ഇസ്ലമാബാദ്: പാക് അധീന കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയെ പാകിസ്താനിലെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റുന്നതിനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഈ മേഖലയ്ക്ക് പ്രവിശ്യാ പദവി നൽകണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഗിൽജിത്-ബാൾട്ടിസ്ഥാൻ അസംബ്ലി ഐകകണ്ഠ്യേന പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പിന്തുണച്ച ഈ പ്രമേയം പാകിസ്താൻ ഫെഡറൽ ഗവൺമെന്റിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്.
നിയമസഭാംഗമായ ജലാൽ അലി ഷായാണ് ഈ പ്രമേയം അവതരിപ്പിച്ചത്. പർവ്വതമേഖലയായ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ജനങ്ങൾക്ക് അർഹമായ ഭരണഘടനാപരവും രാഷ്ട്രീയവുമായ അവകാശങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പ്രമേയം ലക്ഷ്യമിടുന്നതെന്ന് ഭരണകൂടം വ്യക്തമാക്കുന്നു. പാകിസ്താൻ ഭരണഘടന ഭേദഗതി ചെയ്ത് മേഖലയ്ക്ക് പൂർണ്ണമായ പ്രവിശ്യാ പദവി നൽകണമെന്നും, പാകിസ്താൻ നാഷണൽ അസംബ്ലിയിലും സെനറ്റിലും തങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലിം ലീഗും ചേർന്നുള്ള സഖ്യസർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഈ നീക്കം. ജമ്മു കശ്മീർ തർക്കത്തിലെ ഭാവി തീരുമാനങ്ങൾക്ക് വിധേയമായിക്കൊണ്ടുള്ള ഒരു താൽക്കാലിക ക്രമീകരണം മാത്രമായിരിക്കും ഈ പ്രവിശ്യാ പദവിയെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ പാക് അധീന കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അസ്വസ്ഥതകൾക്കിടയിലാണ്, മേഖലയുടെ പദവി പുനർനിർവചിക്കാനുള്ള ആവശ്യവുമായി അസംബ്ലി പാകിസ്താനെ സമീപിച്ചിരിക്കുന്നത്. പാകിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് വിലയിരുത്തലുകളുണ്ട്. പാക് അധീന കശ്മീരിൽ പ്രതിഷേധങ്ങൾ ആഞ്ഞടിക്കുന്നതും, ബലൂചിസ്ഥാനിലും ഖൈബർ പഖ്തുൻഖ്വയിലും സുരക്ഷാ സ്ഥിതി വഷളാകുന്നതും സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പാകിസ്താൻ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ നിലവിൽ സെമി-പ്രൊവിൻഷ്യൽ പദവി മാത്രമുള്ള ഗിൽജിത്-ബാൾട്ടിസ്ഥാൻ പാകിസ്താനിലെ അഞ്ചാമത്തെ പ്രവിശ്യയായി മാറും. പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ എന്നിവയാണ് പാകിസ്താനിലെ നിലവിലെ നാല് പ്രവിശ്യകൾ.
അതേസമയം, ഗിൽജിത്-ബാൾട്ടിസ്ഥാനെ പ്രവിശ്യയാക്കാനുള്ള പാകിസ്താന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഗിൽജിത്-ബാൾട്ടിസ്ഥാൻ ഉൾപ്പെടെയുള്ള ജമ്മു കശ്മീർ പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്തിന്റെ പദവി മാറ്റാനുള്ള ഏകപക്ഷീയമായ നീക്കങ്ങൾക്ക് യാതൊരു നിയമസാധുതയുമില്ല. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും എക്കാലവും ഇന്ത്യയുടെ ഭാഗമായി തുടരുമെന്നും, പാകിസ്താന്റെ നടപടികളെ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
Content Highlights: Pakistan moves to grant provincial status to Gilgit-Baltistan amidst internal crises.
Published: 17 Jul 2026, 07:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented