മലയാളത്തിന്റെ എക്കാലത്തെയും മഹാഭാഗ്യങ്ങളിലൊന്നാണ് മമ്മൂട്ടി. ആ മനുഷ്യനിലെ നടനും താരവും നിരന്തരം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന തലമുറകൾ ചേർത്തുവെച്ചാൽ കേരളത്തിന്റെ ബാല്യവും യൗവനവും വാർധക്യവുമായി. കാലത്തിന്റെ കള്ളിയിലോ, സിനിമകളുടെ എണ്ണത്തിലോ തളച്ചിടാനാവാത്ത മലയാളത്തിന്റെ മഹാനടന് ഇന്ന് 75-ാം പിറന്നാൾ. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് മാതൃഭൂമി ഡോട്ട്‌കോമിന്റെ പിറന്നാൾ ആശംസകൾ.
മലയാളിയുടെ നായകഭാവങ്ങളുടെയും സങ്കൽപ്പങ്ങളുടെയും പൂർണതയാണ് മമ്മൂട്ടി. 1971-ലാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ മുഹമ്മദ് കുട്ടി വെള്ളിത്തിരയിലെത്തുന്നത്. മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയായി മലയാളവും ഇന്ത്യൻ സിനിമയും സ്വന്തമാക്കി. പൗരുഷത്തിന്റെയും ആൺസൗന്ദര്യത്തിന്റെയും അവസാനവാക്കാക്കിയ പല തലമുറകൾ മമ്മൂട്ടിയെ തങ്ങളുടെ സ്വകാര്യഅഹങ്കാരമായി മനസ്സിൽ കൊണ്ടുനടക്കുന്നു. സമാന്തരസിനിമയിലും കച്ചവട സിനിമയിലും ഒരേ കാലത്ത് ഒരേപോലെ വെന്നിക്കൊടി നാട്ടിയവർ മമ്മൂട്ടിയെപ്പോലെ അധികമില്ല.
കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. യഥാർഥ പേര് പി.ഐ. മുഹമ്മദ് കുട്ടി. ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രട്ട് ഹാർട്ടിലും എറണാകുളം മഹാരാജാസിലും ലോ കോളേജിലുമായി ഉന്നതവിദ്യാഭ്യാസം. കുറച്ചുകാലം മഞ്ചേരിയിൽ ക്രിമിനൽ അഭിഭാഷകനായി ജോലി നോക്കി. അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
1998-ൽ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, മികച്ച നടൻ- മികച്ച രണ്ടാമത്തെ നടൻ- പ്രത്യേക പരാമർശം ഉൾപ്പെടെ ഒൻപതു സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവയ്ക്കും അർഹനായി. കേരള, കാലിക്കറ്റ്, എം.ജി. യൂണിവേഴ്‌സിറ്റികൾ ഡി.ലിറ്റ് നൽകി ആദരിച്ചു. കേരളാ സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിനും അർഹനായി. ഇതിനെല്ലാം പുറമെ ചെറുതും വലുതുമായി മറ്റ് ഒട്ടേറെ അംഗീകാരങ്ങൾ.
1971-ൽ ആരംഭിച്ച സിനിമാ യാത്ര 55 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ വർഷം രണ്ടുചിത്രങ്ങൾ ഇതുവരെ തിയേറ്ററിലെത്തി. യുവതാരങ്ങൾ അണിനിരന്ന ചത്താ പച്ചയിൽ അതിഥി വേഷത്തിൽ. മോഹൻലാലിനൊപ്പം വർഷങ്ങൾക്ക് ശേഷം ഒന്നിച്ച പേട്രിയറ്റ്. രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ പുറത്തിറങ്ങാനിരിക്കുന്നു. 2004-ൽ പുറത്തിറങ്ങിയ ബ്ലാക്കിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന വേഷത്തിലാണ് അതിഥി താരമായി മമ്മൂട്ടി ലോ ആൻഡ് ഓർഡറിൽ എത്തുന്നത്. ഇതിന് പുറമെ ഒട്ടേറെ മലയാളം, അന്യഭാഷാ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights: Legendary Malayalam actor Mammootty celebrates his 75th birthday today. Started his film career in 1971 with 'Anubhavangal Paalichakal' and has acted in over 420 films. Honored with prestigious awards, including the Padma Shri, Padma Bhushan, and four National Film Awards. Worked as a criminal lawyer in Manjeri before fully pursuing his career in acting. Continues to lead major projects, including recent releases like 'Patriot' and upcoming film 'Law and Order'
Published: 07 Sept 2026, 04:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented