ജറുസലേം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാനാകാതെ ഭരണപ്രതിസന്ധി രൂപപ്പെട്ട ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ പുതിയ നീക്കവുമായി പ്രതിപക്ഷസഖ്യം. രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രിയെ നേരിട്ടു തിരഞ്ഞെടുക്കുന്ന രീതി തിരിച്ചുകൊണ്ടുവരാനുള്ള നിയമനിർമാണമാണ് പ്രതിപക്ഷം പരിഗണിക്കുന്നത്.
നിർദിഷ്ട നിയമപ്രകാരം പാർലമെന്റ് തിരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് നേരിട്ട് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം. ഇതുവഴി പാർലമെന്റിൽ ഭൂരിപക്ഷമില്ലെങ്കിലും വിജയിക്കുന്ന സ്ഥാനാർഥിക്ക് ന്യൂനപക്ഷ സർക്കാരുണ്ടാക്കാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് പദ്ധതി വക്താക്കളുടെ കണക്കുകൂട്ടൽ. സമാന നിർദേശം 2021-ലെ തിരഞ്ഞെടുപ്പിനുശേഷം നെതന്യാഹു മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ, ഇസ്രയേലിന്റെ അടിസ്ഥാന നിയമമായ ‘ബേസിക് ലോ: ദി ഗവൺമെന്റ്’ പ്രകാരം പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു മുൻപ് നെസറ്റിൽ കുറഞ്ഞത് 61 പേരുടെ പിന്തുണയോടെ വിശ്വാസവോട്ട് നേടണം. അതിനാൽ പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള രീതി നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണ്. ഇതിനും കുറഞ്ഞത് 61 എം.പി.മാരുടെ പിന്തുണ വേണം.
120 അംഗ പാർലമെന്റായ നെസറ്റിൽ നെതന്യാഹു പക്ഷത്തിന് 53 സീറ്റും ഗാദി ഐസൻകോട്ടിന്റെ പ്രതിപക്ഷസഖ്യത്തിന് 48 സീറ്റുമാണ് ലഭിച്ചത്. അറബ് നേതൃത്വത്തിലുള്ള രണ്ടു പാർട്ടികൾക്ക് ആകെ 19 സീറ്റുലഭിച്ചു. ഇതോടെ നെതന്യാഹു വിരുദ്ധ വിഭാഗങ്ങളുടെ മൊത്തം അംഗബലം 67 ആയി. എന്നാൽ, അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതിൽ പ്രതിപക്ഷത്തെ ചില ജൂതപ്പാർട്ടികൾക്ക് വിയോജിപ്പുള്ളതാണ് സർക്കാർ രൂപവത്കരണത്തിനുള്ള തടസ്സം.
അതിനിടെ, ജൂത-അറബ് സംയുക്ത സർക്കാരുണ്ടാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച വൈകീട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നു. അറബ് പൗരരുടെ വോട്ടിന് ജൂതരുടെ വോട്ടിനുള്ള തുല്യപ്രാധാന്യമുണ്ടെന്നും സർക്കാർ രൂപവത്കരണത്തിൽ അറബ് പാർട്ടികൾക്ക് പങ്കാളിത്തം വേണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.
ഗോലന്റെ ഇടതുപാർട്ടിക്ക് എട്ടു സീറ്റ്
മുൻ സൈനിക ഉദ്യോഗസ്ഥൻ യെയർ ഗോലന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാർട്ടിയായ ദ ഡെമക്രാറ്റ്സ് എട്ടുസീറ്റു നേടി. 2024-ൽ ഇസ്രയേലിലെ പഴയ ലേബർ പാർട്ടിയും മെറെറ്റ്സ് എന്ന ഇടതുപക്ഷ പാർട്ടിയും ലയിച്ചാണ് ഡെമക്രാറ്റ്സ് രൂപവത്കരിച്ചത്. നെതന്യാഹു വിരുദ്ധ പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമായ ഗോലൻ, സർക്കാരുണ്ടാക്കാൻ അറബ് നേതൃത്വത്തിലുള്ള റാം, ജോയിന്റ് ലിസ്റ്റ് എന്നീ പാർട്ടികളുടെ പിന്തുണ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
അറബ് പാർട്ടിയുടെ പ്രതിനിധിയായി മുൻ ജൂത പോലീസ് ഉദ്യോഗസ്ഥനും
അറബ് നേതൃത്വത്തിലുള്ള ഇസ്‌ലാമിക രാഷ്ട്രീയപ്പാർട്ടിയായ റാമിന്റെ പ്രതിനിധിയായി മുൻ ജൂതപോലീസ് ഉദ്യോഗസ്ഥൻ യോവ് സെഗലോവിറ്റ്സ് നെസറ്റിലെത്തും. മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റാമിന് തിരഞ്ഞെടുപ്പിൽ എട്ട് സീറ്റ് ലഭിച്ചിരുന്നു. ജൂത-അറബ് സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സെഗലോവിറ്റ്സ് വ്യക്തമാക്കി.
Content Highlights: Opposition alliance in Israel plans to introduce direct Prime Minister elections to resolve the ongoing political deadlock and bypass majority requirements., Benjamin Netanyahu's camp holds 53 seats, while the anti-Netanyahu opposition has 48 seats in the 120-seat Knesset., Protests erupted demanding a joint Jewish-Arab government and inclusion of Arab parties in governance., The Democrats, led by Yair Golan, secured 8 seats in the recent parliament election.
Published: 01 Nov 2026, 06:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented