വാഷിങ്ടൺ: ആക്രമണം നടത്തിയതിന് ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തിയ ഇറാനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഇനി പശ്ചിമേഷ്യയ്ക്ക് ഭീഷണി അല്ലെന്നും മറിച്ച് ഒരു പരാജിത രാജ്യമാണെന്നും ഡൊണാൾഡ് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചുറ്റുമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളോട് ഇറാൻ തോൽക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ സൈനികനീക്കങ്ങൾ കാരണമാണ് ഇറാൻ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു.
'ഇറാൻ പശ്ചിമേഷ്യയിലെ അയൽക്കാരോട് ക്ഷമാപണം നടത്തി കീഴടങ്ങിയിരിക്കുകയാണ്. ഇനി അവർക്കുനേരേ വെടിയുതിർക്കില്ലെന്നാണ് ഇറാൻ ഉറപ്പുനൽകിയിരിക്കുന്നത്. യുഎസിന്റെയും ഇസ്രയേലിന്റെയും നിരന്തരമായ ആക്രമണം കാരണമാണ് ഇറാന് ഈ ഉറപ്പുനൽകേണ്ടിവന്നത്. പശ്ചിമേഷ്യ പിടിച്ചെടുക്കാനും ഭരിക്കാനുമായിരുന്നു അവരുടെ ശ്രമം. ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചുറ്റുമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളോട് ഇറാൻ തോൽക്കുന്നത് ഇതാദ്യമാണ്. അവർ 'താങ്ക് യൂ പ്രസിഡന്റ് ട്രംപ്' എന്ന് പറഞ്ഞു. 'യൂ ആർ വെൽക്കം' എന്ന് ഞാൻ അവരോട് പറഞ്ഞു', ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാൻ ഇനി പശ്ചിമേഷ്യയുടെ ഭീഷണി അല്ലെന്നും മറിച്ച് പശ്ചിമേഷ്യയുടെ തോൽവിയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ കീഴടങ്ങുന്നതുവരെയോ പൂർണമായും തകരുന്നതുവരെയോ അങ്ങനെതന്നെ തുടരും. ഇന്ന് ഇറാന് കനത്ത പ്രഹരമേൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ മോശം പെരുമാറ്റം കാരണം ഇതുവരെ ലക്ഷ്യമിടാത്ത പ്രദേശങ്ങളും ജനവിഭാഗങ്ങളും ആക്രമണങ്ങൾ നേരിടേണ്ടിവരാം. ഇറാന്റെ മോശം പെരുമാറ്റം ഇറാന്റെ പൂർണമായ നാശത്തിന് കാരണമായേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ശനിയാഴ്ചയാണ് ഇറാൻ പ്രസിഡന്റ് അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തിയത്. അയൽരാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച അദ്ദേഹം, ഇറാനെതിരേ അവരുടെ പ്രദേശങ്ങളിൽനിന്ന് ആക്രമണമുണ്ടായില്ലെങ്കിൽ അയൽരാജ്യങ്ങൾക്കുനേരേ മിസൈൽ ആക്രമണം നടത്തില്ലെന്നും ഉറപ്പുനൽകിയിരുന്നു. ഇറാനിലെ ഇടക്കാല നേതൃ കൗൺസിലിന്റെ തീരുമാനമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇറാൻ ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് ഇറാനെതിരെ ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Donald Trump claims Iran is no longer a threat to the Middle East., Iran issued an apology to Gulf neighbors regarding recent missile attacks., Trump credits US and Israeli military pressure for Iran's shift in stance., Trump warns of potential further consequences if Iran's behavior does not improve.
Published: 07 Mar 2026, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented