വാഷിങ്ടണ്‍: വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ ഇനിയും യുഎസ് നാവിക കപ്പലുകള്‍ക്ക് മീതെ പറന്നാല്‍ അവയെ വെടിവെച്ചിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. യുഎസ് കപ്പലുകള്‍ക്ക് മീതെ ഇനിയും വിമാനങ്ങള്‍ വരികയാണെങ്കില്‍ വെനസ്വേല കുഴപ്പത്തിലാകുമെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാവുകയാണെങ്കില്‍ എന്തുംചെയ്യാനുള്ള നിര്‍ദേശവും ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നല്‍കിയിട്ടുണ്ട്. 

To advertise here,

തെക്കെ അമേരിക്കയ്ക്ക് സമീപം യുഎസിന്റെ കപ്പലിന് മുകളിലൂടെ കഴിഞ്ഞദിവസങ്ങളില്‍ വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ പറന്നിരുന്നു. രണ്ടുദിവസത്തിനിടെ രണ്ടുതവണയാണ് വെനസ്വേലയുടെ വിമാനങ്ങള്‍ യുഎസ് കപ്പലിന് മുകളിലൂടെ പറന്നത്. ഇതുസംബന്ധിച്ചാണ് ട്രംപ് വെനസ്വേലയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് വെനസ്വേലയില്‍നിന്ന് മയക്കുമരുന്ന് കടത്തുകയാണെന്ന് ആരോപിച്ച് ഒരു കപ്പലിന് നേരേ യുഎസ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ വെനസ്വേലയില്‍നിന്നുള്ള കപ്പലിലുണ്ടായിരുന്ന 11 പേര്‍ കൊല്ലപ്പെട്ടു. ഇതിനുപിന്നാലെയാണ് വെനസ്വേലയുടെ സൈനികവിമാനങ്ങള്‍ യുഎസ് യുദ്ധക്കപ്പലിന് മുകളിലൂടെ പറന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. 

വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ തെക്കെ അമേരിക്കയില്‍നിന്നുള്ള മയക്കുമരുന്ന് കടത്തിനെതിരേ കര്‍ശന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. വെനസ്വേലയില്‍നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് ഒഴുക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം. വെനസ്വേലയില്‍ നിക്കോളാസ് മഡൂറോ വീണ്ടും അധികാരത്തിലെത്തിയത് വിചിത്രമായ തിരഞ്ഞെടുപ്പിലൂടെയാണെന്നും ട്രംപ് പറഞ്ഞിരുന്നു. 

അതേസമയം, വെനസ്വേലയ്‌ക്കെതിരെയുള്ള യുഎസ് ആരോപണങ്ങള്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തള്ളിക്കളഞ്ഞു. യുഎസിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ സൈനിക ഏറ്റുമുട്ടലിനുള്ള ന്യായീകരണമല്ലെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേല എല്ലായ്‌പ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പക്ഷേ, തങ്ങള്‍ക്ക് ബഹുമാനമാണ് ആവശ്യമെന്നും നിക്കോളാസ് മഡൂറോ വ്യക്തമാക്കി. സൈനിക നീക്കത്തിലൂടെ വെനസ്വേലയില്‍ ഭരണമാറ്റത്തിനാണ് അമേരിക്കയുടെ ശ്രമമെന്നും മഡൂറോ ആരോപിച്ചു. 

അതിനിടെ, വെനസ്വേലയില്‍നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനായി തെക്കന്‍ കരീബിയനില്‍ യുഎസ് സൈന്യം ശക്തമായ നീക്കം നടത്തിയിട്ടുണ്ട്. കൂടുതല്‍ യുദ്ധക്കപ്പലുകളെയും യുഎസ് മേഖലയില്‍ വിന്യസിച്ചിരുന്നു. സൈനിക നീക്കത്തിന്റെ ഭാഗമായി കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കോയിലേക്ക് പത്ത് എഫ്-35 വിമാനങ്ങള്‍ അയച്ചതായി കഴിഞ്ഞ ദിവസം വൈറ്റ്ഹൗസും അറിയിച്ചു. 

മയക്കുമരുന്നിനെതിരായ ശക്തമായ നിലപാടിന്റെ ഭാഗമായാണ് കരീബിയനിലെ സേനാവിന്യാസം ശക്തമാക്കുന്നതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മയക്കുമരുന്നിലൂടെ അമേരിക്കക്കാരെ കൊല്ലാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ട്രംപ് ആദ്യം പ്രസിഡന്റായ വേളയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരേയും വെനസ്വേലയിലെ ഉന്നതര്‍ക്കെതിരേയും മയക്കുമരുന്ന് കടത്തിന് യുഎസില്‍ കുറ്റം ചുമത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരനെന്നാണ് നിക്കോളാസ് മഡൂറോയെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. അടുത്തിടെ മഡൂറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ പാരിതോഷികവും ട്രംപ് പ്രഖ്യാപിച്ചിരുന്നു.