ഹനോയ്: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും ഭാര്യയുടെയും വിമാനത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് ഭാര്യ ബ്രിജിറ്റ് മാക്രോണ്‍ ഇമ്മാനുവല്‍ മാക്രോണിനെ തല്ലുന്നദൃശ്യങ്ങള്‍ എന്ന പേരിലാണ് ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും വിയറ്റ്‌നാമിലെ ഹനോയിയില്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു സംഭവം. 

To advertise here,

വിമാനത്തിന്റെ വാതില്‍ തുറന്നതിന് പിന്നാലെ ബ്രിജിറ്റ് ഭര്‍ത്താവിന്റെ മുഖത്തേക്ക് കൈ കൊണ്ടുപോകുന്നതും അദ്ദേഹത്തെ തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വാതില്‍ തുറന്നത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ പുറത്തുള്ളവരെ ഇമ്മാനുവല്‍ മാക്രോണ്‍ അഭിവാദ്യംചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ ദമ്പതിമാര്‍ വിമാനത്തില്‍നിന്ന് പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, പുറത്തേക്കിറങ്ങുമ്പോള്‍ ഭാര്യ ഇമ്മാനുവല്‍ മാക്രോണിന്റെ കൈകള്‍ ചേര്‍ത്തുപിടിക്കാതെ നടന്നുവരുന്നതും സാമൂഹികമാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി. 

അതേസമയം, വൈറലായ ദൃശ്യങ്ങള്‍ വിശ്വസനീയമല്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിനെ ഓഫീസ് സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. എന്നാല്‍, വാര്‍ത്താ ഏജന്‍സികളടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഇത് യഥാര്‍ഥദൃശ്യങ്ങളാണെന്ന് ഓഫീസ് സ്ഥിരീകരിച്ചു. ദമ്പതിമാര്‍ക്കിടയിലുണ്ടായ ചെറിയൊരു കലഹം മാത്രമാണിതെന്ന് പ്രസിഡന്റിന്റെ അടുത്തവൃത്തങ്ങളിലൊരാളും പ്രതികരിച്ചു. 

ഏഴുദിവസത്തെ തെക്കുകിഴക്കനേഷ്യന്‍ പര്യടനത്തിനായാണ് ഇമ്മാനുവല്‍ മാക്രോണും ഭാര്യയും വിയറ്റ്‌നാമിലെത്തിയത്. ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഫ്രഞ്ച് പ്രസിഡന്റ് സന്ദര്‍ശനം നടത്തും.