
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് ട്രംപിന് മോദിയോടുള്ള പ്രത്യേക താൽപ്പര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
‘ഏപ്രിലിൽ മിയാമിയിൽ നടന്ന ഒരു കായിക പരിപാടിക്കിടെ പ്രസിഡൻ്റ് ട്രംപ് പെട്ടെന്ന് മോദിയെ വിളിക്കാൻ തന്നോട് പറഞ്ഞു. ഇന്ത്യയിൽ അപ്പോൾ പുലർച്ചെ ആറ് മണിയാണെന്ന് അറിയിച്ചപ്പോൾ, ‘അദ്ദേഹം (മോദി) എഴുന്നേറ്റിട്ടുണ്ടാകും, എന്നെപ്പോലെതന്നെ അദ്ദേഹത്തിനും ഉറക്കമില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തിൽ എല്ലാ കാര്യങ്ങളും മുൻകൂട്ടി നിശ്ചയിക്കേണ്ടതില്ല എന്ന സന്ദേശമാണ് ഈ സംഭവത്തിൽനിന്ന് താൻ തിരിച്ചറിഞ്ഞത്’, ഗോർ പറഞ്ഞു.
മറ്റ് ലോകനേതാക്കളിൽനിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രി മോദിയെ ട്രംപ് ഒരു അടുത്ത സുഹൃത്തായാണ് പരിഗണിക്കുന്നത്. ട്രംപിന്റെ ഒന്നാം ഭരണകാലം മുതൽ ആരംഭിച്ച ആത്മബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വലിയ ഗുണം ചെയ്യുന്നുണ്ട്. ഇന്ത്യയോട് ട്രംപിന് വലിയ ബഹുമാനമുണ്ട്. തന്റെ മുൻപത്തെ ഇന്ത്യ സന്ദർശനം ഇപ്പോഴും അദ്ദേഹം ഓർക്കാറുണ്ടെന്നും വൈകാതെ അദ്ദേഹം വീണ്ടും ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അതിന്റെ അവസാന ഘട്ടത്തിലാണെന്നും 99 ശതമാനം ചർച്ചകളും പൂർത്തിയായതായും സെർജിയോ ഗോർ അറിയിച്ചു. യൂറോപ്യൻ വ്യാപാര കരാറുകൾ പൂർത്തിയാക്കാൻ 20 വർഷത്തോളം എടുത്ത സ്ഥാനത്ത് വെറും ഒന്നരവർഷത്തിനുള്ളിൽ ഈ കരാർ പൂർത്തിയാക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി ഡിസംബറിൽ അമേരിക്ക സന്ദർശിക്കുമെന്നും ഗോർ അറിയിച്ചു. ഇതിനുമുൻപ് ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
Content Highlights: Donald Trump and PM Modi share a close, informal personal friendship., US-India trade deal is 99% complete after 18 months of negotiations., PM Modi may visit the US in December for the G20 summit., US Ambassador Sergio Gor highlights the strategic importance of the leader-to-leader connection.
Published: 30 Jun 2026, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented