ഇസ്ലാമാബാദ്: ഇന്ത്യൻ ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ധുരന്ധർ എന്ന ബോളിവുഡ് ചിത്രം പാകിസ്താനിലും ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ രാജ്യങ്ങളിലും നിരോധിച്ചിരുന്നു. ചാരവൃത്തി, ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം പാക് വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാണ് പാക് അനുകൂല വൃത്തങ്ങൾ ആരോപിക്കുന്നത്. എന്നാൽ പാകിസ്താൻ നിരോധിച്ചിട്ടും ചിത്രത്തിലെ ഗാനം പാകിസ്താനിലെ പ്രമുഖ നേതാവ് ബിലാവൽ ഭൂട്ടോ പങ്കെടുത്ത പരിപാടിയിൽ അവതരിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്ന ഭൂട്ടോയെയും അതിനിടയിൽ ധുരന്ധർ ചിത്രത്തിലെ FA9LA എന്ന ഗാനം പ്ലേ ചെയ്തിരിക്കുന്നതും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ചിത്രം അവിടെ നിരോധിക്കപ്പെട്ടിട്ടും പാകിസ്താനിലെ ഒരു പരിപാടിയിൽ ഇതേ ഗാനം പ്ലേ ചെയ്യുന്നത് കാണുന്നത് അത്ഭുതകരമാണെന്ന് ഉപഭോക്താക്കൾ എക്സിൽ കുറിച്ചു.

'സ്വയം നാണം കെടാതെ അവർക്ക് ഒരു ദിവസം പോലും ചെലവഴിക്കാൻ കഴിയില്ല', 'പാക് വിവാഹ പരിപാടികൾ ഇന്ത്യൻ സംഗീതത്താൽ ഉജ്ജ്വലമാണ്' തുടങ്ങി നിരവധി കമന്റുകളാണ് എക്സിൽ ഉപഭോക്താക്കൾ പങ്കുവെച്ചിരിക്കുന്നത്.

ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർസിങ് നായക വേഷത്തിലെത്തുന്ന ധുരന്ധറിൽ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ, രാകേഷ് ബേഡി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പാകിസ്താനിൽ നുഴഞ്ഞുകയറി ഒരു മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ പാക് ഭീകരവാദ സംഘങ്ങളെ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.