡ്. ഇത് ഇരട്ടിപ്പിക്കാനാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ (FTA) വർഷങ്ങളായി അജണ്ടയിലുണ്ടായിരുന്നെങ്കിലും അവസാന ഘട്ട ചർച്ചകൾ വെറും ഒമ്പത് മാസം കൊണ്ട് പൂർത്തിയാക്കി റെക്കോർഡ് വേഗത്തിലാണ് അന്തിമധാരണയിലെത്തിയത്. നിലവിലെ ചർച്ചകൾ 2025 മാർച്ച് 16-ന് ആരംഭിച്ച് ഡിസംബർ 22-ന് പൂർത്തിയായിരുന്നു. കേവലം ചർച്ചകളിൽ നിന്ന് ഒപ്പുവെക്കുന്നതിലേക്ക് ഏറ്റവും വേഗത്തിലെത്തിയ ഇന്ത്യയുടെ വ്യാപാര കരാറുകളിൽ ഒന്നാണിത്. ഇന്ത്യയ്ക്ക് ന്യൂസീലൻഡ് വലിയ വിപണിയല്ലെങ്കിലും പെസഫിക് മേഖലയിലെ ഉയർന്ന വരുമാനമുള്ള സമ്പദ് വ്യവസ്ഥയാണ്. അതുകൊണ്ടുതന്നെ പെസഫിക് ദ്വീപ് മേഖലകളിലേക്കുള്ള വാണിജ്യകവാടമായി പ്രവർത്തിക്കാൻ ന്യൂസീലൻഡിനാവും.
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള വ്യാപാരം (bilateral trade) താരതമ്യേന ചെറുതാണെങ്കിലും സ്ഥിരമായ വളർച്ച രേഖപ്പെടുത്താറുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 2-4 ബില്യൺ ഡോളർ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്. ചരക്കുകളും സേവനങ്ങളുമുൾപ്പെടെയാണിത്. ചരക്ക് കൈമാറ്റം മാത്രം ഏകദേശം 1.3 ബില്യൺ വരും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാരമിച്ചമാണ് (Trade Surplus) ന്യൂസീലൻഡുമായുള്ളത്. അതായത് കയറ്റുമതി ഇറക്കുമതിയേക്കാൾ കൂടുതലാണെന്ന് ചുരുക്കം.
ഫാർമസ്യൂട്ടിക്കൽസ്/മരുന്നുകൾ, വിലയേറിയ ലോഹങ്ങൾ, രത്‌നങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, മോട്ടോർ വാഹനങ്ങൾ, എൻജിനീയറിങ് ഉത്പന്നങ്ങൾ, ചില കാർഷിക-ഭക്ഷ്യവസ്തുക്കൾ, മിനറൽ ഫ്യൂവൽസ്, മെഷീനുകൾ, ആഭരണങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ, തുകൽ എന്നിവയാണ് ഇന്ത്യ പ്രധാനമായും ന്യൂസീലൻഡിലേക്ക് കയറ്റുമതി ചെയ്യുന്നത്. 2024ൽ ന്യൂസീലൻഡിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി ഏകദേശം 617 മില്യൺ ഡോളർ ആയിരുന്നു. പാലും പാലുത്പന്നങ്ങളും ചില മൃഗോത്പന്നങ്ങൾ, ഉള്ളി, കടല, പയർ, ചോളം, ബദാം, പഞ്ചസാര, കൃത്രിമത്തേൻ, ആയുധങ്ങൾ. ചില ലോഹ ഉത്പന്നങ്ങൾ എന്നിവയെ കരാറിൽ നിന്നും ഇവ ഒഴിവാക്കിയിട്ടുണ്ട്. ആകെ ഉത്പന്നങ്ങളിൽ 29.97 ശതമാനം വരുന്നവയെയാണ് ഇന്ത്യ സംരക്ഷിത പട്ടികയിൽ നിലനിർത്തിയത്.
