
ബോർഡോ: അത്യുഷ്ണത്തിന്റെ പിടിയിലുള്ള ഫ്രാൻസിലും സ്‌പെയിനിലും ‘രാക്ഷസ’കാട്ടുതീകൾ നിയന്ത്രണാതീതമായി പടരുന്നു. വിമാനങ്ങളിൽനിന്ന് വെള്ളവും അഗ്നിശമനോപാധികളും ചീറ്റിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതം. എന്നാൽ, എല്ലാറ്റിനെയും മറികടന്ന് തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്.
ഫ്രാൻസിലെ പ്രധാനനഗരമായ ബോർഡോയ്ക്ക് 15 കിലോമീറ്റർ അകലെ തീയെത്തി. മേഖലയിൽ ചെറിയതോതിൽ മഴലഭിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ആശ്വാസം പകർന്നു. എങ്കിലും പുതിയ ഉഷ്ണതരംഗം പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ തീ പൂർണമായും അണയ്ക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം ചേർന്നു.
8.5 ലക്ഷം താമസക്കാരുള്ള ബോർഡോ ഉടൻ ഒഴിപ്പിക്കേണ്ടിവരില്ലെന്ന് കരുതുന്നതായി മേയർ അറിയിച്ചു. ബോർഡോ ഉൾപ്പെട്ട ജിറോണ്ട് മേഖലയിൽ 280 കിലോമീറ്റർ ചുറ്റളവിൽ 77,000 ഹെക്ടറിലാണ് തീ പടരുന്നത്.
തീയണയ്ക്കാനുള്ള ശ്രമങ്ങളുമായി 2500 അഗ്നിരക്ഷാസേനാംഗങ്ങളും 1500 സൈനികരും 1200 പേലീസുകാരും രംഗത്തുണ്ട്. ഫ്രാൻസിന്റെയും സ്പെയിനിന്റെയും ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീകളിലൊന്നാണിത്. ഇരുരാജ്യങ്ങളിലുമായി 3.25 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. മൂന്നുപേർ മരിച്ചു. ഫ്രാൻസിൽ 84 അഗ്നിരക്ഷാസേനാഗംങ്ങൾക്ക് പൊള്ളലേറ്റു.
ബോർഡോ ഉൾപ്പെടുന്ന ജിറോണ്ട് മേഖലയിലും മഡ്രിഡിന് സമീപമുള്ള മധ്യസ്‌പെയിനിലുമാണ് കൂടുതൽ നാശനഷ്ടം. ഫ്രാൻസിലെ പ്രധാന വൈൻ ഉത്പാദന മേഖലയാണ് ജിറോണ്ട്. ദുരിതത്തിലായവർക്കായി ഞായറാഴ്ചത്തെ ദിവ്യബലിയിൽ ലിയോ പതിന്നാലാമൻ മാർപാപ്പ പ്രാർഥിച്ചു.
ഫയർ തണ്ടർസ്റ്റോം
തീച്ചൂടിനെത്തുടർന്നുണ്ടായ അതിശക്തമായ വരണ്ട വായുപ്രവാഹവും അതിനൊപ്പം രൂപപ്പെട്ട ഇടിമിന്നലും ചേർന്ന് ഫ്രാൻസിലെ ജിറോണ്ടിൽ തീ ഇടിമിന്നൽ കൊടുങ്കാറ്റ് (ഫയർ തണ്ടർസ്റ്റോം) എന്ന അപൂർവ പ്രതിഭാസമുണ്ടായി. ‘പൈറോക്യുമലോംനിംബസ്’ എന്ന പ്രതിഭാസത്തിനും കാരണമായി. തീയുടെ അതിതീവ്രചൂടിനാൽ ഭീമൻ മേഘങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണിത്. ഈ മേഘങ്ങളാണ് കാറ്റും ഇടിമിന്നലുമുണ്ടാക്കി പുതിയ തീപ്പിടിത്തങ്ങൾക്ക് വഴിവെക്കുന്നത്. കാലാവസ്ഥാവ്യതിയാനമാണ് കാട്ടുതീ ഇത്ര കഠിനമാകാൻ കാരണമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ
ഫ്രാൻസ്
ഒഴിപ്പിച്ചത്-2.5 ലക്ഷം പേരെ
കത്തിനശിച്ച വീടുകൾ-240
ഫ്രാൻസിൽ ഇക്കൊല്ലം 98,000 ഹെക്ടർ വനഭൂമി കത്തിനശിച്ചു
സ്പെയിൻ
ഒഴിപ്പിച്ചത്-76,000 പേരെ
ബാധിച്ച നഗരങ്ങൾ-മഡ്രിഡ്, അവില, വലൻസിയ
സ്‌പെയിനിൽ ഇക്കൊല്ലം 1.3 ലക്ഷം ഹെക്ടർ വനഭൂമി കത്തിനശിച്ചു
Content Highlights: Unprecedented wildfire spread across France and Spain affecting over 325,000 people., Emergence of the rare 'Fire Thunderstorm' (Pyrocumulonimbus) phenomenon in Gironde., Over 200,000 hectares of forest destroyed across both nations this year., Massive mobilization of 5,200+ emergency personnel and military forces., Scientific consensus links the severity of these fires to ongoing climate change.
Published: 28 Jul 2026, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented