ഫെയർഫീൽഡ് (കാലിഫോർണിയ): ഷോപ്പിങ് മാളിൽ ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സൊളാനോ ടൗൺ സെന്റർ മാളിനുള്ളിലെ സ്പിരിറ്റ് ഹാലോവീൻ സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

To advertise here,

ഏഴുപേർക്കാണ് വെടിയേറ്റത്. അക്രമിയെക്കുറിച്ചോ വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാത്രി 8.30-ഓടെയാണ് വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഒന്നിലധികം അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും ഫെയർഫീൽഡ് പോലീസ് അറിയിച്ചു.

വെടിയൊച്ച കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയതായും അഞ്ച് മുതൽ ഏഴ് തവണ വരെ വെടിയൊച്ച കേട്ടതായും ദൃക്സാക്ഷികൾ മൊഴിനൽകി.

സംഭവത്തെത്തുടർന്ന് മാളിലും പരിസരത്തും സമീപ പ്രദേശങ്ങളിലെ പൊലീസ് സംഘങ്ങളുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ നടത്തി. മാളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതായി അറിയിച്ച മേയർ, അന്വേഷണം തുടരുന്നതിനാൽ മാളിന്റെ പരിസരത്തേക്ക് വരരുതെന്നും ജനങ്ങളോട് അഭ്യർഥിച്ചു.

സംഭവത്തിൽ പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം പൊലീസ് ഉദ്യോഗസ്ഥർക്കും പിന്തുണയുമായി എല്ലാവരും രംഗത്തുവരണമെന്നും ഇവർ കൂട്ടിച്ചേർത്തു.