അസംസ്‌കൃത ലോഹങ്ങൾ, കൽക്കരി, തടി, വന ഉത്പന്നങ്ങൾ, അലുമിനിയം, ഇരുമ്പ്, സ്റ്റീൽ, കമ്പിളി, ഭക്ഷ്യയോഗ്യമായ പഴങ്ങൾ, പരിപ്പ്, മറ്റ് കാർഷികാധിഷ്ഠിത വസ്തുക്കൾ എന്നിവയാണ് ന്യൂസീലൻഡിൽ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതി. സേവന വ്യാപാരത്തിൽ ന്യൂസീലൻഡിന് ഇന്ത്യ വലിയ പങ്കാളിയാണ്. ചരക്ക് വ്യാപാരത്തിന് പുറമേ ഇന്ത്യയിൽ നിന്നുള്ള തൊഴിൽ കുടിയേറ്റം വ്യാപകമായി നടക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് ന്യൂസീലൻഡ്. വിനോദസഞ്ചാരവും ഇന്ത്യക്കാരുടെ ലക്ഷ്യമാണ്. ഇവയിൽ നിന്ന് വലിയ വരുമാനം ന്യൂസീലൻഡിന് ലഭിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയ്ക്ക് എങ്ങനെ ഗുണം ചെയ്യും?
നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 2.4 ബില്യൺ ഡോളർ ആണ്. ഈ കരാർ വഴി 5 വർഷത്തിനുള്ളിൽ ഇത് 5 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യം. തീരുവരഹിത വ്യാപാരമാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തുന്നത്. തുണിത്തരങ്ങൾ, സെറാമിക്‌സ്, ഓട്ടൊമൊബൈൽ അടക്കം 450 ഇനങ്ങൾക്ക് ഏകദേശം 10% വരെ തീരുവ ഈടാക്കുന്നുണ്ട്. കരാർ പ്രകാരം ഇന്ത്യയ്ക്ക് ന്യൂസീലൻഡിലേക്കുള്ള എല്ലാ ഉത്പന്നങ്ങൾക്കും 100% തീരുവരഹിത പ്രവേശനം ലഭിക്കും. രാജ്യത്തെ തൊഴിലാളി മേഖലയ്ക്ക് ഇത് വലിയ ഗുണം ചെയ്യും. ടെക്സ്‌റ്റൈൽസ്, ലെതർ, ഫൂട്വെയർ, പ്ലാസ്റ്റിക്, എൻജിനീയറിങ് ഗുഡ്‌സ്, ഫാർമസ്യൂട്ടിക്കൽസ്, ജെംസ് & ജൂവലറി തുടങ്ങിയ മേഖലകൾ ഇതിൽ നിന്ന് കൂടുതൽ നേട്ടം കൊയ്യും. കരാറിന് മുൻപ് ന്യൂസീലൻഡിലെ പല ഉത്പന്നങ്ങൾക്കും രണ്ട് മുതൽ പത്ത് ശതമാനം വരെ നികുതിയുണ്ടായിരുന്നു. ഇത് പൂജ്യമാകും.
ടെക്സ്‌റ്റൈൽസ്, ഗാർമെന്റ്സ്, ലെതർ, ഫൂട്ട്വെയർ, ഹാൻഡ്ലൂം, ഹാൻഡിക്രാഫ്റ്റ്സ്, എൻജിനീയറിങ് ഗുഡ്സ്, പ്ലാസ്റ്റിക്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകൾക്ക് ഈ കരാർ വലിയ മത്സരശേഷി നൽകും. ചെറുകിട സംരംഭങ്ങൾക്കും കയറ്റുമതിക്കാർക്കുമാണ് ഇത് വലിയ ലാഭം നൽകുക. ഇവരുടെ വരുമാനം വർധിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഏകദേശം 8284 വിഭാഗം ഉത്പന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്നത്. പകരം, ന്യൂസീലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 70.03% ഇനങ്ങൾക്കും (മൊത്തം ഇറക്കുമതി മൂല്യത്തിന്റെ 95%) തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇന്ത്യയുടെ ഡയറി മേഖലയെ ഈ സ്വതന്ത്ര കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ ക്ഷീരകർഷകരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതുപ്രകാരം പാൽ, ചീസ്, യോഗർട്ട്, നെയ്യ് തുടങ്ങിയവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചുരുക്കം ചില പാൽ ചേരുവകൾ മാത്രമാണ് ഈ കരാറിന്റെ പരിധിയിൽ ഉൾപ്പെടുക. ഇന്ത്യയിലെ 8 കോടി ചെറുകിട ഡയറി കർഷകരെ സംരക്ഷിക്കാൻ ഇത് സഹായിക്കും.
