
കോപ്പന്‍ഹേഗന്‍: ഖുര്‍ആന്‍ പരസ്യമായി കത്തിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി ഡെന്മാര്ക്ക്. 77നെതിരെ 94 വോട്ടുകള്‍ക്കാണ് ഡെന്മാര്ക്ക് പാര്‍ലമെന്റ് നിയമം പാസാക്കിയത്. ഡെന്മാര്ക്കില് നടന്ന ചില പ്രതിഷേധങ്ങളില്‍ ഖുര്‍ആന്‍ പരസ്യമായി കത്തിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുസ്ലിം രാജ്യങ്ങളുമായുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനായാണ് ഡെന്മാര്ക്ക് പുതിയ നിയമം കൊണ്ടുവന്നത്.
'ഖുര്‍ആനോ മുസ്ലിം രാജ്യങ്ങളുടെ പതാകയോ കത്തിച്ച 500-ലേറെ സംഭവങ്ങളാണ് ജൂലൈ മുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രാജ്യങ്ങളുമായുള്ള ഡെന്മാര്ക്കിന്റെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇത്തരം പ്രതിഷേധങ്ങള്‍ കാരണമാകും. നമ്മുടെ താല്‍പ്പര്യങ്ങളെയും ആത്യന്തികമായി നമ്മുടെ സുരക്ഷയേയും അത് ബാധിക്കും', ഡെന്മാര്ക്ക് നീതിന്യായ വകുപ്പ് മന്ത്രി പീറ്റര്‍ ഹമെല്ഗാഡ് പറഞ്ഞു.
Also Read

ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റില്‍ നിയമം പാസായത്. പുതിയ നിയമപ്രകാരം ഡെന്മാര്ക്കില് ഖുര്‍ആന്‍ പരസ്യമായി കത്തിക്കുന്നത് പിഴ ഈടാക്കുകയോ രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുകയോ ചെയ്യാവുന്ന കുറ്റമാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ഡെന്മാര്ക്ക് ആലോചിക്കുന്നത്. ആഴ്ചകള്‍ക്കിടെ വിദേശരാജ്യങ്ങളുടെ എംബസികള്‍ക്ക് മുന്നില്‍വെച്ച് ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിച്ച 170-ലേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ലോകത്തിന് ഒരു സന്ദേശം നല്‍കേണ്ടതായുണ്ട് എന്നാണ് മന്ത്രിമാര്‍ അന്ന് ഇതേക്കുറിച്ച് പറഞ്ഞത്.
മതങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തെ നിയമം ഒരുതരത്തിലും ബാധിക്കില്ലെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സണ്‍ പറഞ്ഞു. ഖുര്‍ആന്‍ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള മതവിമര്‍ശനങ്ങളെ നിയന്ത്രിക്കുന്നത് പോരാടി നേടിയ സ്വാതന്ത്ര്യത്തെ ദുര്ബലപ്പെടുത്തുന്നതാണെന്നാണ് നിയമത്തെ എതിര്‍ക്കുന്നവരുടെ വാദം.
സ്വീഡനും സമാനമായ നിയമം പാസാക്കുന്ന കാര്യം പരിഗണിക്കുകയാണ്. ഖുര്‍ആന്‍ കത്തിച്ചുകൊണ്ടുള്ള നിരവധി ഇസ്ലാം വിരുദ്ധ പ്രതിഷേധങ്ങള്‍ ഈ വര്‍ഷം സ്വീഡനില്‍ നടന്നിരുന്നു. സ്വീഡനും ഡെന്മാര്ക്കും മതനിന്ദ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ റദ്ദാക്കിയ രാജ്യങ്ങളാണ്.
Content Highlights: Denmark passes law to ban burning Quran in public.
Published: 08 Dec 2023, 09:15 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented