അബുദാബി: ഭർത്താവിനുനേരെ ആക്രമണമുണ്ടായ വിവരമറിഞ്ഞപ്പോൾ താൻ മാനസികമായി തകർന്നുപോയെന്ന് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ഭാര്യ സോനൽ മച്ചാർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. സ്മിതിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരുന്ന നിമിഷങ്ങളിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയാണ് തനിക്ക് ആശ്വാസമായതെന്നും അവർ പറഞ്ഞു.

To advertise here,

ചുറ്റുമുള്ളവരുടെ ആശ്വാസവാക്കുകളും ഇന്ത്യൻ ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരങ്ങളും ഭയം അകറ്റാൻ സഹായിച്ചെന്നും സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സോണൽ മച്ചാർ പറഞ്ഞു. ‘സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നതിനാൽ എല്ലാം ശരിയാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന വിവരവും ലഭിച്ചു.’- സോണൽ പറഞ്ഞു.

സ്മിതിനെ വ്യാഴാഴ്ച നേരിൽ കണ്ടതായും യു.എ.ഇ.യിലെയും സൈന്യത്തിലെയും വിദഗ്ധരായ ഡോക്ടർമാരുടെ മികച്ച പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും അവർ പറഞ്ഞു. സ്മിത് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും അദ്ദേഹത്തെ എത്രയും വേഗം വീട്ടിലേക്ക് തിരികെ എത്തിക്കുന്നതിനുമാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നത്. അതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം എത്രയും പെട്ടെന്ന് വീട്ടിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സോണൽ കൂട്ടിച്ചേർത്തു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്മിതുമായി സംസാരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താനല്ല അതിന് മറുപടി നൽകേണ്ടത് എന്ന് സോനൽ പറഞ്ഞു. ‘എനിക്ക് മിസ്റ്റർ നെതന്യാഹുവുമായി സംസാരിക്കാൻ കഴിയില്ല. അതിന് ഏറ്റവും അനുയോജ്യനായ വ്യക്തി സ്മിത് തന്നെയാണ്, അദ്ദേഹം തന്നെയാണ് മിസ്റ്റർ നെതന്യാഹുവിനോട് സംസാരിക്കേണ്ടത്.’-അവർ പറഞ്ഞു. സ്മിത് മാനസികമായി ശരിയായ നിലയിലായാൽ അദ്ദേഹം നെതന്യാഹുവുമായി സംസാരിക്കുമെന്നും സോനൽ കൂട്ടിച്ചേർത്തു.

ടെൽ അൽവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ ആക്രമണത്തിലാണ് സ്മിത് മച്ചാറിന് പരിക്കേറ്റത്. തുടർന്ന് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണ് സാഹചര്യം നിയന്ത്രണവിധേയമാക്കിയത്. ചികിത്സയിൽ തുടരുന്ന ക്യാപ്റ്റൻ സ്മിത് മച്ചാർ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുവരികയാണ്.