സാന്താക്ലോസ് എന്ന ആശയത്തിന് പ്രചോദനമായ വിശുദ്ധ നിക്കോളസിന്റെ മുഖം പുനര്‍നിര്‍മ്മിച്ച് ശാസ്ത്രജ്ഞർ. ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, നിക്കോളസിന്റെ മരണത്തിന് 1700 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മുഖത്തിന്റെ പുനർനിർമാണം സാധ്യമായത്.

To advertise here,

തലയോട്ടിയിൽനിന്നുള്ള ഡാറ്റകൾ വിശകലനം ചെയ്ത്, ന്യൂതന സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാണ് വിശുദ്ധ നിക്കോളസിന്റെ മുഖം ഗവേഷകർ പുനർനിർമിച്ചത്. പഠനത്തിന്റെ പ്രധാന വക്താവായ സിസറോ മൊറെയ്സ് ആണ് നിക്കോളസിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. 

രൂപകൽപന ചെയ്ത നിക്കോളസിന്റെ ത്രീഡി ചിത്രങ്ങൾ, ആദ്യകാല സാഹിത്യങ്ങളിലെ സാന്താ ക്ലോസിന്റെ വിവരണങ്ങളുമായി സാമ്യമുള്ളതാണെന്ന് സിസറോ മൊറെയ്സ് പറഞ്ഞു. 1823-ലെ Twas The Night Before Christmas എന്ന കവിതയിൽ സാന്താ ക്ലോസിനെ വർണിച്ചപോലെ, റോസ് കവിളുകൾ, വലിയ മുഖം, ചെറി പോലെയുള്ള മൂക്ക് എന്ന വർണനകൾക്ക് സമാനമാണ് പുതിയ ചിത്രങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

1850-ൽ ലൂയ്ജി മാർട്ടിനോ ശേഖരിച്ച ഡാറ്റകൾ നിക്കോളസിന്റെ മുഖം പുനർനിർമിക്കാൻ ഉപയോ​ഗിച്ചെന്നും അദ്ദേഹം  പറയുന്നു. ഈ ഡാറ്റ ഉപയോ​ഗിച്ച് ആദ്യം ത്രീഡി രൂപത്തിൽ തലയോട്ടി പുനർനിർമിച്ചു. പിന്നീട് ശരീരഘടന രൂപഭേദം വരുത്തുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനർ (ഇന്നത്തെ തുർക്കി) പ്രവിശ്യയിലെ മൈറ എന്ന നഗരത്തിലാണ് വിശുദ്ധ നിക്കോളാസ് താമസിച്ചിരുന്നത്. മൈറയിലെ ബിഷപ്പ് ആയിരുന്നു അദ്ദേഹം എന്നാണ് കരുതുന്നത്. നല്ല പെരുമാറ്റമുള്ള കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതിലും ദരിദ്രരെയും രോഗികളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുന്നതിലും ആയിരുന്നു നിക്കോളാസിന്റെ ശ്രദ്ധ. കാലക്രമേണ വിശുദ്ധ നിക്കോളാസ്, ക്രിസ്തുമസിന് സമ്മാനങ്ങൾ കൊണ്ടുത്തരുന്ന നമ്മുടെ ആധുനിക സാന്താക്ലോസായി രൂപാന്തരപ്പെടുകയായിരുന്നു. 

എ.ഡി. 343-ലായിരുന്നു നിക്കോളാസിന്റെ മരണം. ആദ്യം മൈറയിൽ തന്നെ ആയിരുന്നു അദ്ദേഹത്തെ അടക്കം ചെയ്തത്. പിന്നീട് അസ്ഥികൾ ഇറ്റലിയിലെ ബാരിയിലേക്ക് മാറ്റി. അവ ഇപ്പോഴും ഇവിടെ തന്നെ തുടരുകയാണ്.