ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ് നടത്തിയ ആക്രമണത്തിന് പിന്നാലെ, വിമാനത്തിന്റെ നമ്പറിനെച്ചൊല്ലിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നു.

To advertise here,

ഫ്ലൈ ദുബായ് വിമാനത്തിന്റെ ‘FZ1073’ എന്ന ഫ്ലൈറ്റ് നമ്പറിനെ അടിസ്ഥാനമാക്കിയാണ് '1073' സിദ്ധാന്തം പ്രചരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ നമ്പറിനെ 10/7/3 (10-7-3) എന്നിങ്ങനെയാണ് വേർതിരിക്കുന്നത്. ഇത് ഒക്ടോബർ 7 എന്ന തീയതിയെയും, 2023-ലെ ആക്രമണത്തിന് ശേഷമുള്ള മൂന്നാം വർഷത്തെയും സൂചിപ്പിക്കുന്നു എന്നാണ് ഇവരുടെ പ്രധാന വ്യാഖ്യാനം.

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിലാണ് ആക്രമണം നടന്നത് എന്നതും, ഒക്ടോബർ 7 വാർഷികത്തിന് ദിവസങ്ങൾക്ക് മുൻപ് ഈ സംഭവം ഉണ്ടായി എന്നതും പ്രചാരണത്തിന് ആക്കം കൂട്ടി. എന്നാൽ, ഈ ഫ്ലൈറ്റ് നമ്പർ മനഃപൂർവം തിരഞ്ഞെടുത്തതാണെന്നോ, ഇതിന് ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നോ തെളിയിക്കുന്ന യാതൊരു തെളിവും നിലവിൽ ലഭ്യമല്ല. അന്വേഷണ ഉദ്യോഗസ്ഥർ സംഭവത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് ഇത്തരം ഒരു വ്യാഖ്യാനം വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മൂന്ന് വർഷം മുൻപ് ഒക്ടോബർ 7-നാണ് ഗാസയിൽനിന്നുള്ള ശക്തമായ റോക്കറ്റ് വർഷത്തോടെ ഹമാസിന്റെ നേതൃത്വത്തിലുള്ള സായുധ സംഘങ്ങൾ കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ തെക്കൻ ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. സൈനിക താവളങ്ങൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നോവ സംഗീത മേളയ്ക്കും നേരെ നടന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്ര, യു.എസ് സർക്കാറുകളുടെ കണക്കനുസരിച്ച് ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബർ 30-നാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായുടെ ‘FZ1073’ വിമാനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുകൊണ്ടിരിക്കെ, ഒമാനി സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റനായ ഇന്ത്യൻ സ്വദേശി സ്മിത് മച്ചാറിനെ കോക്ക്പിറ്റിനുള്ളിൽ വെച്ച് തുടർച്ചയായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വിമാനം ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത് മച്ചാർ കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും അകത്തുകയറുകയും ആക്രമിയെ കീഴടക്കുകയുമായിരുന്നു. തുടർന്ന് വഴിതിരിച്ചുവിട്ട വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി.

സംഭവത്തിൽ യു.എ.ഇ. പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളും ലക്ഷ്യങ്ങളും അന്വേഷിക്കാനും ഇതിന് ഭീകരവാദ പ്രവർത്തനങ്ങളുമായോ ലക്ഷ്യങ്ങളുമായോ ബന്ധമുണ്ടോ, മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ, അതോ മറ്റാരുടെയെങ്കിലും നിർദേശപ്രകാരമാണോ ആക്രമണം നടന്നത് എന്ന് പരിശോധിക്കാനും യു.എ.ഇ അറ്റോർണി ജനറൽ നിർദേശം നൽകി.