ക്രിസ്മസുമായി ബന്ധപ്പെട്ട് ലോകത്ത് ഏറ്റവും പ്രചാരമുള്ള വിശ്വാസമാണ് സാന്താ ക്ലോസുമായി ബന്ധപ്പെട്ടത്. ക്രിസ്മസ് രാവില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സാന്തയെത്തുമെന്നാണ് വിശ്വാസം. കഥകള്‍ പ്രകാരം ഉത്തരധ്രുവത്തിൽനിന്നാണ് സാന്താ ക്ലോസ് വരുന്നത്. ക്രിസ്മസെത്തുമ്പോള്‍ റെയിന്‍ഡീര്‍ എന്ന ഇനം മാനുകള്‍ വലിക്കുന്ന ഹിമവണ്ടിയില്‍ കയറി ആകാശത്തിലൂടെ പറന്നാണ് സമ്മാനങ്ങള്‍ നല്‍കാനായി സാന്ത എത്തുക. 

To advertise here,

സാന്താ ക്ലോസ് മാനുകള്‍ വലിക്കുന്ന വണ്ടിയില്‍ ആകാശത്തിലൂടെ പറന്നെത്തുമെന്ന കഥ മിത്താണെങ്കിലും ആകാശത്തിലൂടെ 'പറക്കുന്ന' മാനുകളുടെ വീഡിയോ ആണ് അമേരിക്കയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പക്ഷേ ഈ 'പറക്കും മാനുകള്‍' സാന്തയുടെ വണ്ടി വലിക്കുന്നവയായിരുന്നില്ല. 

അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്താണ് സംഭവം. വന്യജീവി സംരക്ഷണത്തിന്റെ ചുമതലയുള്ള യൂട്ടാ ഡിവിഷന്‍ ഓഫ് വൈല്‍ഡ്‌ലൈഫ് റിസോഴ്‌സസ് ആണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് മാനുകളെ പൊക്കിയെടുത്ത് മറ്റൊരിടത്തേക്ക് 'എയര്‍ലിഫ്റ്റ്' ചെയ്യുന്ന വീഡിയോ ആണ് അവര്‍ പോസ്റ്റ് ചെയ്തത്. 

വീഡിയോ എന്താണെന്ന് വിശദീകരിക്കുന്ന രസകരമായ അടിക്കുറിപ്പും അവര്‍ നല്‍കിയിട്ടുണ്ട്. 'ഇവര്‍ സാന്തയുടെ പറക്കുന്ന റെയിന്‍ഡിയറുകള്‍ അല്ല. എല്ലാ ശൈത്യകാലത്തും നമ്മുടെ ജീവശാസ്ത്രജ്ഞര്‍ സംസ്ഥാനത്തുടനീളം 1200-ഓളം മാനുകളെ പിടികൂടി ജി.പി.എസ്. കോളര്‍ ഘടിപ്പിക്കാറുണ്ട്. അവയെ കാട്ടിലേക്ക് തിരികെ വിടുന്നതിന് മുമ്പ് ആരോഗ്യ പരിശോധനയ്ക്കായി ഒരിടത്തേക്ക് കൊണ്ടുവരും. മാനുകളുടെ നീക്കങ്ങള്‍ പഠിക്കാന്‍ ഈ ഉദ്യമം ഞങ്ങളെ സഹായിക്കും' -ഇതായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. 

പറക്കും മാനുകള്‍ വലിക്കുന്ന വണ്ടിയിലെത്തുന്ന സാന്താക്ലോസിനെ ഇതുവരെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ പറക്കുന്ന മാനുകളെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ എന്നാണ് ചിലര്‍ രസകരമായി കമന്റ് ചെയ്തിരിക്കുന്നത്.