ഇന്ത്യയുടെ സേവന മേഖലയ്ക്കും ഈ കരാർ ശക്തമായ പിന്തുണ നൽകുന്നുണ്ട്. വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ, ടൂറിസം, നിർമാണം, മറ്റ് പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങി നൂറിലധികം വരുന്ന സേവന മേഖലകളിലും ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കും. താത്കാലിക വിസ നൽകുന്നതിലൂടെ ഇന്ത്യയിലെ സ്‌കിൽഡ് പ്രൊഫഷണലുകൾക്ക് ന്യൂസീലൻഡിൽ 3 വർഷം വരെ ജോലി ചെയ്യാനുള്ള അവസരവുമുണ്ട്. യുവാക്കൾക്കായി പ്രത്യേക വർക്കിങ് ഹോളിഡേ വിസയും ലഭ്യമാകും. കേരളത്തിനും കരാറിൽ ഗുണം ലഭിക്കും. സുഗന്ധവ്യഞ്ജന വസ്തുക്കൾ, സമുദ്രോത്പന്നങ്ങൾ, കയർ, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ തീരുവയില്ലാതെ കയറ്റുമതി ചെയ്യാം. ആയുർവേദ ഉത്പന്നങ്ങളുടെ കയറ്റുമതിക്കുള്ള സാധ്യതകളേറും.
നിക്ഷേപമാണ് ഏറ്റവും ആകർഷണീയമായ മറ്റൊന്ന്. അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ ഡോളർ (ഏകദേശം 1.7 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ന്യൂസീലൻഡ് അറിയിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ നിർമാണമേഖല, അടിസ്ഥാനസൗകര്യ വികസനം, ടെക്‌നോളജി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ മൂലധന നിക്ഷേപത്തിന് വഴിയൊരുക്കും. വമ്പൻ തൊഴിൽ സാധ്യതകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇന്ത്യയുമായുള്ള വ്യാപാരം 5 ബില്യൺ ഡോളറാക്കി ഉയർത്താൻ ലക്ഷ്യമിട്ടുള്ള കരാർ രാജ്യത്തിന്റെ ആഗോള വ്യാപാര തന്ത്രത്തിന് ശക്തി പകരും. ഫാർമേഴ്സ് ഫസ്റ്റ്+എക്‌സ്‌പോർട്ട് ബൂസ്റ്റ് എന്ന നിലപാടിലുറച്ചുകൊണ്ട്, എന്നാൽ ഇന്ത്യയ്ക്ക് ഏറ്റവും അനുകൂലമായ രീതിയിലാണ് കരാർ എന്നുള്ളതാണ് മികച്ച വശം.
വിപണിക്കപ്പുറം പ്രതിച്ഛായ മാറ്റാനുള്ള നീക്കം
ന്യൂസീലൻഡുമായുള്ള ഇന്ത്യയുടെ സ്വതന്ത്രവ്യാപാര കരാർ ഒറ്റനോട്ടത്തിൽ വലിയ സാമ്പത്തിക സ്രോതസ്സാണ്. എന്നാൽ വരുമാനത്തിനും വിശാലമായ വിപണിക്കുമപ്പുറം തന്ത്രപരമായ സ്വാധീനം വർധിപ്പിക്കാനുള്ള വലിയ നീക്കമാണ് ഇന്ത്യ നടത്തുന്നത്. പതിനാലോളം സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഇതിനോടകം നിർണായക പങ്കാളിയാണ്. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ന്യൂസീലൻഡുമായുള്ള കരാർ താരതമ്യേനെ വലിയതല്ല. അഞ്ച് വർഷം കൊണ്ട് വ്യാപാരം ഇരട്ടിയാക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച വലിയ ലക്ഷ്യമല്ല. എന്നാൽ ഇന്തോ-പെസഫിക് മേഖലയിലെ സ്വാധീനം വർധിപ്പിക്കാനുള്ള വാതിലായി ഈ കരാറിനെ കണക്കാക്കാം. വികസിത രാജ്യവും പെസഫിക് മേഖലയിലെ നിർണായകശക്തിയുമാണ് ന്യൂസീലൻഡ്. ചൈനയ്ക്ക് അതിശക്തമായ സ്വാധീനമുള്ള ഈ മേഖലയിലെ കവാടമായി ന്യൂസീലൻഡിനെ മാറ്റുകയാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. കരാറിലൂടെ ന്യൂസീലൻഡിന് ഇറക്കുമതിക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാം. ഭാവിയിലെങ്കിലും ചൈനയെന്ന ആഗോളശക്തിക്ക് പൂർണ ബദലായി പ്രവർത്തിക്കാൻ ഇന്ത്യയ്ക്കാവും.
