ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാനെതിരെ സഹോദരി ആനി ഓൾട്ട്മാൻ നൽകിയ ലൈംഗികാതിക്രമ കേസ് യുഎസ് കോടതി തള്ളി. മെഡിക്കൽ പരിശോധനയ്ക്ക് പലതവണ അവസരം നൽകിയിട്ടും പരാതിക്കാരി ഹാജരാകാത്തതിനെ തുടർന്നാണ് യുഎസ് ജില്ലാ ജഡ്ജി സക്കറി ബ്ലൂസ്റ്റൺ കേസ് തള്ളിയത്. പലതവണ അവസരങ്ങളും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടും ആനി ഓൾട്ട്മാൻ മൂന്ന് തവണ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

To advertise here,

കോടതി നിർദേശങ്ങളും അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും തുടർച്ചയായി പാലിക്കാത്ത സാഹചര്യത്തിൽ കേസ് മുന്നോട്ടുകൊണ്ടുപോകാൻ മറ്റ് മാർഗങ്ങളില്ലെന്നും ജഡ്ജി വ്യക്തമാക്കി. ഇതോടെ കേസ് വീണ്ടും ഉന്നയിക്കാൻ കഴിയാത്ത വിധത്തിൽ തള്ളാൻ കോടതി ഉത്തരവിടുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ഹാജരായില്ലെങ്കിൽ കേസ് തള്ളുമെന്ന് നേരത്തേ തന്നെ കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

കേസിൽ ആനിക്ക് വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ സാന്റോസ് പെരസ് ഈ മാസം കേസിൽനിന്ന് പിന്മാറിയിരുന്നു. ആനിയുടെ നിലവിലെ അഭിഭാഷക ലോറ പോളിറ്റിയും സാം ഓൾട്ട്മാന്റെ അഭിഭാഷകരും കോടതി വിധിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്താണ് സാം ഓൾട്ട്മാനെതിരെയുള്ള ലൈംഗികാതിക്രമ കേസ്?

2025 ജനുവരി ആറിനാണ് സാം ഓൾട്ട്മാനെതിരെ ആനി മിസൗറിയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 1997 മുതൽ 2006 വരെ മിസൗറിയിലെ ക്ലെയ്റ്റണിലുള്ള കുടുംബവീട്ടിൽവച്ച് സാം തന്നെ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്നാണ് ആനിയുടെ ആരോപണം. തനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അതിക്രമം ആരംഭിച്ചെന്നും അന്ന് സാം ഓൾട്ട്മാന് 12 വയസ്സായിരുന്നുവെന്നും ആനി പരാതിയിൽ ആരോപിച്ചിരുന്നു. സാം പ്രായപൂർത്തിയായ ശേഷവും അതിക്രമങ്ങൾ തുടർന്നുവെന്നാണ് അവരുടെ വാദം.

സഹോദരിയുടെ ആരോപണങ്ങൾ സാം ഓൾട്ട്മാൻ നിഷേധിച്ചിട്ടുണ്ട്

കേസ് ഫയൽ ചെയ്ത സമയത്ത് സാം ഓൾട്ട്മാനും അമ്മയും രണ്ട് സഹോദരന്മാരും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ആനിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. കൂടുതൽ പണം നൽകണമെന്ന ആനിയുടെ ആവശ്യം കുടുംബം നിരസിച്ചതിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ സാം ഓൾട്ട്മാനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആനിക്ക് വേണ്ടി പ്രതിമാസം വലിയൊരു തുക ചെലവഴിച്ചിരുന്നുവെന്നും സാമ്പത്തിക സഹായത്തിന് പുറമേ വാടകയും മറ്റ് ബില്ലുകളും അടയ്ക്കാൻ സഹായിച്ചിരുന്നുവെന്നും കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് കോടതി വിധിച്ചിട്ടില്ല

മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാത്തതും കോടതി നിർദേശങ്ങൾ പാലിക്കാത്തതുമാണ് കേസ് തള്ളാനുള്ള കാരണങ്ങൾ. ആനി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നോ തെറ്റാണെന്നോ ഈ വിധിയിലൂടെ കോടതി സ്ഥിരീകരിച്ചിട്ടില്ല. ആരോപണങ്ങളുടെ സത്യാവസ്ഥ നിർണയിക്കുന്നതിനു പകരം, നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് തള്ളിയിരിക്കുന്നത്.