2020ൽ ഒപ്പുവെച്ച, ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ബ്ലോക്കായ RCEP (The Regional Comprehensive Economic Partnership) കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ന്യൂസീലൻഡ് ഉൾപ്പെടെ ഏഷ്യ-പെസഫികിലെ 15 രാജ്യങ്ങൾ ചേർന്ന ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായിരുന്നു ഇത്. ആഗോള സാമ്പത്തിക ഉത്പാദനത്തിന്റെ 30 ശതമാനം സംഭാവന ചെയ്യുന്ന ബ്ലോക്കാണിത്. പരസ്പര നികുതികൾ കുറച്ചുകൊണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം സുഗമമാക്കാനാണ് ഇത് ലക്ഷ്യമിട്ടത്. എന്നാൽ, ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇന്ത്യ ഇതിൽ നിന്ന് പുറത്തുപോയത്. തുടക്കത്തിൽ സജീവമായിരുന്നെങ്കിലും പിന്നീടുള്ള ചർച്ചകൾക്ക് പോലും ഇന്ത്യ സന്നദ്ധമായില്ല. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാൽ ഇന്ത്യൻ വിപണി നിറയുമെന്നും തങ്ങളുടെ ഉത്പന്നങ്ങളേയും കർഷകരേയും സംരക്ഷിക്കേണ്ടതുണ്ടെന്നുമാണ് ഇന്ത്യ ഇതിനായി പറഞ്ഞ കാരണം. എന്നാൽ, ഇതോടെ വ്യാപാര വിരുദ്ധനയമാണ് ഇന്ത്യയ്ക്കുള്ളതെന്ന ആക്ഷേപം ആഗോള സാമ്പത്തിക വേദികളിലുയർന്നുവന്നു. ആഗോളീകരണത്തിൽ വിമുഖത കാട്ടുന്ന രാജ്യമാണ് ഇന്ത്യയെന്ന വിമർശനങ്ങളും വളർന്നു.
ഈ പ്രതിച്ഛായ മാറ്റാൻ കൂടി ന്യൂസീലൻഡുമായുള്ള കരാറിലൂടെ ഇന്ത്യയ്ക്കാവും. സംരക്ഷിതമേഖലകൾ നിലനിർത്തിക്കൊണ്ടുതന്നെ വ്യാപാരത്തിന് തയ്യാറാണെന്ന സന്ദേശം കൂടിയാണ് ഇന്ത്യ ഉണ്ടാക്കിയെടുക്കുന്നത്. ന്യൂസീലൻഡുമായുള്ള കരാർ മാത്രമല്ല, അടുത്തിടെയുണ്ടായ കരാറുകളെല്ലാം അതിന് സഹായിക്കും. ന്യൂസീലൻഡുമായുള്ള സ്വതന്ത്രവ്യാപാര കരാർ അതിലെ ചെറിയ ചുവടുവെപ്പ് മാത്രം.
Content Highlights: India Newzeland FTA Target to double bilateral trade within 5 years. Zero-duty access for Indian products in New Zealand markets. Strategic protection for Indian dairy farmers and sensitive sectors.
Published: 29 Apr 2026, 09:23 am IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented